2013-04-20 13:46:55

ക്രിസ്തുവുമായുള്ള കൂടിക്കാഴ്ച്ച ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പ്രബോധനത്തിന്‍റെ കേന്ദ്രമെന്ന് ബിഷപ്പ് സെമെറാറോ


19 ഏപ്രില്‍ 2013, കാസില്‍ ഗണ്‍ഗോള്‍ഫോ
ക്രിസ്തുവുമായുള്ള കൂടിക്കാഴ്ച്ച ബെനഡിക്ട് പതിനാറമന്‍ മാര്‍പാപ്പയുടെ പ്രബോധനത്തിന്‍റെ കേന്ദ്രമെന്ന് അല്‍ബാനോ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ച്ചെല്ലോ സെമെറാറോ. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പിന്‍റെ എട്ടാം വാര്‍ഷിക വേളയില്‍ വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്. കര്‍ദിനാള്‍ റാറ്റ്സിംങ്ങര്‍ 2005 ഏപ്രില്‍ 19നാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. കര്‍ത്താവിന്‍റെ തോട്ടത്തിലെ എളിയ ദാസന്‍ എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് പത്രോസിന്‍റെ ശുശ്രൂഷ ഏറ്റെടുത്ത ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സര്‍വ്വശക്തിയോടും ഊര്‍ജ്ജസ്വലതയോടും ആ ദൗത്യം നിറവേറ്റാന്‍ കഠിനാദ്ധ്വാനം ചെയ്യുകയായിരുന്നുവെന്ന് ബിഷപ്പ് സെമറാറോ അഭിപ്രായപ്പെട്ടു. ജീവിതത്തിന്‍റെ അവസാനപാദത്തില്‍ ഒരു തീര്‍ത്ഥാടകനെന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. ഇപ്പോള്‍ ഒരു തീര്‍ത്ഥാടകനെപ്പോലെയാണ് അദ്ദേഹം തീര്‍ത്ഥാടകയായ സഭയോടൊത്ത് മുന്നേറുന്നതെന്നും ബിഷപ്പ് പറഞ്ഞു. പാപ്പായുടെ പ്രബോധനങ്ങളിലെ മുഖ്യപ്രമേയമായിരുന്നു ‘ക്രിസ്തുവുമായുള്ള കൂടിക്കാഴ്ച്ച’യെന്നും അദ്ദേഹം അനുസ്മരിച്ചു.
മുന്‍ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ വിശ്രമ ജീവിതം നയിക്കുന്ന കാസില്‍ഗണ്‍ഡോള്‍ഫോ അല്‍ബാനോ രൂപതയുടെ ഭാഗമാണ്.








All the contents on this site are copyrighted ©.