2013-04-02 14:34:47

മരുഭൂവിലെ മന്നയും മാംസവും
ദൈവിക കാരുണ്യത്തിന്‍റെ പ്രതീകം (32)


RealAudioMP3
ചെങ്കടല്‍ താണ്ടിയ ഇസ്രായേല്‍ ജനം മരുപ്രദേശത്തിലൂടെ മുന്നോട്ടു നയിക്കപ്പെടുന്നതാണ് കഴിഞ്ഞ പ്രക്ഷേപണത്തില്‍ നാം കണ്ടത്. ദാഹിച്ചലഞ്ഞപ്പോള്‍ കര്‍ത്താവ് തന്‍റെ ജനത്തിന് പാറയില്‍നിന്നും സമൃദ്ധമായി ജലം നല്കി. യാത്ര തുടര്‍ന്നപ്പോള്‍ പിന്നെ അവര്‍ വിശന്നു പരവശരായി. ഭക്ഷണത്തിനായി വലഞ്ഞു. കര്‍ത്താവ് അവര്‍ക്ക് അകാശത്തുനിന്നും അത്ഭുതകരമായി കാടപ്പക്ഷികളും മന്നയും ഭക്ഷണമായി നല്കി.
ഈ മന്ന പിന്നീട് രക്ഷാകര ചരിത്രത്തില്‍ ദൈവജനത്തിന് ദൈവിക സാന്നിദ്ധ്യത്തിന്‍റെയും പരിപാലനയുടെയും പ്രതീകമായി മാറുന്നു. പുതിയ നിയമത്തിലെ ജീവന്‍റെ അപ്പവും മന്നയുമാണ് പരിശുദ്ധ ദിവ്യാകാരുണ്യമെന്ന് ഇന്നത്തെ പ്രക്ഷേപണത്തില്‍ നമുക്കു പഠിക്കാം.

ഇസ്രായേല്‍ യാത്ര തുടര്‍ന്നു. അവര്‍ ഏലിമില്‍നിന്നും പുറപ്പെട്ട് ഏലിമിനും സീനായ്ക്കും ഇടയ്ക്കുള്ള സീന്‍ മരുപ്രദേശത്തെത്തി. ഈജിപ്തില്‍നിന്നു പുറപ്പെട്ടതിന്‍റെ രണ്ടാം മാസം പതിനഞ്ചാം ദിവസമായിരുന്നു അത്. വേണ്ടത്ര വെള്ളവും ഭക്ഷണവും ലഭിക്കാതെ ജീവിതം ക്ലേശകരമായപ്പോള്‍ മരുഭൂമിയില്‍വച്ച് ഇസ്രായേല്‍ ജനം ഒന്നടങ്കം മോശയ്ക്കും അഹറോനും എതിരായി പിറുപിറുത്തു. ജനം അവരോടു പറഞ്ഞു. “ഈജിപ്തിലെ ഇറച്ചിപ്പാത്രത്തിന് അടുത്തിരുന്നു തൃപ്തിയാവോളം അപ്പം തിന്നുകൊണ്ടിരുന്നപ്പോള്‍ കര്‍ത്താവിന്‍റെ കരത്താല്‍ കൊല്ലപ്പെട്ടിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു. ജനം മുഴുവനെയും പട്ടിണിയിട്ടു കൊല്ലാനായി ഈ മരുഭൂമിയലേയ്ക്കു കൊണ്ടുവന്നിരിക്കുന്നു.”
അപ്പോള്‍ കര്‍ത്താവു മോശയോടു പറഞ്ഞു.
“ഞാന്‍ നിങ്ങള്‍ക്കായി ആകാശത്തില്‍നിന്ന് അപ്പം വര്‍ഷിക്കും. ജനങ്ങള്‍ പുറത്തിറങ്ങി ഓരോ ദിവസത്തേയ്ക്കും ആവശ്യമുള്ളത് ശേഖരിക്കട്ടെ!
അങ്ങനെ അവര്‍ എന്‍റെ നിയമമനുസരിച്ചു നടക്കുമോ ഇല്ലോയോ എന്നു ഞാന്‍ കാണട്ടെ. ഈ ജനത്തെ ഞാന്‍ പരീക്ഷിക്കും. ആറാം ദിവസം നിങ്ങള്‍ ശേഖരിക്കുന്നത് അകത്തു കൊണ്ടുവന്ന് ഒരുക്കിവയ്ക്കുമ്പോള്‍ അതു ദിനംപ്രതി ശേഖരിക്കുന്നതിന്‍റെ ഇരട്ടിയായി മാറും.”

