2013-04-06 11:52:08

ഉത്തര കൊറിയന്‍ ഭീഷണി: യു,എന്‍ ആശങ്കയില്‍


05 ഏപ്രില്‍ 2013, ന്യൂയോര്‍ക്ക്
കൊറിയന്‍ പ്രവിശ്യയിലെ സംഘര്‍ഷാവസ്ഥയില്‍ ആശങ്കാകുലനാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. ഉത്തര കൊറിയയുടെ ആണവ ഭീഷണി അതീവ ഉത്കണ്ഠാജനകമാണ്. ഉത്തര കൊറിയ നടത്തുന്ന പ്രകോപനകരമായ പ്രസ്താവനകളെ അപലിച്ച യു.എന്‍ സെക്രട്ടറി ജനറല്‍ ആണവ ഭീഷണി ലാഘവത്തോടെ കാണേണ്ട കാര്യമല്ലെന്നും അതിന്‍റെ ഭവിഷത്തുകളെക്കുറിച്ച് ഉത്തര കൊറിയ ചിന്തിക്കണമെന്ന് താന്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിക്കുകയാണെന്നും പ്രസ്താവിച്ചു.

അതിനിടെ, ഉത്തരകൊറിയയുടെ ആണവഭീഷണിയെ നേരിടാന്‍ ശാന്തസമുദ്രമേഖലയില്‍ യു.എസ്. മിസൈല്‍ പ്രതിരോധസംവിധാനങ്ങള്‍ ശക്തിപ്പെടുത്തി. ആക്രമണമുണ്ടായാല്‍ ചെറുക്കാന്‍ പസഫിക്‌ മേഖലയിലെ ഗുവാമില്‍ മിസൈല്‍ പ്രതിരോധ സംവിധാനം വിന്യസിക്കുമെന്നു യു.എസ്‌. അറിയിച്ചതിനു പിന്നാലെ ഉത്തരകൊറിയ തങ്ങളുടെ മധ്യദൂര മിസൈലായ 'മുസുഡന്‍' രാജ്യത്തിന്റെ കിഴക്കന്‍തീരത്തേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്.
കടുത്ത ഭാഷ പ്രയോഗിച്ചെങ്കിലും അണ്വായുധ ആക്രമണത്തിനു ഉത്തരകൊറിയ തയാറാകില്ലെന്നാണു രാജ്യാന്തര നിരീക്ഷകരുടെ വിലയിരുത്തല്‍. രാജ്യത്തിന്‍റെ കിഴക്കന്‍ തീരത്തേക്ക്‌ ഉത്തരകൊറിയ മധ്യദൂര മിെസെലുകള്‍ നീക്കുന്നതു ശ്രദ്ധയില്‍പ്പെട്ടെങ്കിലും പൂര്‍ണതോതിലുള്ള യുദ്ധത്തിനു തയാറെടുക്കുന്നതിനു സൂചനകളില്ലെന്നും ദക്ഷിണകൊറിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആണ്വായുധ പരീക്ഷണത്തിന്റെ പേരില്‍ യു.എന്‍. ഉപരോധം പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച്‌ ദക്ഷിണകൊറിയക്കെതിരേ യുദ്ധഭീഷണിയുമായി ഉത്തരകൊറിയ എത്തിയതോടെയാണു മേഖലയില്‍ സംഘര്‍ഷാവസ്‌ഥ ഉടലടുത്തത്‌.
ദക്ഷിണകൊറിയയുമായുള്ള സൈനിക ആശയവിനിമയ ബന്ധം ഉത്തരകൊറിയ വിച്‌ഛേദിച്ചിരുന്നു. ഉത്തരകൊറിയയില്‍ പ്രവര്‍ത്തിക്കുന്ന സംയുക്‌ത വ്യവസായ പാര്‍ക്കിലേക്ക്‌ കഴിഞ്ഞ ദിവസം ദക്ഷിണകൊറിയക്കാര്‍ക്കു പ്രവേശനം നിഷേധിക്കുകയും ചെയ്‌തിരുന്നു.








All the contents on this site are copyrighted ©.