2013-04-11 19:55:30

കര്‍ദ്ദിനാള്‍ ആന്‍റൊണേത്തി അന്തരിച്ചു
പാപ്പാ അനുശോചിച്ചു


11 ഏപ്രില്‍ 2013, വത്തിക്കാന്‍
കര്‍ദ്ദിനാള്‍ ലൊറേന്‍സോ ആന്‍റൊണേത്തി അന്തരിച്ചു, പാപ്പാ അനുശോചിച്ചു.

വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ ഏപ്രില്‍ 10-ാം തിയതി ബുധനാഴ്ച
91-ാമത്തെ വയസ്സിലാണ് ഇറ്റിലിക്കാരനായ കര്‍ദ്ദിനാള്‍ അന്‍റൊണേത്തി അന്തരിച്ചത്.
സഭാ സേവനത്തില്‍ കര്‍ദ്ദിനാള്‍ അന്‍റൊണേത്തി വിശ്വസ്തതയോടെ ചിലവൊഴിച്ച നാളുകള്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറേറിയേറ്റുവഴി അയച്ച സന്ദേശത്തില്‍ പാപ്പ നന്ദിയോടെ അനുസ്മരിച്ചു.

വത്തിക്കാന്‍റെ നയതന്ത്ര വിഭാഗത്തിലുള്ള, ഹോണ്ടൂരാസ്, നിക്കരാഗ്വേ, ആഫ്രിക്കന്‍ കോംഗോ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലേയ്ക്കുള്ള വത്തിക്കാന്‍റെ സ്ഥാനപതിയായിട്ടും, പിന്നീട് വത്തിക്കാന്‍റെ പൈതൃക കാര്യാലയത്തിന്‍റെ പ്രസിഡന്‍റ്, അസ്സീസിയിലെ വിശുദ്ധ ഫാന്‍സിസിന്‍റെയും റോമിലെ വിശുദ്ധ ആഗ്നസ്സിന്‍റെയും ബസിലിക്കകളുടെ അധികാരി എന്നീ നിലകളിലും കര്‍ദ്ദിനാള്‍ അന്‍റൊണേത്തി ചെയ്തിട്ടുള്ള സേവനങ്ങള്‍ നിസ്തുലമാണെന്ന് പാപ്പ സന്ദേശത്തില്‍ പരാമര്‍ശിച്ചു.

അന്തരിച്ച കര്‍ദ്ദിനാള്‍ അന്‍റൊണീത്തിന്‍റെ ബന്ധുമിത്രാദികളെ അനുശോചനം അറിയിച്ച പാപ്പാ, പ്രാര്‍ത്ഥന നേരുകയും, അപ്പോസ്തോലിക ആശിര്‍വ്വാദം നല്കുകയും ചെയ്തു. വടക്കെ ഇറ്റലിയിലെ റൊമഞ്ഞാനോ സാസ്സയില്‍ ജനിച്ചു വളര്‍ന്ന അദ്ദേഹം, നൊവാരാ രൂപതാ സെമിനാരിയില്‍ പഠിച്ച് 1945-ല്‍ പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ആഞ്ചെലിക്കും, ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റികളില്‍ കാനോന നിയമത്തില്‍ ഉന്നതബരുദം കരസ്ഥമാക്കിയ അദ്ദേഹം, വത്തിക്കാന്‍റെ നയതന്ത്രവിഭാഗത്തിലും പഠനം പൂര്‍ത്തിയാക്കിയാണ് സഭാകാര്യങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചത്.

1998-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് ആര്‍ച്ചുബിഷപ്പ് അന്‍റൊണീറ്റിനെ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തിയത്. അദ്ദേഹത്തിന്‍റെ ദേഹവിയോഗത്തോടെ കര്‍ദ്ദിനാള്‍ സംഘത്തിലെ എണ്ണം 205-ആയി കുറഞ്ഞിട്ടുണ്ടെന്നും വത്തിക്കാന്‍ പ്രസ്താവന വെളിപ്പെടുത്തി.








All the contents on this site are copyrighted ©.