2013-04-02 14:39:49

ദൈവത്തിന്‍റെ ആശ്ചര്യകരമായ പ്രവര്‍ത്തനങ്ങളെ ഭയപ്പെടാതിരിക്കുക: മാര്‍പാപ്പ


02 ഏപ്രില്‍ 2013, വത്തിക്കാന്‍
ദൈവം നമ്മുടെ ജീവിതത്തില്‍ പ്രവര്‍ത്തിക്കുന്ന ആശ്ചര്യകരമായ പ്രവര്‍ത്തനങ്ങള്‍ സസന്തോഷം സ്വീകരിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. ഉത്ഥാനത്തിരുന്നാളിനൊരുക്കമായുള്ള ജാഗരശുശ്രൂഷാമധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പ. പലപ്പോഴും ദൈവിക പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കാന്‍ നാം ഭയപ്പെടുന്നു. ജീവിതത്തിന്‍റെ സുരക്ഷിതത്വം നഷ്ടമാകാന്‍ നാം ആഗ്രഹിക്കുന്നില്ല. ദൈവം നമ്മോട് ആവശ്യപ്പെടാന്‍ പോകുന്നതെന്താണെന്നതിനെക്കുറിച്ച് നാം ആശങ്കാകുലരാണ്. എന്നാല്‍ ദൈവം എല്ലായ്പ്പോഴും ആശ്ചര്യകരമാം വിധം നമ്മുടെ ജീവിതത്തില്‍ ഇടപെടുന്നു. ജീവിച്ചിരിക്കുന്നവനെ മരിച്ചവരുടെ ഇടയില്‍ അന്വേഷിക്കുന്നവരാണ് നമ്മളും. നമ്മെ സങ്കടത്തിലാഴ്ത്തുന്ന ജീവിത പ്രതിസന്ധികളും, അനുദിന പ്രശ്നങ്ങളും മരണത്തിന്‍റെ ഇരുളാണ്. ജീവിച്ചിരിക്കുന്നവനെ നാം അവിടെയല്ല അന്വേഷിക്കേണ്ടത്. ഉത്ഥിതനായ ക്രിസ്തുവിനെ സ്വജീവിതത്തിലേക്ക് നാം സ്വീകരിക്കണമെന്ന് മാര്‍പാപ്പ ആഹ്വാനം ചെയ്തു. ദൈവത്തില്‍ നിന്ന് നാമെത്ര അകലെയാണെങ്കിലും തുറന്ന കരങ്ങളുമായി അവിടുന്ന് നമ്മെ കാത്തിരിക്കുന്നു. ജീവദാതാവായ ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ച് അവിടുത്തെ കരങ്ങളിലേക്ക് സ്വയം സമര്‍പ്പിക്കാന്‍ മാര്‍പാപ്പ എല്ലാ കത്തോലിക്കരേയും ക്ഷണിച്ചു.







All the contents on this site are copyrighted ©.