2013-04-02 14:40:08

ദൈവസ്നേഹത്തിന്‍റെ ഗാഥ ആലപിക്കുന്ന തിരുക്കച്ച


02 ഏപ്രില്‍ 2013, വത്തിക്കാന്‍
തിരുക്കച്ചയില്‍ തെളിയുന്ന മുറിവേറ്റ മുഖം നമ്മോട് പറയുന്നത് ദൈവത്തിന്‍റെ നീസീമമായ സ്നേഹത്തെക്കുറിച്ചെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിശ്വപ്രസിദ്ധമായ ടൂറിനിലെ തിരുക്കച്ചയുടെ ഒരു ടെലിവിഷന്‍ പ്രദര്‍ശനത്തിനു നല്‍കിയ വീഡിയോ സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. മരണമടഞ്ഞ ഒരു വ്യക്തിയുടെ മുഖമാണ് തിരുക്കച്ചയില്‍ നാം ദര്‍ശിക്കുന്നതെങ്കിലും ആ വ്യക്തി നമ്മെ ഉറ്റുനോക്കുന്നതുപോലെയും രഹസ്യമായി നമ്മോടു സംസാരിക്കുന്നതുപോലെയും നമുക്ക് അനുഭവപ്പെടുന്നു. നിശബ്ദമായ സ്നേഹത്തിന്‍റെ വാചാലത കാല്‍വരിയിലെ ക്രൂശിതനിലേക്കു നമ്മെ നയിക്കുന്നു.
ക്രൂരമായ പീഡകളാല്‍ വികൃതമാക്കപ്പെട്ട ആ മുഖം യുദ്ധത്തിലും അക്രമത്തിലും മുറിവേറ്റവരുടേയും അനീതിയ്ക്കും ചൂഷണത്തിനും ഇരയായവരുടേയും മുഖങ്ങളുടെ പ്രതിഫലനമാണ്. സഹനത്തിന്‍റെ പാരമ്യത്തിലായിരിക്കുമ്പോഴും സമാധാനമേകുന്ന മുഖമാണ് തിരുക്കച്ചയിലേത്. എത്ര വലിയ പ്രതിസന്ധിയിലും സഹനത്തിലും പ്രത്യാശ കൈവിടാതിരിക്കാന്‍ ആ മുഖം മൗനമായി നമ്മെ ആഹ്വാനം ചെയ്യുന്നു. എന്തും മറികടക്കാന്‍ കഴിവുള്ളതാണ് ദൈവസ്നേഹത്തിന്‍റെ കരുത്തും ഉത്ഥിതനായ ക്രിസ്തുവിന്‍റെ കൃപയുമെന്ന് ക്രൂശിതന്‍റെ മുഖം നമ്മെ അനുസ്മരിപ്പിക്കുന്നുവെന്നും മാര്‍പാപ്പ ഉത്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.