2013-04-16 17:04:17

ഫ്രാന്‍സിസ് മാര്‍പാപ്പ സ്പാനിഷ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി


16 ഏപ്രില്‍ 2013, വത്തിക്കാന്‍
വിവാഹം, കുടുംബം എന്നീ സാമൂഹ്യ വ്യവസ്ഥകളെക്കുറിച്ചും മതപരീശീലനത്തെക്കുറിച്ചും ഫ്രാന്‍സിസ് മാര്‍പാപ്പ സ്പാനിഷ് പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തു. ഏപ്രില്‍ 15ാം തിയതി തിങ്കളാഴ്ചയാണ് സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റാഹോയ് ബ്രെയി മാര്‍പാപ്പയെ സന്ദര്‍ശിക്കാന്‍ വത്തിക്കാനിലെത്തിയത്. തിങ്കളാഴ്ച രാവിലെ അപ്പസ്തോലിക അരമനയില്‍ വച്ചായിരുന്നു പ്രധാനമന്ത്രിയുമായി മാര്‍പാപ്പയുടെ കൂടിക്കാഴ്ച്ച. സ്പെയിനിലെ
സാമൂഹിക, ധാര്‍മ്മിക, രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രി റാഹോയ് മാര്‍പാപ്പയോട് സംസാരിച്ചുവെന്ന് വത്തിക്കാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി. സ്പെയിന്‍ നേരിടുന്ന സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചും, തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ കുടുംബങ്ങളും യുവജനങ്ങളും അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെക്കുറിച്ചും മാര്‍പാപ്പ പ്രധാനമന്ത്രിയോട് ചോദിച്ചറിഞ്ഞു. സാമൂഹ്യസ്ഥിതി മെച്ചപ്പെടുത്താന്‍ കാരിത്താസ്‍ പോലെയുള്ള കത്തോലിക്കാ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കൂടിക്കാഴ്ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടു. സ്പെയിനിന്‍റെ ആനുകാലിക രാഷ്ട്രീയ സ്ഥിതിയെക്കുറിച്ച് സംസാരിക്കവേ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടേയും ഐക്യവും സഹകരണവും ഉറപ്പുവരുത്തുന്നതും ധാര്‍മ്മിക മൂല്യങ്ങളില്‍ അധിഷ്ഠിതമായതുമായ പൊതുക്ഷേമ നടപടികള്‍ നീതിപൂര്‍വ്വം പ്രാവര്‍ത്തികമാക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും പാപ്പ സൂചിപ്പിച്ചു.
പരിശുദ്ധ സിംഹാസനവും സ്പെയിനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും സഭയും രാഷ്ട്രവും ഒരുപോലെ പ്രാധാന്യം നല്‍കുന്ന വിഷയങ്ങളെക്കുറിച്ചും തദവസരത്തില്‍ പരാമര്‍ശിക്കപ്പെട്ടു. അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും മാര്‍പാപ്പ റാഹോയുമായി ചര്‍ച്ച ചെയ്തുവെന്ന് വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.









All the contents on this site are copyrighted ©.