2013-04-11 18:22:49

ഹൊറേബില്‍ കര്‍ത്താവു നല്കിയ ജലം
ജീവന്‍റെ കുളിര്‍ ജലം (33)


ദൈവിക സാന്നിദ്ധ്യത്തിന്‍റെയും പരിപാലനയുടെയും നിത്യനൂതന പ്രതീകമായി മാറുന്നു. പുതിയ നിയമത്തില്‍ ജീവന്‍റെ അപ്പവും മന്നയും പരിശുദ്ധ ദിവ്യാകാരുണ്യമാണ്. സ്വര്‍ഗ്ഗത്തില്‍നിന്നുമിറങ്ങിയ ജീവന്‍റെ അപ്പം, ക്രിസ്തുവാണ്. പുറപ്പാടു സംഭവത്തില്‍ പരാമിര്‍ശിക്കുന്ന മരുഭൂമിയിലെ മന്നയുടെ സമൃദ്ധി നവഇസ്രായേലായ ദൈവജനത്തിന്‍റെ ഈ ഭൂമിയില്‍നിന്നും സ്വര്‍ഗ്ഗ സീയോനിലേയ്ക്കുള്ള പുറപ്പാടിന്‍റെ നാന്നിയാണെന്ന് നമുക്ക് മനസ്സിലാക്കാം.

മോശ ജനത്തോടു പറഞ്ഞു. “കര്‍ത്താവു തന്‍റെ ജനത്തിനു ഭക്ഷണമായി തന്നിരിക്കുന്ന അപ്പമാണ് മന്ന. ആകയാല്‍ അവിടുന്ന് കല്പിച്ചിരിക്കുന്നതു പ്രകാരം നിങ്ങള്‍ വര്‍ത്തിക്കണം. ഓരോരുത്തരും തന്‍റെ കൂടാരത്തില്‍ ഉള്ളവരുടെ എണ്ണമനുസരിച്ച് ആളൊന്നിന് ഒരളവുവീതം ശേഖരിക്കട്ടെ.”

ഇസ്രായേല്യര്‍ അപ്രകാരം ചെയ്തു. ചിലര്‍ കൂടുതലും, മറ്റുചിലര്‍ കുറവും ശേഖരിച്ചു. എന്നാല്‍ പിന്നീട് അളന്നു നോക്കിയപ്പോള്‍ എല്ലാവര്‍ക്കും ഒരേ അളവായിരുന്നു. കൂടുതല്‍ ശേഖരിച്ചവര്‍ക്ക് കൂടുതലോ, കുറവു ശേഖരിച്ചവര്‍ക്ക് കുറവോ കണ്ടില്ല. അത് അവരെ വീണ്ടും ആശ്ചര്യപ്പെടുത്തി. ഓരോരുത്തരും ശേഖരിച്ചത് അവരവര്‍ക്കു ഭക്ഷിക്കാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
മോശ അവരോടു പറഞ്ഞു. “ശേഖരിച്ചതില്‍ അല്പംപോലും പ്രഭാതത്തിലേയ്ക്കു നീക്കിവയ്ക്കരുത്.” എന്നാല്‍, ജനം മോശയെ അനുസരിച്ചില്ല. ചിലര്‍ അതില്‍നിന്നും ഒരു ഭാഗം എടുത്ത് പ്രഭാതത്തിലേയ്ക്കു മാറ്റിവച്ചു. എന്നാല്‍ അവ പുഴുത്തു മോശമായിപ്പോയി. മോശ അവരോടു കോപിച്ചു. പ്രഭാതംതോറും ഓരോരുത്തരും തങ്ങള്‍ക്കു ഭക്ഷിക്കാവുന്നിടത്തോളം മന്ന ശേഖരിച്ചു കൊണ്ടിരുന്നു. ബാക്കിയുള്ളത് സൂര്യന്‍ ഉദിച്ചുയരുമ്പോള്‍ ഉരുകിപ്പോയിരുന്നു.

