2013-04-19 16:33:02

എക്വഡോര്‍ പ്രസിഡന്‍റ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു


19ഏപ്രില്‍ 2013, വത്തിക്കാന്‍
എക്വഡോര്‍ പ്രസിഡന്‍റ് റാഫേല്‍ വിന്‍സെന്തെ കൊറെയ ഡെല്‍ഗാദോ വത്തിക്കാനിലെത്തി മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ഏപ്രില്‍ 19ന് രാവിലെ അപ്പസ്തോലിക അരമനയില്‍ വച്ച് മാര്‍പാപ്പ പ്രസിഡന്‍റ് കൊറയയുമായി കൂടിക്കാഴ്ച്ച നടത്തി. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയെ തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ, വിദേശബന്ധ കാര്യാലയത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡൊമെനിക് മെംബേര്‍ത്തി എന്നിവരുമായും പ്രസിഡന്‍റും സംഘവും കൂടിക്കാഴ്ച്ച നടത്തി.
കത്തോലിക്കാ സഭ എക്വദോറിന്‍റെ വിവിധ സാമൂഹ്യ തലങ്ങളില്‍ നല്‍കുന്ന സമഗ്രസംഭാവനകളെക്കുറിച്ച് കൂടിക്കാഴ്ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടു. അടിസ്ഥാന സാമൂഹ്യ വെല്ലുവിളികള്‍ നേരിടുന്നതിന് സഭയുടേയും രാഷ്ട്രത്തിന്‍റേയും ആത്‍മാര്‍ത്ഥവും നിരന്തരവുമായ സഹകരണത്തിന്‍റെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ചയില്‍ സൂചിപ്പിക്കപ്പെടുവെന്ന് വത്തിക്കാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.
സാമൂഹ്യ നീതിയിലും ഐക്യദാര്‍ഡ്യത്തിനും ഉന്നല്‍ നല്‍കിക്കൊണ്ടുള്ള പൊതുക്ഷേമ പദ്ധതികളുടെ പ്രാധാന്യത്തേയും സാമൂഹ്യക്രമത്തിലെ കീഴ്ഘടകങ്ങളുടെ ശാക്തീകരണത്തെക്കുറിച്ചും ചര്‍ച്ച ചെയ്യപ്പെട്ടുവെന്നും വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.

എക്വഡോര്‍ പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ച്ചയെ തുടര്‍ന്ന് ലെബനോണിലെ സീറോ അന്ത്യോക്യന്‍ പാത്രിയാര്‍ക്കീസ് ഇഗ്നേഷ്യസ് യൂസിഫ് മൂന്നാമന്‍ യൗനാനുമായും മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തി.








All the contents on this site are copyrighted ©.