അപ്പോള്‍ മോശ എല്ലാ ഇസ്രായേല്‍ക്കാരോടുമായി പറഞ്ഞു. “കര്‍ത്താവാണു നിങ്ങളെ ഈജിപ്തില്‍നിന്നു പുറത്തേയ്ക്കു കൊണ്ടുവന്നതെന്ന് സന്ധ്യയാകുമ്പോള്‍ നിങ്ങള്‍ ഗ്രഹിക്കും. പ്രഭാതമാകുമ്പോള്‍ നിങ്ങള്‍ കര്‍ത്താവിന്‍റെ മഹത്വം ദര്‍ശിക്കും. കാരണം തനിക്കെതിരായ നിങ്ങളുടെ പിറുപിറുക്കല്‍ ഇതാ, കര്‍ത്താവു ശ്രവിച്ചിരിക്കുന്നു.
നിങ്ങള്‍ക്കു ഭക്ഷിക്കാന്‍ വൈകുന്നേരം മാംസവും രാവിലെ വേണ്ടുവോളം അപ്പവും കര്‍ത്താവു തരും.”

അനന്തരം, മോശ അഹറോനോടു പറഞ്ഞു. “ഇസ്രായേല്‍ സമൂഹത്തോടു പറയുക. കര്‍ത്താവിന്‍റെ സന്നിധിയിലേയ്ക്ക് അടുത്തു നില്ക്കുവാന‍ പറയുക. കാരണം, അവിടുന്നു ജനത്തിന്‍റെ ആവലാതികള്‍ ശ്രദ്ധിച്ചിരിക്കുന്നു.” അഹറോന്‍ ഇസ്രായേല്‍ സമൂഹത്തോടു സംസാരിച്ചു കഴിഞ്ഞപ്പോള്‍ അവര്‍ മരുഭൂമിയിലേയ്ക്ക് നോക്കി. അപ്പോള്‍ കര്‍ത്താവിന്‍റെ മഹത്വം മേഘത്തില്‍ പ്രത്യക്ഷപ്പെടുന്നത് അവര്‍ കണ്ടു. കര്‍ത്താവു മോശയോട് അരുള്‍ചെയ്തു.
“ജനത്തിന്‍റെ പരാതികള്‍ ഞാന്‍ കേട്ടിരിക്കുന്നു. അവരോടു പറയുക. സായംകാലത്തു നിങ്ങള്‍ മാംസം ഭക്ഷിക്കും. പ്രഭാതത്തില്‍ തൃപ്തിയാവോളം അപ്പവും! കര്‍ത്താവായ ഞാനാണു നിങ്ങളുടെ ദൈവമെന്ന് അങ്ങനെ നിങ്ങള്‍ മനസ്സിലാക്കും.”
വൈകുന്നേരമായപ്പോള്‍ കാടപ്പക്ഷികള്‍ വന്ന് ഇസ്രായേല്‍ പാളയം മൂടി. രാവിലെ പാളയത്തിനു ചുറ്റും മഞ്ഞു വീണു കിടന്നിരുന്നു.
മഞ്ഞുരുകിയപ്പോള്‍ മരുഭൂമിയുടെ ഉപരിതലത്തില്‍ പൊടിമഞ്ഞുപോലെ വെളുത്തുരുണ്ടു ലോലമായ വസ്തു കാണപ്പെട്ടു. ഇസ്രായേല്‍ക്കാര്‍
ഇതു കണ്ടപ്പോള്‍ പരസ്പരം ചോദിച്ചു. മന്നൂ – ഹീബ്രൂവില്‍
“ഇതെന്താണ്?”
അതെന്താണെന്ന് അവര്‍ അറിഞ്ഞിരുന്നില്ല. ഇന്നുവരെ കാണാത്തതും ഭക്ഷിച്ചിട്ടില്ലാത്തതുമായതിന് – ഇതെന്താണ് എന്ന ഹെബ്രായ ഭാഷയിലെ ആശ്ചര്യപ്രകടനം, മന്നൂ പേരായി മാറി – മന്നാ!

അപ്പോള്‍ മോശ അവരോടു പറഞ്ഞു. “കര്‍ത്താവു നിങ്ങള്‍ക്കു ഭക്ഷണമായി തന്നിരിക്കുന്ന അപ്പമാണിത്.
അവിടുന്ന് കല്‍പ്പിച്ചിരിക്കുന്നതു പ്രകാരം നിങ്ങള്‍ വര്‍ത്തിക്കണം. ഓരോരുത്തരും തന്‍റെ കൂടാരത്തില്‍ ഉള്ളവരുടെ എണ്ണമനുസരിച്ച് ആളൊന്നിന് ഒരളവുവീതം ശേഖരിക്കട്ടെ.”

