2013-04-05 15:33:19

ക്രൈസ്തവജീവിതം ആനന്ദദായകം: മാര്‍പാപ്പ


05 ഏപ്രില്‍ 2013, വത്തിക്കാന്‍
ഉത്ഥിനായ ക്രിസ്തുവുമായുള്ള വ്യക്തിപരമായ കണ്ടുമുട്ടല്‍ നമുക്ക് യാഥാര്‍ത്ഥ ആനന്ദം പ്രദാനം ചെയ്യുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വ്യാഴാഴ്ച രാവിലെ സാന്താമാര്‍ത്താ മന്ദിരത്തിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമധ്യേ നല്കിയ വചന സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. വത്തിക്കാന്‍ മുദ്രണാലയത്തിലെ ജീവനക്കാരെയാണ് വ്യാഴാഴ്ച രാവിലെ തന്നോടൊപ്പം ദിവ്യബലിയില്‍ സംബന്ധിക്കാന്‍ മാര്‍പാപ്പ ക്ഷണിച്ചിരുന്നത്. സമൃദ്ധമായ ദൈവകൃപ നമുക്ക് കരഗതമാകുന്ന ആശ്ചര്യകരമായ അനുഭവമാണ് ക്രിസ്തുവുമായുള്ള കൂടിക്കാഴ്ച്ച. അത് നമ്മെ ആനന്ദത്താല്‍ നിറയ്ക്കുന്നു. ക്ഷണികമായ സന്തോഷമല്ലത്. ജീവിക്കുന്ന ക്രിസ്തുവിനെ കണ്ടുമുട്ടുക അസാധ്യമെന്നു കരുതുന്ന നമുക്ക് ദൈവകൃപയാല്‍ മാത്രമാണ് ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനും അനുഭവിച്ചറിയാനും സാധിക്കുന്നത്. ഒരു പക്ഷേ നമ്മുടെ രോഗവും ശാരീരിക - മാനസിക ബലഹീനതകളും മൂലം ഭൂത പ്രേതാദികളില്‍ നാം വിശ്വസിച്ചേക്കാമെങ്കിലും ജീവിക്കുന്ന ദൈവത്തിന്‍റെ അസ്തിത്വം അംഗീകരിക്കാന്‍ നമുക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടുന്നു. എന്നാല്‍ ദൈവം മാത്രമാണ് നമുക്ക് യാഥാര്‍ത്ഥ ആനന്ദം പ്രദാനം ചെയ്യുന്നത്. നാം അനുഭവിക്കുന്ന അനിതരസാധാരണമായ ആനന്ദത്തിന്‍റെ ഉറവിടം ദൈവമാണ്. കര്‍ത്താവ് നല്‍കുന്ന ഈ ആനന്ദമാണ് ക്രൈസ്തവ ജീവിതത്തിന്‍റെ രഹസ്യമെന്നും മാര്‍പാപ്പ വിശദീകരിച്ചു. ഈ ആനന്ദത്തിന്‍റെ തീവ്രതയില്‍ നിത്യം നിലനില്‍ക്കാന്‍ നമുക്ക് കഴിവില്ലെങ്കില്‍പോലും നമ്മുടെ ആത്മാവിനു ലഭിച്ച ആ ആത്മീയ സാന്ത്വനം, സമാധാനമായി നമ്മുടെ ഉള്ളില്‍ എന്നും കുടികൊള്ളും. ദൈവം നമുക്കു നല്‍കുന്ന ദാനമാണത്. ക്രിസ്തുവുമായുള്ള കൂടിക്കാഴ്ച്ചയിലൂടെ കരഗതമാകുന്ന ആത്മീയ സാന്ത്വനത്തിനും ഹൃദയ സമാധാനത്തിനും വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കാന്‍ മാര്‍പാപ്പ എല്ലാ സഭാംഗങ്ങളേയും ക്ഷണിച്ചു.









All the contents on this site are copyrighted ©.