2013-04-11 18:32:27

ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം
സഭാ ദൗത്യമാണെന്ന് പാപ്പാ ഫ്രാന്‍സിസ്


11 ഏപ്രില്‍ 2013, വത്തിക്കാന്‍
മാനവകുലത്തിന്‍റെ ആത്മിയവും ഭൗതികവുമായ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം സഭാ ദൗത്യമാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. അമേരിക്കയില്‍നിന്നും കര്‍ദ്ദിനാള്‍ വില്യം വേളിന്‍റെ നേതൃത്വത്തിലെത്തിയ പേപ്പല്‍ ഫൗണ്ടേഷനെ ഏപ്രില്‍ 11-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു സംസാരിക്കവേയാണ് പാപ്പ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ജോണ്‍ 23-ാമന്‍ പാപ്പായുടെ ചരിത്രപ്രസിദ്ധമായി ‘pacem in terris,’ ‘ഭൂമിയില്‍ സമാധാനം’ എന്ന സാമൂഹ്യപ്രതിബദ്ധതയുള്ള ചാക്രികലേഖനം അതിന്‍റെ 50-ാം വാര്‍ഷികം ആഘോഷിക്കുന്ന സുദിനമാണിതെന്ന് പാപ്പാ ഫ്രാന്‍സിസ് ഫൗണ്ടേഷന്‍റെ അംഗങ്ങളെ അനുസ്മരിപ്പിച്ചു.

ഇന്നേദിവസം പേപ്പല്‍ ഫൗണ്ടേഷനിലെ അംഗങ്ങള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തുകൊണ്ട് നിങ്ങളുടെ 25-ാം വാര്‍ഷികം ആഘോഷിക്കുന്നത് അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും പാതിയില്‍ നമുക്ക് ഉണ്ടായിരിക്കേണ്ട പ്രതിബദ്ധത പ്രകടമാക്കുന്നുവെന്ന് പാപ്പാ പ്രസ്താവിച്ചു.
ദൈവത്തിന്‍റെ കരുണൃവും നവജീവനും വാഗ്ദാനംചെയ്യുന്ന നാളുകളാണ് ഈസ്റ്റര്‍. നാം സ്വീകരിച്ചിട്ടുള്ള ദൈവിക നന്മകള്‍കളില്‍നിന്ന് ഉതിരുന്ന സന്തോഷം പാവങ്ങളുമായി ഇനിയും പങ്കുവച്ചുകൊണ്ട് അവിടുത്തോടു പ്രതിനന്ദിയുള്ളവരായി നമുക്കു ജീവിക്കാംമെന്ന് പാപ്പ പ്രത്യാശിച്ചു.

വൈദികരുടെയും സന്നൃസ്തരുടെയും രൂപികരണത്തിനും, ഭവന നിര്‍മ്മാണത്തിനും, വൈദ്യസഹായത്തിനും, പാവങ്ങളെ തുണയ്ക്കുന്നതിനും, വിദ്യാഭ്യാസ പുരോഗതിക്കും,
തൊഴില്‍ പരിശീലനത്തിനുമായി നിങ്ങള്‍ ചെയ്യുന്ന നിര്‍ല്ലോഭമായ സഹായം നന്ദിയോടെ ഓര്‍ക്കുന്നു.
ഈ വിധം ഇനിയും നിങ്ങള്‍ പത്രോസിന്‍റെ പിന്‍ഗാമിയെ ഭൗതികമായും ആത്മീയമായും തുണയ്ക്കമെന്ന അഭ്യര്‍ത്ഥനയുമായിട്ടാണ് പാപ്പ തന്‍റെ വാക്കുകള്‍ ഉപസംഹരിച്ചത്.
sedoc








All the contents on this site are copyrighted ©.