ഇസ്രായേല്യര്‍ അപ്രകാരം ചെയ്തു. ചിലര്‍ കൂടുതലും, മറ്റുചിലര്‍ കുറവും ശേഖരിച്ചു. എന്നാല്‍ പിന്നീട് അളന്നു നോക്കിയപ്പോള്‍ എല്ലാവര്‍ക്കും ഒരേ അളവായിരുന്നു.
കൂടുതല്‍ ശേഖരിച്ചവര്‍ക്ക് കൂടുതലോ, കുറവു ശേഖരിച്ചവര്‍ക്ക് കുറവോ കണ്ടില്ല. അത് അവരെ വീണ്ടും ആശ്ചര്യപ്പെടുത്തി. ഓരോരുത്തരും ശേഖരിച്ചത് അവരവര്‍ക്കു ഭക്ഷിക്കാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
മോശ അവരോടു പറഞ്ഞു. “ശേഖരിച്ചതില്‍ അല്പംപോലും പ്രഭാതത്തിലേയ്ക്കു നീക്കിവയ്ക്കരുത്.” എന്നാല്‍, ജനം മോശയെ അനുസരിച്ചില്ല. ചിലര്‍ അതില്‍നിന്നും ഒരു ഭാഗം എടുത്ത് പ്രഭാതത്തിലേയ്ക്കു മാറ്റിവച്ചു. എന്നാല്‍ അവ പുഴുത്തു മോശമായിപ്പോയി. മോശ അവരോടു കോപിച്ചു. പ്രഭാതംതോറും ഓരോരുത്തരും തങ്ങള്‍ക്കു ഭക്ഷിക്കാവുന്നിടത്തോളം ശേഖരിച്ചു കൊണ്ടിരുന്നു. ബാക്കിയുള്ളത് സൂര്യന്‍ ഉദിച്ചുയരുമ്പോള്‍ ഉരുകിപ്പോയിരുന്നു.

ആറാം ദിവസമായപ്പോള്‍ ഒരാള്‍ക്കു രണ്ട് അളവു വീതം ഇരട്ടിയായി അപ്പം അവര്‍ ശേഖരിച്ചു. നേതാക്കള്‍ വന്നു വിവരം മോശയെ അറയിച്ചു. അപ്പോള്‍ അവന്‍ അവരോടു പറഞ്ഞു. “കര്‍ത്താവിന്‍റെ കല്‍പ്പനയിതാണ്,
നാളെ പരിപൂര്‍ണ്ണ വിശ്രമത്തിന്‍റെ ദിവസമാണ് - കര്‍ത്താവിന്‍റെ വിശുദ്ധമായ സാബത്തുദിനം. വേണ്ടത്ര അപ്പം ഇന്നു ചുട്ടെടുക്കുവിന്‍. വേവിക്കേണ്ട്ത് വേവിക്കുവിന്‍. ബാക്കി വരുന്നത് അടുത്ത പ്രഭാതത്തിലേയ്ക്കു സൂക്ഷിക്കുവിന്‍.”
മോശ കല്പിച്ചചതുപോലെ, മിച്ചം വന്നത് അവര്‍ പ്രഭാതത്തിലേയ്ക്കു മാറ്റിവച്ചു. എന്നാല്‍ അത് ചീത്തയായിപ്പോയില്ല. അതില്‍ പുഴുക്കള്‍ ഉണ്ടായതുമില്ല. അപ്പോള്‍ മോശ പറഞ്ഞു.
“ഏഴാം ദിവസം കര്‍ത്താവിന്‍റെ വിശ്രമ ദിനമാകയാല്‍ നിങ്ങള്‍ അതു ഭക്ഷിച്ചുകൊള്ളുവിന്‍, പാളയത്തിനു വെളിയല്‍ സാബത്തുനാളില്‍ അപ്പം കാണുകയില്ല. ആറു ദിവസം നിങ്ങള്‍ അതു ശേഖരിക്കണം. ഏഴാം ദിവസം സാബത്താകയാല്‍ അതുണ്ടായിരിക്കുകയില്ല.”

