2013-04-04 20:10:45

പാപ്പാ പാടാത്തതെന്ത്യേ?
ശ്രാവ്യരസക്കുറവെന്ന് ഫാദര്‍ ലൊമ്പാര്‍ഡി


4 ഏപ്രില്‍ 2013, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസ് ആരാധനക്രമ ഗീതങ്ങള്‍ പാടാത്തിനു കാരണം ശ്രാവ്യരസക്കുറവാണെന്ന് tone deaf, വത്തിക്കാന്‍റെ വക്താവ്, ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി വ്യക്തമാക്കി. ബഹുഭാഷാ പണ്ഡിതനും, സംഗീതജ്ഞനുമായ തന്‍റെ മുന്‍ഗാമി പാപ്പാ ബനഡിക്ടിനുശേഷം ആരാധനക്രമ പരിപാടികളില്‍ പാടിതിരിക്കുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ കഴിവുകളെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ നിരന്തരമായ ചോദ്യത്തിന് മറുപടിയായിട്ടാണ് ഫാദര്‍ ലൊമ്പാര്‍ഡി ഇങ്ങനെ പ്രത്യുത്തരിച്ചത്.

ഈശോ സഭക്കാര്‍ പൊതുവെ ‘സംഗീതപ്രിയരോ ആരാധനക്രമ ചിട്ടയുള്ളവരോ അല്ലെന്ന്’ ഫലിതോക്തിയില്‍ പ്രതികരിച്ച ഈശോ സഭാംഗമായ ഫാദര്‍ ലൊമ്പാര്‍ഡി, ശ്രാവ്യരസക്കുറവും, ശ്രുതിഭേദം തിരിച്ചറിയാനുള്ള കഴിവുകുറവുമാണ് ആരാധനക്രമ ഭാഗങ്ങള്‍ പാപ്പ ആലപിക്കാത്തതിനു കാരണമെന്ന് വെളിപ്പെടുത്തി. ആരാധനക്രമ ഗീതങ്ങള്‍ പാപ്പാ പാടാത്തതിനു കാരണം ആരോഗ്യപരമായ കാരണങ്ങളാലാണെന്നത് ഫാദര്‍ ലൊമ്പാര്‍ഡി പാടെ നിഷേധിച്ചു.
21 വയസ്സുള്ളപ്പോള്‍ ഉണ്ടായ ചികിത്സയില്‍ ശ്വാസകോശത്തിന്‍റെ അര്‍ദ്ധഭാഗം മുറിച്ചുമാറ്റപ്പെട്ടാതാണ് പാടാതിരിക്കുന്നതിനു കാരണമെന്നത്
മാധ്യമസൃഷ്ടമാണെന്നും, വാസ്തവമല്ലെന്നും ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.

ശ്വാസകോശത്തിന്‍റെ ശസ്ത്രക്രിയയ്ക്ക് പാപ്പാ വിധേയനായിട്ടുള്ള കാര്യം സത്യമാണെന്നും, എന്നാല്‍ ഉച്ചസ്ഥായിയില്‍ വളരെ സ്ഫുടമായും ഭംഗിയായും പ്രസംഗിക്കാനും സംസാരിക്കാനും 76-ാം വയസ്സിലും പാപ്പാ ഫ്രാന്‍സ്സിസിനു സാധിക്കുന്നുണ്ടെന്ന് ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തിമാക്കി.

ഇറ്റാലിയന്‍, സ്പാനിഷ്, ജര്‍മ്മന്‍, ഫ്രഞ്ച്, ലത്തീന്‍ ഭാഷകള്‍ അറിയാവുന്ന പാപ്പായ്ക്ക് ഇംഗ്ലിഷ് ഭാഷാശൈലിയും ഉച്ചാരണവും സ്വായത്തമാക്കാന്‍ സാധിച്ചിട്ടില്ലെന്നും ഫാദര്‍ ലൊമ്പാര്‍ഡി സമ്മതിച്ചു.










All the contents on this site are copyrighted ©.