2013-04-16 17:04:27

ബോസ്റ്റണ്‍ സ്ഫോടനത്തില്‍ മാര്‍പാപ്പയുടെ അനുശോചനം


16 ഏപ്രില്‍ 2013, വത്തിക്കാന്‍
ബോസ്റ്റണ്‍ ബോംബു സ്ഫോടനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി. സ്ഫോടനത്തിനിരയായവരുടെ വേദനയില്‍ പങ്കുചേര്‍ന്ന മാര്‍പാപ്പ അവര്‍ക്ക് തന്‍റെ ആത്മീയ സാമീപ്യവും പ്രാര്‍ത്ഥനയും ഉറപ്പു നല്‍കി. മരണമടഞ്ഞവര്‍ക്ക് നിത്യവിശ്രാന്തി ലഭിക്കാന്‍ പ്രാര്‍ത്ഥിച്ച പാപ്പ പരിക്കേറ്റവര്‍ക്ക് ദൈവത്തിന്‍റെ സമാശ്വാസവും സാന്ത്വനവും നേര്‍ന്നു. രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് വേണ്ട ആത്മധൈര്യവും കരുത്തും ദൈവം നല്‍കട്ടേയെന്നും പാപ്പ പ്രാര്‍ത്ഥിച്ചു. തിന്‍മയെ തിന്‍മകൊണ്ടല്ല, നന്‍മകൊണ്ടാണ് നേരിടേണ്ടതെന്ന് ബോസ്റ്റണ്‍ നിവാസികളെ ഓര്‍മ്മിപ്പിച്ച പാപ്പ സ്വതന്ത്രവും സുരക്ഷിതവും നീതിയുക്തവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ അവര്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെയാണ് ബോസ്റ്റണ്‍ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ഷോണ്‍ ഓമാലിയ്ക്ക് മാര്‍പാപ്പയുടെ അനുശോചന സന്ദേശമയച്ചത്.








All the contents on this site are copyrighted ©.