2013-04-05 15:33:50

സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് സംരക്ഷണമേകാന്‍ അയല്‍ രാജ്യങ്ങള്‍ ക്ലേശിക്കുന്നു


05 ഏപ്രില്‍ 2013, ഇസ്താംബൂള്‍
ആഭ്യന്തര യുദ്ധം രൂക്ഷമായിരിക്കുന്ന സിറിയിയല്‍ നിന്ന് പലായം ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനയെന്ന് കത്തോലിക്കാ ഉപവി സംഘടനയായ സി. ആര്‍. എസ് (Catholic Relief Services, CRS) വക്താവ് ജോസഫ് കെല്ലി. 2013 ജനുവരി മുതല്‍ സിറിയയില്‍ നിന്ന് പലായം ചെയ്യുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായെന്ന് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തി. തുര്‍ക്കിയിലെ അഭയാര്‍ത്ഥി ക്യാംപുകളില്‍ സേവനമനുഷ്ഠിക്കുന്ന ജോസഫ് കെല്ലി സിറിയയിലെ സ്ഥിതിഗതികള്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്നും അഭിപ്രായപ്പെട്ടു.
ദേശീയ സൈന്യവും വിമതരും നടത്തുന്ന ആക്രമണ പ്രത്യാക്രമണങ്ങള്‍ക്ക് ഒരവസാനമുണ്ടാകാത്തതില്‍ ഭയചകിതരായ സിറിയന്‍ പൗരന്‍മാര്‍ ജീവരക്ഷാര്‍ത്ഥം പലായനം ചെയ്യുന്നത് മുഖ്യമായും തുര്‍ക്കി, ലെബനോണ്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലേക്കാണ്. അഭയാര്‍ത്ഥികളെ സ്വീകരിച്ചിരിക്കുന്ന സമൂഹങ്ങള്‍ അവര്‍ക്ക് തങ്ങളാല്‍ സാധിക്കുന്ന സഹായങ്ങളെല്ലാം ചെയ്യുന്നുണ്ട്. എന്നാല്‍ അഭയാര്‍ത്ഥി പ്രവാഹത്തിലുണ്ടായ വര്‍ദ്ധനവ് ആതിഥേയ രാജ്യങ്ങളെയും പ്രതിസന്ധിയിലാക്കുകയാണെന്ന് കെല്ലി വെളിപ്പെടുത്തി. അക്രമങ്ങള്‍ അവസാനിച്ച ശേഷം മാതൃരാജ്യത്തേക്ക് മടങ്ങിപോകാന്‍ സാധിക്കുമെന്ന പ്രത്യാശയും പ്രാര്‍ത്ഥനയുമാണ് അഭയാര്‍ത്ഥികള്‍ക്ക് ആശ്വാസം പകരുന്നതെന്നും അദ്ദേഹം പറഞ്ഞു.








All the contents on this site are copyrighted ©.