2013-04-12 15:35:59

പണമോ അധികാരമോ അല്ല, ദൈവസ്നേഹമാണ് നമുക്ക് രക്ഷ പ്രദാനം ചെയ്യുന്നത്: ഫ്രാന്‍സിസ് മാര്‍പാപ്പ


12 ഏപ്രില്‍ 2013, വത്തിക്കാന്‍
തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ലോകത്തെ അത്രമാത്രം സ്നേഹിച്ച ദൈവത്തിന്‍റെ സ്നേഹമാണ് നമുക്ക് രക്ഷ പ്രദാനം ചെയ്യുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഏപ്രില്‍ 10ന് വത്തിക്കാനിലെ സാന്താമാര്‍ത്താ മന്ദിരത്തില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പ. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് നിര്‍മ്മാണ ശാലയിലെ ജീവനക്കാരും ഇറ്റാലിയന്‍ ആഭ്യന്തര കാര്യ മന്ത്രി അന്ന മരിയ കാന്‍ചെലിയേരിയും കുടുംബവും ദിവ്യബലിയില്‍ സംബന്ധിച്ചു.
ഒരു കത്തെഴുതിക്കൊണ്ടോ പ്രഖ്യാപനം നടത്തിക്കൊണ്ടോ അല്ല, തന്‍റെ സ്നേഹം വഴിയാണ് ദൈവം നമുക്ക് രക്ഷ പ്രദാനം ചെയ്തതെന്ന് മാര്‍പാപ്പ പ്രഭാഷണത്തില്‍ പറഞ്ഞു. ദൈവം മനുഷ്യാവതാരത്തിലൂടെ നമ്മുടെ മധ്യേ ഇറങ്ങിവന്ന് നമുക്കൊപ്പം ജീവിച്ചുകൊണ്ടാണ് നമ്മെ വീണ്ടെടുത്തത്. പാപം മൂലം നഷ്ടമായ ദൈവമക്കളെന്ന സ്ഥാനം അതുവഴി നമുക്ക് തിരികെ ലഭിച്ചു. അവിടുന്ന് നമുക്ക് പ്രത്യാശയേകി. ദൈവവുമായുള്ള സുനിശ്ചിതമായ കൂടിക്കാഴ്ച്ചവരെ രക്ഷയുടെ ഈ പാതയിലൂടെ നാം സഞ്ചരിക്കേണ്ടിയിരിക്കുന്നു. ദൈവ സ്നേഹത്താല്‍ രക്ഷിക്കപ്പെട്ടവരാണ് നാമെങ്കിലും ആ സ്നേഹത്തെ തിരസ്ക്കരിച്ച് സ്വയം രക്ഷപ്രാപിക്കാന്‍ സാധിക്കുമെന്ന് നാം ചിന്തിച്ചുപോയേക്കാമെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. മൂഡനായ ധനികനെപ്പോലെ പണവും അധികാരവും നല്‍കുന്ന സുരക്ഷിത്വത്തില്‍ അഭയം കണ്ടെത്താനുള്ള പ്രലോഭനം നമുക്കുണ്ടായേക്കാം. “ഭോഷാ, ഈ രാത്രി നിന്‍റെ ആത്മാവിനെ നിന്നില്‍ നിന്ന് ആവശ്യപ്പെടും. അപ്പോള്‍ നീ ഒരുക്കിവച്ചിരിക്കുന്നതെല്ലാം വ്യര്‍ത്ഥമാവില്ലേ?” എന്ന് ക്രിസ്തു ഭോഷനായ ആ ധനികനോടു പറഞ്ഞതുപോലെ, നാം സ്വയ രക്ഷയ്ക്കായി നടത്തുന്ന ഭൗതിക നേട്ടങ്ങള്‍ നമ്മുടെ രക്ഷയ്ക്ക് ഉതകുകയില്ലെന്ന് മാര്‍പാപ്പ വിശദീകരിച്ചു. നമുക്ക് രക്ഷ പ്രദാനം ചെയ്ത ദൈവ സ്നേഹത്തില്‍ വിശ്വസിച്ചുകൊണ്ട് ആ സ്നേഹത്തോട് പ്രത്യുത്തരിക്കുകയാണ് നാം ചെയ്യേണ്ടത്. ദൈവസ്നേഹത്തിനു മാത്രമേ ദൈവമക്കളെന്ന അന്തസ്സും യഥാര്‍ത്ഥ പ്രത്യാശയും പ്രദാനം ചെയ്യാന്‍ സാധിക്കൂവെന്ന് മാര്‍പാപ്പ ഉത്ബോധിപ്പിച്ചു. സ്നേഹത്തില്‍ വിശ്വസിക്കുന്നത് അതിമനോഹരമായ അനുഭവമാണെന്നും. നമ്മുടെ ജീവിതത്തെ സംബന്ധിച്ച സത്യമാണതെന്നും മാര്‍പാപ്പ വിശദീകരിച്ചു. നമ്മുടെ ഹൃദയം ദൈവസ്നേഹത്താല്‍ നിറയാനും ആ സ്നേഹം മറ്റുള്ളവരോടു പങ്കുവയ്ക്കാനും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഏവരേയും ക്ഷണിച്ചുകൊണ്ടാണ് പാപ്പ തന്‍റെ വാക്കുകള്‍ ഉപസംഹരിച്ചത്.









All the contents on this site are copyrighted ©.