2013-04-09 16:25:41

ബാന്‍ കി മൂണ്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു


09 ഏപ്രില്‍ 2013, വത്തിക്കാന്‍
യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ഏപ്രില്‍ 9ന് രാവിലെ 11നാണ് മാര്‍പാപ്പ ബാന്‍ കി മൂണുമായി കൂടിക്കാഴ്ച്ച നടത്തിയത്. മാര്‍പാപ്പയെ സന്ദര്‍ശിച്ച ശേഷം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ, അണ്ടര്‍ സെക്രട്ടറി മോണ്‍. ആന്‍റണി കമിലിയേരി എന്നിവരുമായും ബാന്‍ കി മൂണും സംഘവും കൂടിക്കാഴ്ച്ച നടത്തി.
മാര്‍പാപ്പമാര്‍ യു,എന്‍ സെക്രട്ടറിമാരുമായി കൂടിക്കാഴ്ച്ച നടത്തുന്ന കീഴ്വഴക്കത്തിന്‍റെ തുടര്‍ച്ചയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയും ബാന്‍ കി മൂണുമായുള്ള കൂടിക്കാഴ്ച്ച. ലോക സമാധാനം കാത്തുപാലിക്കാനും മാനവ കുടുംബത്തിന്‍റെ പൊതുനന്മയ്ക്കുവേണ്ടിയും അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിനും യു.എന്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് കത്തോലിക്കാ സഭ നല്‍കുന്ന അംഗീകാരത്തിന്‍റെ പ്രകടനമാണതെന്ന് വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.

മാര്‍പാപ്പയും ബാന്‍ കി മൂണും തമ്മില്‍ നടന്ന സൗഹൃദ സംഭാഷണത്തില്‍ യു.എന്നും പരിശുദ്ധ സിംഹാസനവും ഒരുപോലെ പ്രാധാന്യം നല്‍കുന്ന അന്താരാഷ്ട്ര വിഷയങ്ങള്‍ പരാമര്‍ശിക്കപ്പെട്ടു. സിറിയ, കൊറിയ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ അശാന്തിയും സംഘര്‍ഷവും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. മനുഷ്യക്കടത്തിനെക്കുറിച്ച്, പ്രത്യേകിച്ച് സ്ത്രീകളും അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും മനുഷ്യക്കടത്തിന് ഇരയാകുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. യു.എന്‍ സെക്രട്ടറി ജനറലായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ബാന്‍ കി മൂണ്‍ തന്‍റെ പഞ്ചവത്സര കര്‍മ്മ പദ്ധതികളെക്കുറിച്ച് മാര്‍പാപ്പയോട് വിശദീകരിച്ചു. സംഘര്‍ഷ നിവാരണം, അന്താരാഷ്ട്ര ഐക്യദാര്‍ഡ്യം, സമത്വപൂര്‍ണ്ണവും സുസ്ഥിരവുമായ വികസനം തുടങ്ങിയ കാര്യങ്ങള്‍ക്കാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം മാര്‍പാപ്പയോടു പറഞ്ഞു.
സഭയുടെ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ തനിമയെക്കുറിച്ചും മനുഷ്യാന്തസ് ആദരിക്കപ്പെടുന്നതിനുവേണ്ടി കത്തോലിക്കാ സഭ നടത്തുന്ന പരിശ്രമങ്ങളെക്കുറിച്ചും തദവസരത്തില്‍ അനുസ്മരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ സഭ വിഭാവനം ചെയ്യുന്ന ‘സമാഗമ’ സംസ്ക്കാരം യു,എന്നിന്‍റെ ആത്യന്തിക ലക്ഷൃ പ്രാപ്തിയ്ക്ക് സഹായകമാണെന്നും അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.