2013-04-03 16:21:29

ചരിത്രത്തില്‍ മനുഷ്യക്കുരുതി നടത്തിയവര്‍
ദൈവത്തെക്കുറിച്ച് ധാരണയില്ലാത്തവര്‍


3 ഏപ്രില്‍ 2013, റോം
ചരിത്രത്തില്‍ മനുഷ്യരുടെ കൂട്ടക്കുരുതിക്ക് കാരണമായിട്ടുള്ള നാസിസം, മാര്‍ക്സിസം മോവോയിസം തുടങ്ങിയ ചിന്താധാരകള്‍ ദൈവത്തെക്കുറിച്ചുള്ള മിഥ്യാധാരണയില്‍നിന്നും ഉതിര്‍ക്കൊണ്ടിട്ടുള്ളതെന്ന്, ദൈവശാസ്ത്ര പണ്ഡിതന്‍, ഫാദര്‍ ഡേരിയൂസ് കൊവാല്‍സിക്ക് പ്രസ്താവിച്ചു.

സഭയുടെ നവസുവിശേഷവത്ക്കരണ പദ്ധിയുടെ ഭാഗമായി വത്തിക്കാന്‍ റേഡിയോയ്ക്കു നല്കുന്ന പ്രഭാഷണ പരമ്പരയിലാണ് ഫാദര്‍ കൊവാല്‍സിക്ക് ഈ ചിന്ത പങ്കുവച്ചത്.
അടിസ്ഥാനപരമായും ദൈവത്തോടുള്ള വിധേയത്വമില്ലായ്മയും ദൈവിക നന്മയിലുള്ള വിശ്വാസരാഹിത്യവുമാണ് പാപമെന്ന്, ഉത്ഭവപാപത്തെക്കുറിച്ചുള്ള പ്രഭാഷണത്തില്‍ ഫാദര്‍ കൊവാല്‍സിക്ക് വ്യക്തമാക്കി.

തന്‍റെ ഛായയില്‍ സൃഷ്ടിച്ച മനുഷ്യനെ ദൈവം തന്‍റെ സൗഹൃദത്തില്‍ സ്ഥാപിച്ചുവെന്നും ദൈവത്തോടുള്ള സ്വതന്ത്രമായ വിധേയത്വത്തിലൂടെയല്ലാതെ ഈ സ്നേഹബന്ധത്തില്‍ ജീവിക്കാന്‍ ആത്മീയ സൃഷ്ടിയായ മനുഷ്യനു സാദ്ധ്യമല്ലെന്നും ഫാദര്‍ കൊവാല്‍സിക്ക് സമര്‍ത്ഥിച്ചു.

ഉല്പത്തി പുസ്തകം വിവരിക്കുന്ന ആദ്യപാപം നന്മ-തിന്മകളുടെ അറിവിന്‍റെ വൃക്ഷം പ്രതീകാത്മകമായി ദ്യോതിപ്പിക്കുന്നത് സൃഷ്ടി എന്ന നിലയ്ക്ക് മനുഷ്യനുള്ള മറികടക്കാനാവാത്ത പരിമിതികളെയാണെന്ന്
ഫാദര്‍ കൊവാല്‍സിക്ക് വ്യക്തമാക്കി. ഈ പരിമിതകളെ അംഗീകരിച്ചും ആദരിച്ചും ജീവിക്കേണ്ട മനുഷ്യര്‍ സ്വാര്‍ത്ഥതയില്‍ പ്രലോഭനങ്ങള്‍ക്കു വിധേയരായി സ്രഷ്ടാവിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുകയും സ്വാതന്ത്യം ദുര്‍വിനിയോഗം ചെയ്തതുമാണ് ആദ്യപാപം അല്ലെങ്കില്‍ ഉത്ഭവപാപമെന്ന് ഫാദര്‍ കൊവാല്‍സിക്ക് വിവരിച്ചു.

ആധുനികയുഗത്തിന്‍റെ വികലമായ പ്രത്യയ ശാസ്ത്രങ്ങളുടെയും ചിന്താധാരകളുടെയും ഉടമകള്‍ സ്വയം ദൈവതുല്യരായി ഭാവിച്ച്
നന്മ-തിന്മയെക്കുറിച്ചുള്ള തീരുമാനങ്ങള്‍ സ്വയം ഏറ്റെടുക്കുന്നവെന്നും, അങ്ങനെയാണ് സ്വവര്‍ഗ്ഗം വിവാഹം, ഭൂണഹത്യ, കാരുണ്യവധം മുതലായി ജീവനെ മാനിക്കാത്ത പ്രസ്ഥാനങ്ങള്‍ ചരിത്രത്തില്‍ സ്ഥാനംപിടിച്ചതെന്നും
ഫാദര്‍ കൊവാല്‍സിക്ക് ചൂണ്ടിക്കാട്ടി.









All the contents on this site are copyrighted ©.