ആറാം ദിവസമായപ്പോള്‍ ഒരാള്‍ക്ക് രണ്ട് അളവു വീതം ഇരട്ടിയായി അപ്പം അവര്‍ ശേഖരിച്ചു. നേതാക്കള്‍ വന്നു വിവരം മോശയെ അറയിച്ചു. അപ്പോള്‍ മോശ ജനത്തോടു പറഞ്ഞു. “കര്‍ത്താവിന്‍റെ കല്‍പ്പനയിതാണ്,
നാളെ പരിപൂര്‍ണ്ണ വിശ്രമത്തിന്‍റെ ദിവസമാണ് - കര്‍ത്താവിന്‍റെ വിശുദ്ധമായ സാബത്തുദിനം. വേണ്ടത്ര അപ്പം ഇന്നു ചുട്ടെടുക്കുവിന്‍. വേവിക്കേണ്ട്ത് വേവിക്കുവിന്‍. ബാക്കി വരുന്നത് അടുത്ത പ്രഭാതത്തിലേയ്ക്കു സൂക്ഷിക്കുവിന്‍.”
മോശ കല്പിച്ചചതുപോലെ, മിച്ചം വന്നത് അവര്‍ പ്രഭാതത്തിലേയ്ക്കു മാറ്റിവച്ചു. എന്നാല്‍ അത് ചീത്തയായിപ്പോയില്ല. അതില്‍ പുഴുക്കള്‍ ഉണ്ടായതുമില്ല. അപ്പോള്‍ മോശ പറഞ്ഞു.
“ഏഴാം ദിവസം കര്‍ത്താവിന്‍റെ വിശ്രമ ദിനമാകയാല്‍ നിങ്ങള്‍ അതു ഭക്ഷിച്ചുകൊള്ളുവിന്‍, പാളയത്തിനു വെളിയല്‍ സാബത്തുനാളില്‍ അപ്പം കാണുകയില്ല. ആറു ദിവസം നിങ്ങള്‍ അതു ശേഖരിക്കണം. ഏഴാം ദിവസം സാബത്താകയാല്‍ അതുണ്ടായിരിക്കുകയില്ല. അന്നു ജനം വിശ്രമിക്കട്ടെ!”

ഇപ്രകാരം കല്പന നല്കിയെങ്കിലും ഏഴാം ദിവസം ജനങ്ങളില്‍ ചിലര്‍ അപ്പം തേടി പുറത്തിറങ്ങി. എന്നാല്‍ ഒന്നും കണ്ടില്ല. അപ്പോള്‍ കര്‍ത്താവ് മോശയോടു ചോദിച്ചു. “നിങ്ങള്‍ എത്രനാള്‍ എന്‍റെ കല്‍പനകളും നിയമങ്ങളും പാലിക്കാതിരിക്കും?”
മോശ ജനത്തെ ഉടനെ ഇങ്ങനെ ശകാരിച്ചു.
“കര്‍ത്താവ് നിങ്ങള്‍ക്കു സാബത്തു നിശ്ചയിച്ചിരിക്കുന്നു. അതുകൊണ്ടാണ്, ആറാം ദിവസം അവിടുന്ന് രണ്ടു ദിവസത്തേയ്ക്കുള്ള അപ്പം നിങ്ങള്‍ക്കു തന്നത്. ഏഴാം ദിവസം ഓരോരുത്തരും അവരുടെ വസതിയില്‍തന്നെ കഴിയട്ടെ. ആരും പുറത്തുപോകരുത്.”
അതനുസരിച്ച് ഏഴാം ദിവസം ജനം വിശ്രമിച്ചു. 16, 30

കര്‍ത്താവ് ഇസ്രായേലിന് മരുഭൂമിയില്‍ നല്കിയ ‘മന്നാ’ വെളുത്തതും തേന്‍ ചേര്‍ത്ത അപ്പത്തിന്‍റെ രുചിയുള്ളതുമായിരുന്നു. മോശ പറഞ്ഞു. “കര്‍ത്താവിന്‍റെ കല്‍പന ഇതാണ്. ഈജിപ്തില്‍നിന്നു ഞാന്‍ നിങ്ങളെ കൂട്ടിക്കൊണ്ടുപോരുമ്പോള്‍ മരുഭൂമിയില്‍വച്ചു നിങ്ങള്‍ക്കു ഭക്ഷിക്കാന്‍ തന്ന അപ്പം നിങ്ങളുടെ പിന്‍ തലമുറകള്‍ കാണുന്നതിനുവേണ്ടി അതില്‍നിന്ന് ഒരളവ് എടുത്ത് സൂക്ഷിച്ചു വയ്ക്കുവിന്‍.”
അഹറോന്‍ അതു സാക്ഷൃപേടകത്തിനു മുന്‍പില്‍ സൂക്ഷിച്ചുവച്ചു. ഇസ്രായേല്‍ക്കാര്‍ മനുഷ്യവാസമുള്ള സ്ഥത്തെത്തുന്നതുവരെ നാല്‍പതു വര്‍ഷത്തേയ്ക്ക് മന്നാ ഭക്ഷിച്ചു. കാനാന്‍ ദേശത്തിന്‍റെ അതിര്‍ത്തിയിലെത്തുന്നതുവരെ അതുതന്നെയാണ് അവര്‍ ഭക്ഷിച്ചത്. 16, 36.
17, 1

