2013-04-05 15:33:37

കര്‍ദിനാള്‍ ബെര്‍ഗോളിയോയുടെ കൃതികള്‍ വത്തിക്കാന്‍ പ്രസിദ്ധീകരിക്കുന്നു


05 ഏപ്രില്‍ 2013, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട അര്‍ജ്ജന്‍റീനയിലെ കര്‍ദിനാള്‍ ഹോര്‍ഗേ ബെര്‍ഗോളിയോയുടെ രണ്ട് കൃതികള്‍ വത്തിക്കാന്‍ പ്രസിദ്ധീകരണ ശാല (Libreria Editrice Vaticana,LEV) പ്രകാശനം ചെയ്യുന്നു. വിശ്വാസവര്‍ഷാചരണത്തോടനുബന്ധിച്ച് കര്‍ദിനാള്‍ ബെര്‍ഗോളിയോ പ്രസിദ്ധീകരിച്ച ഇടയലേഖനവും, 2010ല്‍ അര്‍ജ്ജന്‍റീനയിലെ കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ നടന്ന 13ാമത് ദേശീയ സാമൂഹ്യ ദിനാചരണത്തില്‍ കര്‍ദിനാള്‍ നല്‍കിയ വിചന്തനങ്ങളുമാണ് വത്തിക്കാന്‍ പുനര്‍ പ്രസിദ്ധീകരിക്കുന്നത്. “വിശ്വാസത്തിന്‍റെ പ്രവേശന കവാടത്തിലേക്ക്” (Varcare la soglia della fede) എന്ന ശീര്‍ഷകത്തോടെ പ്രസിദ്ധീകരിച്ചിരിക്കുന്ന വിശ്വാസവര്‍ഷാചരണ സന്ദേശം നവ സുവിശേഷവല്‍ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് റിനോ ഫിസിക്കേലയുടെ അവതാരികയോടെയാണ് പ്രസിദ്ധീകരിക്കുന്നത്. 2012 ഒക്ടോബര്‍ ഒന്നിനാണ് കര്‍ദിനാള്‍ ബെര്‍ഗോളിയോ ഈ സന്ദേശം അര്‍ജ്ജന്‍റീനയില്‍ ആദ്യം പ്രസിദ്ധീകരിച്ചത്.

അര്‍ജ്ജന്‍റീനയുടെ 200ാം സ്വാതന്ത്ര്യദിനാആഘോഷങ്ങളുടെ ഭാഗമായി 2010ല്‍ ബ്യൂനസ് എയിരസ് അതിരൂപതയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാമൂഹ്യദിനാചരണത്തില്‍ നല്‍കിയ വിചിന്തനം പ്രസിദ്ധീകരിക്കുന്നത് “രാഷ്ട്ര പൗരന്‍മാരും ഒരു ജനതയുമായ നമ്മള്‍, നീതിയിലും ഐക്യദാര്‍ഡ്യത്തിലുമൂന്നിയ രണ്ടാം ശതാബ്ദത്തിലേക്ക്” എന്ന ശീര്‍ഷകത്തിലാണ്. ഈ പ്രസിദ്ധീകരണത്തിന്‍റെ അവതാരിക നീതി സമാധാന കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ മോണ്‍. മാരിയോ തോസോയുടേതാണ്.









All the contents on this site are copyrighted ©.