2013-04-12 15:36:16

മൊസാമ്പിക്ക് പ്രസിഡന്‍റ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു


12 ഏപ്രില്‍ 2013, വത്തിക്കാന്‍
തെക്കു കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിന്‍റെ പ്രധാന മന്ത്രി ആല്‍ബെര്‍ട്ട് ക്ലമന്‍റ് വാക്വിന വത്തിക്കാനിലെത്തി മാര്‍പാപ്പയെ സന്ദര്‍ശിച്ചു. വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിക്ക് ആല്‍ബെര്‍ട്ട് ക്ലമന്‍റ് വാക്വിനയും സംഘവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പിലും സ്ഥാനാരോഹണത്തിലും മൊസാംബിക്കന്‍ ജനതയ്ക്കുള്ള സന്തോഷവും അവരുടെ സ്നേഹാശംസകളും പ്രധാനമന്ത്രി മാര്‍പാപ്പയെ അറിയിച്ചു.

മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയെ തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ, വിദേശബന്ധ കാര്യാലയത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡൊമെനിക് മെംബേര്‍ത്തി എന്നിവരെയും പ്രധാന മന്ത്രിയും സംഘവും സന്ദര്‍ശിച്ചു.
മൊസാംബിക്കും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള ഊഷ്മളമായ ഉഭയകക്ഷിബന്ധത്തെക്കുറിച്ച് കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചചെയ്യപ്പെട്ടുവെന്ന് പരിശുദ്ധസിംഹാസനം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി. 2011 ഡിസംബര്‍ 7നാണ് മൊസാബിയയും പരിശുദ്ധ സിംഹാസനവും തമ്മിലുളള ഉഭയ കക്ഷി ഉടമ്പടിയില്‍ ഒപ്പുവയ്ക്കപ്പെട്ടത്. 2012ല്‍ ഉടമ്പടി പ്രാബല്യത്തില്‍ വന്നു.
മൊസാബിക്ക് സര്‍ക്കാരും കത്തോലിക്കാ സഭയും തമ്മില്‍ കൂടുതല്‍ സഹകരണത്തിനുള്ള സാധ്യതകളെക്കുറിച്ച് ഇരുകൂട്ടരും സംസാരിച്ചു. കത്തോലിക്കാ സഭ മൊസാംബിക്കിന്‍റെ ദേശീയ വികസനത്തിനു നല്‍കുന്ന സമഗ്രസംഭാവനകളെക്കുറിച്ചും കൂടിക്കാഴ്ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടു. ആഫ്രിക്കന്‍ രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന ആനുകാലിക പ്രതിസന്ധികളേയും പ്രശ്നങ്ങളേയുംകുറിച്ചും കൂടിക്കാഴ്ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടുവെന്ന് വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.

മൊസാംബിക്ക് പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ച്ചയ്ക്കുശഷം ആദ് ലിമിന സന്ദര്‍ശനത്തിനെത്തിയ ഇറ്റാലിയന്‍ മെത്രാന്‍മാരുമായും തുടര്‍ന്ന് അമേരിക്കയില്‍നിന്നും കര്‍ദ്ദിനാള്‍ വില്യം വേളിന്‍റെ നേതൃത്വത്തിലെത്തിയ പേപ്പല്‍ ഫൗണ്ടേഷന്‍ പ്രതിനിധികളുമായും ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തി.








All the contents on this site are copyrighted ©.