ഇസ്രായേല്‍ സമൂഹം മുഴുവന്‍ സീന്‍ മുരഭൂമിയില്‍നിന്നു പുറപ്പെട്ടു കര്‍ത്താവിന്‍റെ നിര്‍ദ്ദേശമനുസരിച്ച് പടിപടിയായി യാത്രചെയ്ത് റഫിദീമില്‍ എത്തി പാളയമടിച്ചു. അവിടെ അവര്‍ക്കു കുടിക്കാന്‍ വെള്ളം കിട്ടിയില്ല. ജനം മോശയെ കുറ്റപ്പെടുത്തിക്കൊണ്ട് ആക്രോശിച്ചു, “ഞങ്ങള്‍ക്കു കുടിക്കാന്‍ വെള്ളം തരിക!” മോശ അവരോടു പറഞ്ഞു.
“നിങ്ങള്‍ എന്തിന് എന്നെ കുറ്റപ്പെടുത്തുന്നു? എന്തിനു കര്‍ത്താവിനെ പരീക്ഷിക്കുന്നു?”
ദാഹിച്ചു വലഞ്ഞ ജനം മോശയ്ക്കെതിരെ ആവലാതിപ്പെട്ടു. “നീ എന്തിനാണു ഞങ്ങളെ ഈജിപ്തില്‍നിന്നു പുറത്തേയ്ക്കു കൊണ്ടുവന്നത്? ഞങ്ങളും കുട്ടികളും കന്നുകാലികളും ദാഹിച്ചു ചാകട്ടെ, എന്നു കരുതിയാണോ?”
മോശ കര്‍ത്താവിനോടു നിലവിളിച്ചു പറഞ്ഞു.
“ദൈവമേ, ഈ ജനത്തോടു ഞാന്‍ എന്താണു ചെയ്യുക? ഏറെ താമസിയാതെ അവര്‍ എന്നെ കല്ലെറിയും.”
കര്‍ത്താവു മോശയോട് അരുളിച്ചെയ്തു.
“ഇസ്രായേല്‍ ശ്രേഷ്ഠന്മാരേയും കൂട്ടിക്കൊണ്ട് നീ ജനത്തിന്‍റെ മുന്‍പേ പോകുക. നദിയുടെമേല്‍ അടിക്കാന്‍ ഉപയോഗിച്ച വടിയും കൈയിലെടുത്തുകൊള്ളുക. ഇതാ, നിനക്കു മുന്‍പില്‍ ഹോറെബിലെ പാറമേല്‍ ഞാന്‍ നില്‍ക്കും. നീ ആ പാറയില്‍ അടിക്കണം. അപ്പോള്‍ അതില്‍നിന്നു ജനത്തിനു കുടിക്കാന്‍ വെള്ളം പൊട്ടിപ്പുറപ്പെടും.”

ഇസ്രായേല്‍ ശ്രേഷ്ഠന്മാരുടെ സാന്നിദ്ധ്യത്തില്‍ മോശ അങ്ങനെ ചെയ്തു. ദൈവം അവര്‍ക്ക് സമൃദ്ധമായി ജലംനല്കി. ഇസ്രായേല്‍ക്കാര്‍ അവിടെവച്ചു കലഹിച്ചതിനാലും ‘കര്‍ത്താവു ഞങ്ങളുടെ ഇടയില്‍ ഉണ്ടോ ഇല്ലയോ’ എന്നു ചോദിച്ചുകൊണ്ട് അവിടുത്തെ പരീക്ഷിച്ചതിനാലും മോശ ആ സ്ഥത്തിനു ‘മാസാ’ എന്നും ‘മെറീബാ’ എന്നും പേരിട്ടു.

