2013-04-04 16:49:52

ഭദ്രാസന ദേവാലയത്തില്‍
പാപ്പാ ഫ്രാന്‍സിസ് ആരൂഢനാകും


4 ഏപ്രില്‍ 2013, വത്തിക്കാന്‍
ഭദ്രാസന ദേവാലയത്തില്‍ ദിവ്യബലിയര്‍പ്പിച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് റോമാ രൂപതുയുടെ മെത്രാന്‍ സ്ഥാനത്തേയ്ക്ക് ആരൂഢനാകുമെന്ന്, വത്തിക്കാന്‍റെ ആരാധനക്രമകാര്യങ്ങള്‍ക്കുള്ള സെക്രട്ടറി മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനി അറിച്ചു. ഏപ്രില്‍-മെയ് മാസങ്ങളിലെ പാപ്പാ ഫ്രാന്‍സിസിന്‍റെ ആരാധനക്രമ പരിപാടികള്‍ പ്രസിദ്ധീകരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഏപ്രില്‍ 7-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍നിന്നും ഏകദേശം 5 കിലോമീറ്റര്‍ അകലെയുള്ള ഭദ്രാസന ദേവാലയമായ സെന്‍റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ പ്രാദേശിക സമയം വൈകുന്നേരം 5.30 ദിവ്യബലിയര്‍പ്പിച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് റോമിന്‍റെ മെത്രാന്‍ സ്ഥാനത്തേയ്ക്ക് ഔദ്യോഗികമായി ആരുഢനാകും.

ഏപ്രില്‍ 14-ന് ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5.30-ന് റോമിന്‍ ചുവരിനു പുറത്തും, വത്തിക്കാനില്‍നിന്നും 8 കി.മീ. അകലെയുള്ളതുമായ പൗലോസ് ശ്ലീഹായുടെ ബസിലിക്കയില്‍ പാപ്പ ദിവ്യബലിയര്‍പ്പിക്കും. പൗലോസ്ലീഹ ശിരച്ഛേദനം ചെയ്യപ്പെട്ട് രക്തസാക്ഷിത്വം വരിച്ച സ്ഥാനത്തിന് സമീപത്തായിട്ടാണ് മനോഹരമായ ഈ പുരാതന ബസിലിക്ക നിലകൊള്ളുന്നത്.

ഏപ്രില്‍ 21-ാം തിയതി പ്രാദേശിക സമയം രാവിലെ 9.30-ന് വിശുദ്ധ പത്രോസിന്‍റെ വത്തിക്കാനിലുള്ള ബസിലിക്കയില്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ടുന്ന ദിവ്യബലിമദ്ധ്യേ
റോമാ രൂപതയിലെയും ലോകത്തിന്‍റെ ഇതര ഭാഗങ്ങളില്‍നിന്നുമായി റോമില്‍ പഠനം പൂര്‍ത്തിയാക്കിയ ഡീക്കാന്മാര്‍ക്ക് പാപ്പ പൗരോഹിത്യപട്ടം നല്കും.

ഏപ്രില്‍ 28-ാം തിയതി ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്ക് പാപ്പാ അര്‍പ്പിക്കുന്ന ദിവ്യബലിമദ്ധ്യേ റോമാ രൂപതയിലെ വിവിധ ഇടവകകളില്‍നിന്നും, സ്ഥാനപനങ്ങളില്‍നിന്നുമുള്ളവര്‍ക്ക് പാപ്പ സ്ഥൈര്യലേപനം നല്ക്കും. മെയ് മാസം 4-ാം തിയതി പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക് റോമാ പട്ടണത്തിന്‍റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ മേരി മേജര്‍ ബസിലിക്കയില്‍ പാപ്പാ ജനങ്ങള്‍ക്കൊപ്പം ജപമാലസമര്‍പ്പണത്തില്‍ പങ്കെടുത്ത്, ആശിര്‍വ്വാദ നല്ക്കും.

മെയ് 5-ാം തിയതി പ്രാദേശിക സമയം രാവിലെ 10 മണിക്ക് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ഇറ്റലിയിലെ വിവിധ രൂപതകളില്‍ പ്രവര്‍ത്തിക്കുന്ന le confraternite സാഹോദര്യകൂട്ടായ്മ എന്ന ഉപവി പ്രവര്‍ത്തന സംഘടനയിലെ അംഗങ്ങളോടും അവരുടെ കുടുംബാംഗങ്ങളോടും ചേര്‍ന്ന് പാപ്പാ ദിവ്യബലിയര്‍പ്പിക്കും.

മെയ് 12-ാം തിയതി ഞായറാഴ്ച പ്രദേശിക സമയം രാവിലെ 9.30-ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പാ ഫ്രാന്‍സിസ്സിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിമദ്ധ്യേ സഭയിലെ 3 വാഴ്ത്തപ്പെട്ടവരെ വിശുദ്ധരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തും.

* തെക്കെ ഇറ്റലിയിലെ ഒത്രാന്തയില്‍ 15-ാം നൂറ്റാണ്ടില്‍ ജീവിച്ച് വിശ്വാസത്തെപ്രതി ജീവന്‍ സമര്‍പ്പിച്ച ആന്‍റെണി പ്രിമാല്‍ഡോയും കൂട്ടുകാരും,
* കൊളുമ്പിയ സ്വദേശിയും, 20-ാം നൂറ്റാണ്ന്‍റെ ആരംഭത്തില്‍ ജീവിച്ച അമലോത്ഭവ നാഥയുടെ മിഷണറി സഹോദരിമാരുടെ സന്ന്യാസ സഭാ സ്ഥാപകയുമായ സിസ്റ്റര്‍ ലൗറാ മൊന്തേയാ,
* 20-ാം നൂറ്റാണ്ടില്‍ ജീവിച്ച വിശുദ്ധ മേരി മാര്‍ഗ്രറ്റ് അലക്കോക്കിന്‍റെ സഹോദരകള്‍ എന്ന സന്ന്യാസ സഭയുടെ സഹസ്ഥാപകയും പ്രേഷിത പ്രവര്‍ത്തകയുമായ മെക്സിക്കന്‍ സ്വദേശിനി മേരി ഗ്വാദലൂപ് ഗാര്‍ഷിയ സവാല എന്നീ വാഴ്ത്തപ്പെട്ടവരെയാണ് പാപ്പ വിശുദ്ധരായി അവരോധിക്കുന്നത്.

മെയ് 18-ാം തിയതി ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക് പാപ്പ് വിവിധ സഭാ പ്രസ്ഥാനങ്ങളുടെയും ഭക്തസംഘടകളുടെയും പ്രതിനിധി സംഘങ്ങളോടു ചേര്‍ന്ന് പെന്തക്കൂസ്താ മഹോത്സവത്തിന് ഒരുക്കമായുള്ള ജാഗര പ്രാര്‍ത്ഥനയില്‍ പങ്കെടുക്കും.

മെയ് 19-ാം പെന്തക്കൂസ്താ മഹോത്സവ ദിനത്തില്‍ പ്രാദേശിക സമയം രാവിലെ 10-മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ വിവിധ ഭക്തസംഘടകളുടെയും പ്രസ്ഥാനങ്ങളുടെയും പ്രതിനിധി സംഘങ്ങളോടു ചേര്‍ന്ന് പാപ്പാ ദിവ്യബലിയര്‍പ്പിക്കും.

Photo : Pope paying a floral tribue to The Virgin, Salus Romani
In the Basilica Mary Major Rome









All the contents on this site are copyrighted ©.