ഇപ്രകാരം കല്പന നല്കിയെങ്കിലും ഏഴാം ദിവസം ജനങ്ങളില്‍ ചിലര്‍ അപ്പം തേടി പുറത്തിറങ്ങി. എന്നാല്‍ ഒന്നും കണ്ടില്ല. അപ്പോള്‍ കര്‍ത്താവ് മോശയോടു ചോദിച്ചു. “നിങ്ങള്‍ എത്രനാള്‍ എന്‍റെ കല്‍പനകളും നിയമങ്ങളും പാലിക്കാതിരിക്കും?” മോശ ജനത്തെ ഉടനെ ഇങ്ങനെ ശകാരിച്ചു.
കര്‍ത്താവ് നിങ്ങള്‍ക്കു സാബത്തു നിശ്ചയിച്ചിരിക്കുന്നു. അതുകൊണ്ടാണ്, ആറാം ദിവസം അവിടുന്ന് രണ്ടു ദിവസത്തേയ്ക്കുള്ള അപ്പം നിങ്ങള്‍ക്കു തന്നത്. ഏഴാം ദിവസം ഓരോരുത്തരും അവരുടെ വസതിയില്‍തന്നെ കഴിയട്ടെ. ആരും പുറത്തുപോകരുത്.”
അതനുസരിച്ച് ഏഴാം ദിവസം ജനം വിശ്രമിച്ചു.

കര്‍ത്താവ് ഇസ്രായേലിന് മരുഭൂമിയില്‍ നല്കിയ ‘മന്നാ’ വെളുത്തതും തേന്‍ ചേര്‍ത്ത അപ്പത്തിന്‍റെ രുചിയുള്ളതുമായിരുന്നു. മോശ പറഞ്ഞു. “കര്‍ത്താവിന്‍റെ കല്‍പന ഇതാണ്. ഈജിപ്തില്‍നിന്നു ഞാന്‍ നിങ്ങളെ കൊണ്ടുപോരുമ്പോള്‍ മരുഭൂമിയില്‍വച്ചു നിങ്ങള്‍ക്കു ഭക്ഷിക്കാന്‍ തന്ന അപ്പം നിങ്ങളുടെ പിന്‍ തലമുറകള്‍ കാണുന്നതിനുവേണ്ടി അതില്‍നിന്ന് ഒരളവ് എടുത്ത് സൂക്ഷിച്ചു വയ്ക്കുവിന്‍.”
അഹറോന്‍ അതു സാക്ഷൃപേടകത്തിനു മുന്‍പില്‍ സൂക്ഷിച്ചുവച്ചു. ഇസ്രായേല്‍ക്കാര്‍ മനുഷ്യവാസമുള്ള സ്ഥത്തെത്തുന്നതുവരെ നാല്‍പതു വര്‍ഷത്തേയ്ക്ക് മന്നാ ഭക്ഷിച്ചു. കാനാന്‍ ദേശത്തിന്‍റെ അതിര്‍ത്തിയിലെത്തുന്നതുവരെ അതുതന്നെയാണ് അവര്‍ ഭക്ഷിച്ചത്.


മന്നയുടെ ഗുണവിശേഷങ്ങള്‍ വര്‍ണ്ണിക്കുവാന്‍ ബൈബിള്‍ ശ്രമിച്ചിട്ടുണ്ട്. ആകാശത്തുനിന്നും വര്‍ഷിക്കപ്പെട്ട അപ്പം. മഞ്ഞുപാളിപോലെ വെളുത്ത് ഉരുണ്ട് ലോലമായ വസ്തുവായിരുന്നു അത്. തേന്‍ ചേര്‍ത്ത അപ്പത്തിന്‍റെ സ്വാദ്. പ്രഭാതത്തില്‍ മാത്രം പ്രത്യക്ഷപ്പെടുന്നത്. ദീര്‍ഘസമയം സൂക്ഷിച്ചാല്‍ കേടുവരുന്നത്. സൂര്യന്‍ ഉദിച്ചുയരുമ്പോള്‍ ഉരുകിപ്പോകുന്നത്... എന്നിങ്ങനെയെല്ലാമാണ് പഴയനിയമത്തിലെ മന്ന ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. പ്രധാമായും പൗരോഹിത്യ പാരമ്പര്യത്തില്‍നിന്നുമുള്ളതാകയാല്‍ സാബത്തിന്‍റെ പ്രാധാന്യം ഊന്നിപ്പറഞ്ഞിരിക്കുന്നതും ശ്രദ്ധേയമാണ്.
രക്ഷാകര ചരിത്രത്തില്‍ ജനത്തിന് ദൈവിക പരിപാലയുടെ പ്രതീകവും സന്നിദ്ധ്യവുമായി മാറി, മന്ന!
പഴയ ഉടമ്പടിയിലെ ദൈവികസാന്നിദ്ധ്യമാണത്. പുതിയ നിയമത്തില്‍ അത് പരിശുദ്ധ ദിവ്യകാരുണ്യമാണ്, സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങി വന്ന ജീവന്‍റെ അപ്പം!








All the contents on this site are copyrighted ©.