അമലേക്യര്‍ റഹിദീമില്‍ വന്ന് ഇസ്രായേല്‍ക്കാരെ ആക്രമിച്ചു. അപ്പോള്‍ മോശ ജോഷ്വായോടു പറഞ്ഞു. “ജോഷ്വാ, ആളുകളെ തിരഞ്ഞെടുത്ത് അമലേക്യരുമായി യുദ്ധത്തിനു പുറപ്പെടുക. ഞാന്‍‍ നാളെ ദൈവതന്ന വടിയും കൈയിലെടുത്ത്, നിനക്കു മുന്‍പേ ഹൊറേബിലെ പാറമേല്‍നിന്നു പ്രാര്‍ത്ഥിക്കും.

അമലേക്യര്‍ റഹിദീമില്‍ വന്ന് ഇസ്രേല്‍ക്കാരെ ആക്രമിച്ചു. ജോഷ്വായുടെ നേതൃത്വത്തില്‍ ജനം അമലേക്യരുമായി യുദ്ധംചെയ്തു. മോശ പറഞ്ഞതനുസരിച്ച് ജോഷ്വാ യുദ്ധം ചെയ്തു. മോശ, അഹറോന്‍, ഹൂര്‍ എന്നിവര്‍ മലമുകളില്‍ കയറിനിന്നു പ്രാര്‍ത്ഥിച്ചു. മോശ കരങ്ങള്‍ ഉയര്‍ത്തി പിടിച്ചിരുന്നപ്പോഴെല്ലാം ഇസ്രായേല്‍ വിജയിച്ചുകൊണ്ടിരുന്നു. കരങ്ങള്‍ താഴ്ത്തിയപ്പോള്‍ അമലേക്യര്‍ക്കായിരുന്നു വിജയം.
മോശയുടെ കൈകള്‍ കുഴഞ്ഞു. അപ്പോള്‍ വിശ്രമിക്കാന്‍ അവര്‍ കല്ലു നീക്കിയിട്ടു കൊടുത്തു. മോശ അതിന്മേല്‍ ഇരുന്നു. അഹറോനും ഹൂറും അവന്‍റെ കൈകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇരുവശങ്ങളിലും നിന്നു.
സൂര്യാസ്തമയംവരെ കര്‍ത്താവിന്‍റെ സന്നിധിയലില്‍ തടര്‍ച്ചയായി നില്‍ക്കുവാന്‍ അവര്‍ മോശയെ സഹായിച്ചു. ജോഷ്വായും കൂട്ടരും അമലേക്കിനെയും അവന്‍റെ ആളുകളെയും വാളുകൊണ്ട് അരിഞ്ഞു വീഴ്ത്തി. കര്‍ത്താവു മോശയോട് അരുളിച്ചെയ്തു. “ഇതിന്‍റെ ഓര്‍മ്മ നിലനിര്‍ത്താനായി നീ ഇത് ഒരു പുസ്തക്ത്തിലെഴുതി, ജനത്തെ വായിച്ചു കേല്‍പ്പിക്കുക. ആകാശത്തിന്‍ കീഴില്‍നിന്ന് അമലേക്യരുടെ സ്മരണ ഞാന്‍ നിശ്ശേഷം മായിച്ചുകളയും. എന്‍റെ കൃപ ഈ ജനത്തിന്‍റെമേല്‍ ഉണ്ടാകും!”

മോശ അവിടെ ഒരു ബലിപീഠം നിര്‍മ്മിച്ച് അതിനു ‘യാഹ് വെനിസ്സി’ എന്നു പേരു നല്‍കി. എന്തെന്നാല്‍, അവന്‍ പറഞ്ഞു. കര്‍ത്താവിന്‍റെ പതാക കൈയ്യിലെടുക്കുവിന്‍. എങ്കില്‍ തലമുറതോറും കര്‍ത്താവ് തന്‍റെ ജനത്തിനുവേണ്ടി തിന്മയുടെ ശക്തികള്‍ക്കെതിരായി യുദ്ധം ചെയ്തുകൊണ്ടിരിക്കും.








All the contents on this site are copyrighted ©.