2013-04-09 16:27:04

വിശ്വാസത്തെ സംബന്ധിച്ച സുവിശേഷഭാഗ്യം


(ഫ്രാന്‍സിസ് മാര്‍പാപ്പ ഏപ്രില്‍ 8ാം തിയതി ഞായറാഴ്ച നല്‍കിയ ത്രികാലപ്രാര്‍ത്ഥനാ സന്ദേശം.)
ഉത്ഥാനത്തിരുന്നാളിന്‍റെ എട്ടാമിടം ആഘോഷിച്ചുകൊണ്ട് ഈസ്റ്റര്‍ മഹോത്സവത്തിന് തിരശ്ശീല വീഴുകയാണ്. ഉത്ഥിതനായ ക്രിസ്തുവിന്‍റെ ‘സമാധാനം നിങ്ങളോടു കൂടെ’ (യോഹ. 20, 19,21,26) എന്ന വാക്കുകളിലൂടെ ഉത്ഥാന മഹോത്സവത്തിന്‍റെ ആശംസകള്‍ ഞാന്‍ നിങ്ങള്‍ക്കു നേരുന്നു. ‘സമാധാനം നിങ്ങളോടു കൂടെ’യെന്ന ക്രിസ്തുവിന്‍റെ വാക്കുകള്‍ വെറുമൊരു അഭിവാദ്യമല്ല. വെറും ആശംസയുമല്ലത്. ദൈവിക സമ്മാനമാണ് സമാധാനം. കുരിശുമരണത്തിലൂടേയും പാതാളത്തിലൂടേയും കടന്നുപോയതിനു ശേഷം ക്രിസ്തു തന്‍റെ ശിഷ്യര്‍ക്കു നല്‍കുന്ന അമൂല്യമായ സമ്മാനമാണത്. “ഞാന്‍ നിങ്ങള്‍ക്ക് സമാധാനം തന്നിട്ടു പോകുന്നു. എന്‍റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു നല്‍കുന്നു. ലോകം നല്‍കുന്നുപോലെയല്ല ഞാന്‍ നല്‍കുന്നത്” ...... (യോഹ. 14,27). തിന്‍മയ്ക്കുമേല്‍ വിജയം നേടിയ ദൈവ സ്നേഹത്തിന്‍റെ ഫലമാണ് ഈ സമാധാനം, ക്ഷമയുടെ ഫലം. ദൈവിക കാരുണ്യം അനുഭവിച്ചറിയുന്നതിലൂടേയാണ് ഹൃദയസമാധാനമെന്താണെന്ന് നാം തിരിച്ചറിയുന്നത്.

വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഉയിര്‍പ്പ് തിരുന്നാളിന്‍റെ എട്ടാമിടം ദൈവിക കാരുണ്യത്തിന്‍റെ തിരുന്നാളായി പ്രഖ്യാപിച്ചു. ദൈവിക കാരുണ്യത്തിന്‍റെ തിരുന്നാളാഘോഷത്തിനു തുടക്കം കുറിച്ച അദ്ദേഹം ദൈവിക കാരുണ്യത്തിരുന്നാളിന്‍റെ തലേനാള്‍ നിത്യവിശ്രാന്തി പുല്‍കിയതും ഈയവസരത്തില്‍ അനുസ്മരണീയമാണ്.

ഉത്ഥിതനായ ക്രിസ്തു രണ്ടു തവണ ശിഷ്യന്‍മാര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടുവെന്ന് സുവിശേഷകനായ വി.യോഹന്നാന്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഉത്ഥാനം ചെയ്ത അന്നു തന്നെയായിരുന്നു തന്‍റെ ശിഷ്യന്‍മാരെ ക്രിസ്തു ആദ്യം സന്ദര്‍ശിച്ചത്, അപ്പോള്‍ തോമാശ്ലീഹ അവര്‍ക്കൊപ്പമുണ്ടായിരുന്നില്ല. അതുകൊണ്ടാണ്, “അവന്‍റെ കൈകളില്‍ ആണികളുടെ പഴുതുകള്‍ കാണുകയും അവയില്‍ എന്‍റെ വിരല്‍ ഇടുകയും അവന്‍റെ പാര്‍ശ്വത്തില്‍ എന്‍റെ കൈ വയ്ക്കുകയും ചെയ്തതല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല.” എന്ന് തോമാശ്ലീഹ പറഞ്ഞത്. ഉത്ഥാനത്തിന്‍റെ എട്ടാം നാള്‍ ക്രിസ്തു വീണ്ടും ശിഷ്യന്‍മാര്‍ക്കു മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. ഇത്തവണ തോമാശ്ലീഹായും അവര്‍ക്കൊപ്പമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ തോമാസിനെ യേശു തന്‍റെ അടുത്തേക്ക് വിളിച്ച് തന്‍റെ മുറിവുകള്‍ കാണിച്ചുകൊണ്ട് അവയില്‍ സ്പര്‍ശിക്കുവാന്‍ അവനോടാവശ്യപ്പെട്ടു. ആശ്ചര്യചിത്തനായ തോമാശ്ലീഹായുടെ പ്രത്യുത്തരം “എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ” (യോഹ. 20,28). എന്നായിരുന്നു. അപ്പോള്‍ യേശു അവനോടു പറഞ്ഞു: “നീ എന്നെ കണ്ടതുകൊണ്ട് വിശ്വസിച്ചു. കാണാതെതന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍.” (യോഹ. 20,29).
കാണാതെ വിശ്വസിച്ചവര്‍ ആരാണ്? ഉത്ഥിതനായ ക്രിസ്തുവിനെ നേരിട്ടു കാണാന്‍ സാധിച്ചില്ലെങ്കിലും അപ്പസ്തോലന്മാരുടേയും സ്ത്രീകളുടേയും സാക്ഷൃത്തില്‍ വിശ്വസിച്ച ഇതര ശിഷ്യന്‍മാരും ജറുസലേമിലെ മറ്റനേകം സ്ത്രീ പുരുഷന്‍മാരും അക്കൂട്ടത്തില്‍ പെടുന്നു. വിശ്വാസത്തെ സംബന്ധിച്ച് നിര്‍ണ്ണായകമാണ് ‘കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍’എന്ന ക്രിസ്തുവിന്‍റെ പ്രസ്താവം; വിശ്വാസത്തിന്‍റെ സുവിശേഷഭാഗ്യമാണത്!

