2013-03-31 14:32:20

തിന്മയോട് ദൈവം പ്രതികരിക്കുന്നത്
ക്രിസ്തുവിന്‍റെ കുരിശിലൂടെ


30 മാര്‍ച്ച് 2013, റോം
പ്രിയ സഹോദരങ്ങളേ, പ്രാര്‍ത്ഥനയുടെ ആഴമായ അനുഭവമാണ് കുരിശിന്‍റെവഴി. നിങ്ങളുടെ നിറഞ്ഞ സാന്നിദ്ധ്യത്തിന് നന്ദി. മാധ്യമങ്ങളിലൂടെ ഈ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തവരെ, വിശിഷ്യാ പ്രായമായവരും രോഗികളുമായവരെ പ്രത്യേകം അനുസ്മരിക്കുകയും അവര്‍ക്ക് നന്ദിപറയുകയും ചെയ്യുന്നു. ഈ സായാഹ്നത്തെ ധന്യമാക്കുന്ന പദമാണ് കുരിശ്. ഈ ലോകത്തുള്ള തിന്മയോട് ദൈവം പ്രതികരിച്ച രീതിയാണ് കുരിശ്. തിന്മയോട് ദൈവം പ്രതികരിക്കാത്തതെന്താണ്, അവിടുന്നു നിശ്ശബ്ദനാണല്ലോ എന്നു നാം പലപ്പോഴും ചിന്തിക്കുന്നുണ്ടാകാം. ദൈവം തിന്മയ്ക്കെതിരെ ശബ്ദമുയര്‍ത്തുകയും പ്രതികരിക്കുകയും ചെയ്തത് ക്രിസ്തുവിന്‍റെ കുരിശിലൂടെയാണ്. അവിടുത്തെ കുരിശ് സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും ക്ഷമയുടെയും പ്രതീകവുമാണ്.

കുരിശ് ദൈവിക വിധിതീര്‍പ്പാണ്. ദൈവം വിധിക്കുന്നത് നമ്മെ സ്നേഹിക്കുന്നതുകൊണ്ടാണ്. ദൈവസ്നേഹം നാം സ്വീകരിക്കുമ്പോള്‍ രക്ഷപ്രാപിക്കുന്നു. അത് തിരസ്ക്കരിക്കുമ്പോള്‍ വിധിക്കപ്പെടുന്നു. അങ്ങനെ ഈ വിധി എന്‍റെ തന്നെയാണ്, മറ്റാരുടേതുമല്ല. കാരണം ദൈവം ആരെയും വിധിക്കുന്നില്ല. അവിടുന്ന് നമ്മെ എപ്പോഴും രക്ഷിക്കുകയും സ്നേഹിക്കുകയുമാണ് ചെയ്യുന്നത്.

പ്രിയ സഹോദങ്ങളേ, നമ്മെ വലയം ചെയ്യുന്ന തിന്മയുടെ ശക്തികളെ നേരിടേണ്ടത് കുരിശിനാലാണ്. ക്രിസ്തു ചെയ്തതുപോലെ കുരിശുകള്‍ സ്വയം ഏറ്റെടുത്തുകൊണ്ട് തിന്മയെ നന്മകൊണ്ട് നേരിടുകയാണു വേണ്ടത്.

ഇന്നത്തെ കുരിശിന്‍റെവഴി സംവിധാനംചെയ്ത ലബനോണിലെ .യുവജനങ്ങളുടെ സാക്ഷൃം ശ്രദ്ധേയമാണ്. അവരുടെ ധ്യാനവും ചിന്തകളും അതിമനോഹരമാണ്. അവരുടെ ജീവിത സാക്ഷൃത്തിനും അവര്‍ ചിട്ടപ്പെടുത്തി ഈ നല്ല കുരിശിന്‍റെ വഴിക്കും ഹൃദ്യമായി നന്ദിപറയുന്നു. ലബനോണിലെ ക്രൈസ്തവരുടെ കൂട്ടായ്മയും ഇസ്ലാമിക മതസ്ഥരുമായുള്ള സുഹൃദ്ബന്ധവുമെല്ലാം ശ്രദ്ധിക്കപ്പെട്ടത് എന്‍റെ മുന്‍ഗാമി ബനഡിക്ട് 16-മന്‍ പാപ്പായുടെ സന്ദര്‍ശനത്തിലൂടെയാണ്. മദ്ധ്യപൂര്‍വ്വദേശത്തിനും ലോകത്തിനുതന്നെയും ആ സന്ദര്‍ശനം പ്രത്യാശയുടെ പ്രതീകമായിരുന്നു.

നാം ഇവിടെ സമാപിപ്പിക്കുന്ന കുരിശിന്‍റെവഴി നമ്മുടെ അനുദിന ജീവിതമേഖലകളില്‍ തുടരാം.
നമ്മുടെ ഹൃദയങ്ങളില്‍ സ്നേഹവും ക്ഷമയും പേറിക്കൊണ്ട് ജീവിതത്തിന്‍റെ കുരിശുയാത്രയില്‍ നമുക്ക് ഒരുമിച്ചു ചരിക്കാം. ഉത്ഥിതനായ ക്രിസ്തുവിനെ നോക്കിക്കൊണ്ട് നമുക്കു മുന്നോട്ടു ചരിക്കാം.










All the contents on this site are copyrighted ©.