2013-04-16 17:04:08

ബെനഡിക്ട് പതിനാറാമന് ഫ്രാന്‍സിസ് മാര്‍പാപ്പ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു


16 ഏപ്രില്‍ 2013, വത്തിക്കാന്‍
എണ്‍പത്തിയാറാം പിറന്നാള്‍ ആഘോഷിക്കുന്ന മുന്‍ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രാര്‍ത്ഥനാശംസകള്‍. മുന്‍ പാപ്പായുടെ പിറന്നാള്‍ ദിനമായ ഏപ്രില്‍ 16ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനിലെ സാന്താമാര്‍ത്താ മന്ദിരത്തിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിയുടെ പ്രാരംഭ ഭാഗത്ത് ബെനഡിക്ട് പതിനാറാമനെ അനുസ്മരിക്കുകയും അദ്ദേഹത്തിന് കര്‍ത്താവിന്‍റെ സാമീപ്യവും സാന്ത്വനവും ലഭിക്കുന്നതിനുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്തു. ദിവ്യബലിയ്ക്കു ശേഷം ബെനഡിക്ട് പതിനാറാമനുമായി ഫോണില്‍ സംസാരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുവെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ലൊംബാര്‍ദി അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാസില്‍ ഗണ്‍ഡോള്‍ഫോയില്‍ കഴിയുന്ന സഹോദരന്‍ മോണ്‍. ജോര്‍ജ്ജ് റാറ്റ്സിംങ്ങറോടൊത്താണ് മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്‍ പിറന്നാള്‍ ആഘോഷിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയെപ്പോലെ വിശുദ്ധ ഗീവര്‍ഗീസിന്‍റെ തിരുന്നാള്‍ ദിനമായ ഏപ്രില്‍ 23ന് നാമഹേതുകതിരുന്നാള്‍ ആഘോഷിക്കുന്ന മോണ്‍.ജോര്‍ജ്ജിനും ഫ്രാന്‍സിസ് മാര്‍പാപ്പ ആശംസകള്‍ നേര്‍ന്നുവെന്ന് ഫാ.ലൊംബാര്‍ദി അറിയിച്ചു.








All the contents on this site are copyrighted ©.