2013-03-28 16:19:59

പാപ്പാ ഫ്രാന്‍സ്സിസ്
‘കാസാ മാര്‍ത്ത’യില്‍ താമസം തുടരും


27 മാര്‍ച്ച് 2013, വത്തിക്കാന്‍
വത്തിക്കാനിലെ അതിഥി മന്ദിരമായ വിശുദ്ധ മാര്‍ത്തായുടെ ഭവനത്തില്‍ത്തന്നെ പാപ്പാ ഫ്രാന്‍സ്സിസ് തല്ക്കാലം താമസം തുടരുമെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ്സ് മേധാവി, ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിനയിലൂടെ വെളിപ്പെടുത്തി. വത്തിക്കാനിലെ അതിഥിമന്ദിരമായ കാസാ മര്‍ത്തായിലുള്ള പ്രത്യേക മുറിയില്‍ ഇപ്പോള്‍ താമസിക്കുന്ന പാപ്പാ മാര്‍ച്ച് 26-ാം തിയിതി ചെവ്വാഴ്ച
രാവിലെ അവിടത്തെ കപ്പേളയില്‍ ദിവ്യബലിയര്‍പ്പിച്ചശേഷമാണ് താല്ക്കാലം താന്‍ താമസം അവിടുത്തന്നെ തുടരുമെന്ന് വെളിപ്പെടുത്തിയതെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്,
ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.

കോണ്‍ക്ലേവ് സമയത്ത് താമസിച്ചിരുന്ന ചെറിയ മുറിയില്‍നിന്നും വിസ്തൃമായൊരു മുറിയിലേയ്ക്കു മാറിയതോടെ സാമാന്യം സൗകര്യങ്ങള്‍ വര്‍ദ്ധിച്ച അവസ്ഥയാണെന്നും ഫാദര്‍ ലൊമ്പാര്‍ഡി നിരീക്ഷിച്ചു.
എന്നാല്‍ പതിവായി എല്ലാദിവസവും രാവിലെ അപ്പസ്തോലിക അരമനയില്‍വന്നിട്ടാണ് ക്ലെമന്‍റൈന്‍ ഹാളില്‍ വിശിഷ്ഠാതിഥികളുമായുള്ള കൂടിക്കാഴ്ചകള്‍, ഔദ്യഗിക ചര്‍ച്ചകള്‍, ഓഫിസ് കാര്യങ്ങള്‍ എന്നിവ പാപ്പ നിര്‍വ്വഹിക്കുന്നതെന്നും ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി.

വത്തിക്കാന്‍റെ അകത്തുള്ള പേപ്പല്‍ വസതിയിലേയ്ക്ക് പാപ്പാ താമസം മാറ്റിയാല്‍ ലൈബ്രറി, പഠനമുറി, വിശിഷ്ഠാതിഥികളുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള പ്രത്യേക ഹാളുകള്‍, ആരാധനക്രമ കാര്യാലയം, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റ്, പ്രീഫെക്ച്വര്‍ മന്ദിരം, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയുമായുള്ള സാമീപ്യവും ലഭ്യതയും ഉള്ളതിനാല്‍ കൂടുതല്‍ സൗകര്യപ്രദമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് വത്തിക്കാന്‍റെ വക്താവ്, ഫാദര്‍ ലൊമ്പാര്‍ഡി ചൂണ്ടിക്കാട്ടി.
അര്‍ജന്‍റീനായിലെ ബുവനസ് അയിരസ്സ് അതിരൂപതാദ്ധ്യക്ഷനായിരിക്കുമ്പോള്‍ മെത്രാസന മന്ദിരം ഉപേക്ഷിച്ച് പ്രൈവറ്റ് ഫ്ലാറ്റില്‍ താമസമാക്കുകയും ജനങ്ങള്‍ക്കൊപ്പം ബസ്സില്‍ യാത്രചെയ്യുകയും ചെയ്തിരുന്ന പാപ്പായുടെ ലാളിത്യത്തിന്‍റെ സ്വാഭാവിക ശൈലിയാണ് സാധാരണ ചുറ്റുപാടുകളില്‍ ജീവിക്കാനുള്ള താല്പര്യത്തിന്‍റെയും സന്നദ്ധതയുടെയും പിന്നിലെന്നും
ഫാദര്‍ ലൊമ്പാര്‍ഡി നിരീക്ഷിച്ചു.








All the contents on this site are copyrighted ©.