2013-04-04 16:40:23

പാപ്പാ ഫ്രാന്‍സിസ്
ഗോവ സന്ദര്‍ശിക്കാന്‍ സാദ്ധ്യത


3 ഏപ്രില്‍ 2013, ഗോവ
ഫ്രാന്‍സിസ് സേവ്യറിന്‍റെ പൂജ്യാവശിഷ്ടങ്ങള്‍ വണങ്ങാന്‍ പാപ്പാ ബര്‍ഗോളിയോ ഗോവയിലെത്താന്‍ സാധ്യതയെന്ന്, ആര്‍ച്ചുബിഷപ്പ് ഫിലിപ്പ് നേരി ഫരാവോ പ്രസ്താവിച്ചു.

2014-ാമാണ്ടില്‍ നവംമ്പര്‍ മാസത്തില്‍ ആരംഭിക്കുന്ന ഭാരതത്തിന്‍റെ ദ്വിതീയാപ്പസ്തോലനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്‍റെ അലിയാത്ത ഭൗതികാവശിഷ്ടങ്ങളുടെ പൊതുപ്രദര്‍ശനത്തോട് അനുബന്ധിച്ചാണ്
പാപ്പായെ ഗോവയിലേയ്ക്ക് ക്ഷണിക്കണമെന്ന പൊതുഅഭിപ്രായം സഭാ-സാമൂഹ്യതലങ്ങളില്‍ ഒരുപോലെ ഉയര്‍ന്നിരിക്കുന്നതെന്ന് ആര്‍ച്ചുബിഷപ്പ് ഫിലിപ്പ് നേരി മാധ്യമങ്ങളെ അറിയിച്ചു.

ഈശോ സഭാംഗവും കിഴക്കിന്‍റെ വിശ്വാസ താരവുമായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനോടുള്ള ഭക്തി ഈശോ സഭാംഗങ്ങള്‍ക്ക് പ്രിയങ്കരമാണെന്നും, ഈശോ സഭാ പുത്രനായ പാപ്പാ ഫ്രാന്‍സിസ്സ് ഭാരതത്തിന്‍റെ ഔദ്യോഗിക ക്ഷണമില്ലെങ്കിലും തീര്‍ത്ഥാടകനായി ഗോവയിലെത്തുമെന്ന പ്രത്യാശയിലാണ് താനെന്നും മാധ്യമ സമ്മേളനത്തില്‍ ആര്‍ച്ചുബിഷപ്പ് ഫിലിപ്പ് നേരി, വിശദീകരിച്ചു.

ഗോവയില്‍നിന്നു 1552-ല്‍ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കായി ചൈനയിലേയ്ക്ക് യാത്രചെയ്യവേ മാര്‍ഗ്ഗമദ്ധ്യേ സാഞ്ചുവാന്‍ ദ്വീപില്‍വച്ച് മാരകമായ പനിപിടിപെട്ടാണ് ഡിസംബര്‍ 3-ാം തിയതി ഫ്രാന്‍സിസ് സേവ്യര്‍ മരണമടഞ്ഞത്. കടല്‍മാര്‍ഗ്ഗം ഗോവയിലെ ഉണ്ണീശോയുടെ നാമത്തിലുള്ള ദേവാലയത്തില്‍ എത്തിച്ച് സംസ്ക്കരിച്ച മിഷണറി വൈദികന്‍റെ ശരീരം നൂറ്റാണ്ടുകള്‍ക്കുശേഷവും വിശ്വാസ സാക്ഷൃമെന്നോണം അലിയാതെ കുടികൊള്ളുന്നുവെന്ന് ബോന്‍ യോശു ബസിലിക്കാ തീര്‍ത്ഥാടന കേന്ദ്രത്തിന്‍റെ റെക്ടര്‍, ഫാദര്‍ സാവിയോ ബരേത്തോ പ്രസ്താവിച്ചു.

1622 മാര്‍ച്ച 12 –ന് ഇംഗ്നേഷ്യസ് ലൊയോളായുടെ പ്രിയ ശിഷ്യനും പ്രേഷിതവര്യനുമായ ഫ്രാന്‍സിസ്സ് സേവ്യറിനെ ഗ്രിഗരി 15-ാമന്‍ പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു.









All the contents on this site are copyrighted ©.