2013-04-06 11:52:37

മാര്‍പാപ്പയെ സന്ദര്‍ശിക്കാന്‍ വത്തിക്കാനിലെത്തുമെന്ന് കോപ്ടിക് പാത്രിയാര്‍ക്കീസ്


05 ഏപ്രില്‍ 2013, അലെക്സാന്‍ഡ്രിയ
റോമില്‍ വന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടെന്ന് അലക്സാന്‍ഡ്രിയായിലെ കോപ്ടിക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് തെവാദ്രോസ് രണ്ടാമന്‍. അറബ് ലോകത്തെ ഏറ്റവും വലിയ ക്രൈസ്തവ സമൂഹങ്ങളിലൊന്നായ കോപ്ടിക് ഓര്‍ത്തഡോക്സ് ക്രൈസ്തവരുടെ പരമാധ്യക്ഷനായ പാത്രിയാര്‍ക്കീസ് തെവാദ്രോസിന്‍റെ ഈ ആഗ്രഹത്തെക്കുറിച്ച് വാര്‍ത്ത പുറത്തുവിട്ടത് ഈജിപ്ഷ്യന്‍ പത്രങ്ങളാണ്. പാത്രിയാര്‍ക്കീസ് തെവാദ്രോസ് ഏപ്രില്‍ 3ന് വി.മാര്‍ക്കോസിന്‍റെ നാമധേയത്തിലുള്ള ഭദ്രാസന ദേവാലയം ഏറ്റെടുത്ത ചടങ്ങില്‍ ഈജിപ്തിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് ജീന്‍ പോള്‍ ഗോബെല്‍ സംബന്ധിച്ചിരുന്നു. വത്തിക്കാന്‍ സ്ഥാനപതിയുമായി നടത്തിയ സംഭാഷണത്തില്‍ കത്തോലിക്കാ സഭയുമായുള്ള സൗഹൃദവും സഹകരണവും അഭംഗുരം തുടരാന്‍ താന്‍ താല്‍പര്യപ്പെടുന്നതായി പാത്രിയാര്‍ക്കീസ് അറിയിച്ചുവെന്ന് ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. തെവാദ്രോസ് രണ്ടാമന്‍റെ മുന്‍ഗാമിയായ ഷെനുദ്വാ മൂന്നാമന്‍ നാല്‍പത് വര്‍ഷങ്ങള്‍ക്കു മുന്‍പ്, 1973ല്‍ വത്തിക്കാനിലെത്തി പോള്‍ ആറാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചിരുന്നു.








All the contents on this site are copyrighted ©.