2013-04-02 14:40:21

ഓട്ടിസബാധിതരെ പാര്‍ശ്വവല്‍ക്കരിക്കരുത്: ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി


02 ഏപ്രില്‍ 2013, വത്തിക്കാന്‍
ഓട്ടിസം ബാധിച്ചവരെ സാമൂഹ്യ ജീവിതത്തിന്‍റെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിറുത്തരുതെന്ന് ആരോഗ്യപ്രവര്‍ത്തകരുടെ അജപാലന ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് സിഗ്മണ്ട് സിമോസ്ക്കി. ഏപ്രില്‍ രണ്ടാം തിയതി രാജ്യാന്തര ഓട്ടിസം ബോധവത്‍ക്കരണ ദിനമായി ആചരിക്കുന്നതോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്. ഇക്കൊല്ലത്തെ ഓട്ടിസം ബോധവത്‍ക്കരണ ദിനം ക്രൈസ്തവര്‍ ഉത്ഥാനമഹോത്സവം കൊണ്ടാടുന്ന അവസരത്തിലാണെന്ന് സൂചിപ്പിച്ച ആര്‍ച്ചുബിഷപ്പ് ഓട്ടിസം ബാധിച്ച കുട്ടികളോടും അവരുടെ കുടുംബാംഗങ്ങളോടും കത്തോലിക്കാ സഭയുടെ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. എമ്മാവൂസിലേക്കു പോയ ശിഷ്യന്‍മാരുടെ കണ്ണുകളില്‍ പ്രകടമായിരുന്ന അതേ നഷ്ടബോധവും ആശ്ചര്യവും ഓട്ടിസം ബാധിതരെ ശുശ്രൂഷിക്കുന്ന മാതാപിതാക്കളിലും കുടുംബാംഗങ്ങളിലും ദൃശ്യമാകാറുണ്ട്. യാത്രയ്ക്കിടയില്‍ ആ ശിഷ്യന്‍മാരുടെ അടുത്തെത്തി അവരെ തന്നിലേക്ക് അടുപ്പിച്ച ക്രിസ്തുവിന്‍റെ സമീപനത്തെ കേന്ദ്രമാക്കിയാണ് ആര്‍ച്ചുബിഷപ്പ് സന്ദേശം നല്‍കിയത്. 'പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍’ അവഗണിക്കപ്പെടുകയോ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയോ അരുത്. ആവശ്യമായ ചികിത്സാ സൗകര്യങ്ങളോടൊപ്പം വാല്‍സല്യപൂര്‍വ്വമായ പരിചരണവും അവര്‍ക്ക് ലഭ്യമാക്കണം. ഓട്ടിസം ബാധിച്ചവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പിന്തുണയേകാന്‍ അനുയോജ്യമായ കര്‍മ്മപദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ ഇടവകകളേയും ഇതര കത്തോലിക്കാ സ്ഥാപനങ്ങളേയും പ്രസ്ഥാനങ്ങളേയും ആര്‍ച്ചുബിഷപ്പ് ക്ഷണിച്ചു. ഓട്ടിസം ബാധിച്ചവരുടെ കഴിവുകളും താല്‍പര്യവും കണക്കിലെടുത്ത് സാമൂഹ്യജീവിതത്തിലും വിദ്യാഭ്യാസ മേഖലയിലും ആരാധനക്രമത്തിലും മതബോധനരംഗത്തും മികച്ച അവസരങ്ങള്‍ അവര്‍ക്ക് നല്‍കണമെന്നും ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.