19ഏപ്രില്‍ 2013, വത്തിക്കാന്‍ വത്തിക്കാന്‍ വാര്‍ത്താകാര്യാലയത്തിന്‍റെ മേധാവി ഫാ.ഫെദറിക്കോ
ലൊംബാര്‍ദിയ്ക്ക് ഈ വര്‍ഷത്തെ മികച്ച ആശയവിനിമയ വിദഗ്ദനുള്ള പുരസ്ക്കാരം. പ്രമുഖ ജര്‍മന്‍
അന്താരാഷ്ട്ര സാമ്പത്തിക സേവനദാതാക്കളായ അലിയന്‍സാണ്(Allianz) ഈ പുരസ്ക്കാരം നല്‍കി ഫാ.ലൊംബാര്‍ദിയെ
ആദരിച്ചത്. കമ്പനിയുടെ സാമൂഹ്യ സമ്പര്‍ക്ക വിഭാഗം മേധാവികളും മാധ്യമ വിദഗ്ദരും ആനുകാലിക
ആഗോള മാധ്യമപ്രവര്‍ത്തന രംഗത്തെ വിശദമായി വിലയിരുത്തിക്കൊണ്ടാണ് ഈ വര്‍ഷത്തെ മികച്ച ആശയവിനിമയ
വിദഗ്ദനായി വത്തിക്കാന്‍ വാര്‍ത്താ കാര്യാലയത്തിന്‍റേയും വത്തിക്കാന്‍ റേഡിയോയുടേയും
മേധാവിയായ ഈശോ സഭാ വൈദികന്‍ ഫാ.ഫെദറിക്കോ ലൊംബാര്‍ദിയെ തിരഞ്ഞെടുത്തത്. സ്വന്തം പേരിനോ
പ്രശസ്തിക്കോ പ്രാധാന്യം നല്‍കാതെ പരിശുദ്ധ സിംഹാസനത്തെ സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷമതയോടേയും
വ്യക്തതയോടെയും ആത്മാര്‍ത്ഥമായി കൈകാര്യം ചെയ്തതാണ് അദ്ദേഹത്തെ ഈ പുരസ്ക്കാരത്തിനര്‍ഹനാക്കിയതെന്ന്
പുരസ്ക്കാര നിര്‍ണ്ണയ സമിതി വെളിപ്പെടുത്തി. വാര്‍ത്ത നല്‍കുന്നവരേയും അത് സ്വീകരിക്കുന്നവരേയും
ഒരു പോലെ സഹായിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും സമിതി അഭിപ്രായപ്പെട്ടു.
ഏപ്രില്‍ 18ന് രാവിലെ റോമില്‍ നടന്ന പുരസ്ക്കാര ദാന ചടങ്ങില്‍ വച്ച് ഫാ.ലൊംബാര്‍ദി പുരസ്ക്കാരമേറ്റുവാങ്ങി.