കാണാതെ വിശ്വസിച്ചവര്‍ എക്കാലത്തുമുണ്ട്. സഭ പ്രഘോഷിക്കുകയും ക്രൈസ്തവര്‍ സാക്ഷൃം നല്‍കുകയും ചെയ്യുന്ന ദൈവവചനത്തിലൂടെ അവര്‍ യേശു ക്രിസ്തുവില്‍ വിശ്വസിക്കുന്നു. അവതരിച്ച ദൈവ വചനമാണ് ക്രിസ്തുവെന്നും ദൈവിക കാരുണ്യത്തിന്‍റെ മനുഷ്യാവതാരമാണവിടുന്നെന്നും വിശ്വസിക്കുന്നവരാണവര്‍. നാമോരോരുത്തരെ സംബന്ധിച്ചും അത് വാസ്തവമാണല്ലോ!

ക്രിസ്തു തന്‍റെ സമാധാനത്തോടൊപ്പം പരിശുദ്ധാത്മാവിനേയും അപ്പസ്തോലന്‍മാര്‍ക്ക് നല്കി. അത്, അവര്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ ക്ഷമിക്കപ്പെടുന്നതിനുവേണ്ടിയായിരുന്നു. ദൈവത്തിനു മാത്രം നല്‍കാനാവുന്ന ക്ഷമയായിരുന്നു പുത്രനായ ദൈവം തന്‍റെ രക്തം വിലയായി നല്‍കി നേടിയ പാപമോചനം. സകല ജനത്തിന്‍റേയും പാപമോചനത്തിനായാണ് സഭ അയയ്ക്കപ്പെട്ടിരിക്കുന്നത്. ഈ ദൗത്യപൂര്‍ത്തീകരണത്തിലൂടെ സ്നേഹത്തിന്‍റെ രാജ്യം സ്ഥാപിതമാവുകയും മാനവ ഹൃദയങ്ങളില്‍ സമാധാനം പുലരുകയും അത് മനുഷ്യ ബന്ധങ്ങളിലും സ്ഥാപനങ്ങളിലും സമൂഹം മുഴുവനിലും വളര്‍ന്ന് വ്യാപിക്കുകയും ചെയ്യും. ഭയന്ന് കതകടച്ചിരിക്കുകയായിരുന്ന ശിഷ്യന്‍മാരുടെ ഹൃദയത്തില്‍ നിന്ന് ഭയത്തെ ഉന്‍മൂലനം ചെയ്ത് സുവിശേഷ പ്രഘോഷണത്തിനായി പുറത്തേക്കിറങ്ങാന്‍ അവര്‍ക്ക് ശക്തിപകര്‍ന്നത് പരിശുദ്ധാത്മാവാണ്.

അവരെപ്പോലെതന്നെ നാമും ഉത്ഥിതനായ ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസം സുധീരം പ്രഘോഷിക്കണം. ക്രൈസ്തവരായിരിക്കാനോ ക്രൈസ്തവ ജീവിതം നയിക്കുവാനോ നാം ഭയപ്പെടേണ്ടതില്ല. ഉത്ഥിനായ ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ അപ്പസ്തോലന്‍മാര്‍ക്ക് ലഭിച്ച അതേ ധൈര്യമാണ് നമുക്കും ഉണ്ടായിരിക്കേണ്ടത്. കാരണം ക്രിസ്തുവിലാണ് നമ്മുടെ സമാധാനം കുടികൊള്ളുന്നത്. ക്രിസ്തുവാണ് നമ്മുടെ സമാധാനം. തന്‍റെ സ്നേഹവും ക്ഷമയും രക്തവും കാരുണ്യവും വഴി അവിടുന്ന് സമാധാനം സ്ഥാപിച്ചിരിക്കുന്നു.

പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാധ്യസ്ഥം നമുക്കപേക്ഷിക്കാം. കര്‍ത്താവിന്‍റെ കരുണയില്‍ ആശ്രയിച്ചുകൊണ്ട് വിശ്വാസത്തിലും ഉപവിയിലും മുന്നേറുവാന്‍ പരിശുദ്ധ കന്യകാമറിയം ഈ മെത്രാനേയും വിശ്വാസസമൂഹത്തേയും ഒരുപോലെ സഹായിക്കട്ടെ. കര്‍ത്താവ് എല്ലായ്പ്പോഴും നമുക്കായി കാത്തിരിക്കുന്നു. അവിടുന്നു നമ്മെ സ്നേഹിക്കുന്നു, തന്‍റെ രക്തത്താല്‍ നമ്മെ പാപത്തില്‍ നിന്നു മോചിച്ച ക്രിസ്തു, ഓരോ തവണയും ക്ഷമ യാചിച്ച് നാം അവിടുത്തെ പക്കലണയുമ്പോള്‍ ക്ഷമാപൂര്‍വ്വം നമ്മെ സ്വീകരിക്കുന്നു. അവിടുത്തെ കരുണയില്‍ നമുക്ക് അഭയം തേടാം.








All the contents on this site are copyrighted ©.