2013-03-27 20:09:33

റോമിലെ ജയിലില്‍
പാദക്ഷാളനവും തിരുവത്താഴപൂജയും


27 മാര്‍ച്ച് 2013, വത്തിക്കാന്‍
പെസഹാ വ്യാഴാഴ്ച പാപ്പ ഫ്രാന്‍സ്സിസ് ജയിലില്‍ക്കഴിയുന്ന യുവജനങ്ങള്‍ക്കൊപ്പം തിരുവത്താഴപൂജയര്‍പ്പിക്കുമെന്ന് വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു. മാര്‍ച്ച് 28-ാം തിയതി വ്യാഴാഴ്ച വൈകുന്നേരം 5.30-ന് വത്തിക്കാനില്‍നിന്നും ഏകദേശം 10 കി.മീ. അകലെയുള്ള casa del marmo മാര്‍ബില്‍ മന്ദിരം എന്നറിയപ്പെടുന്ന പ്രായപൂര്‍ത്തിയാകാത്തവര്‍ക്കായുള്ള ജയിലില്‍ പാപ്പാ തിരുവത്താഴപൂജ അര്‍പ്പിക്കുമെന്ന് പ്രസ്താവ വെളിപ്പെടുത്തി. 39 ആണ്‍കുട്ടികളും 11 പെണ്‍കുട്ടികളുമാണ് റോമില്‍ യുവജനങ്ങള്‍ക്കായുള്ള ജയിലിലെ അന്തേവാസികള്‍. തിരുക്കര്‍മ്മങ്ങള്‍ക്ക് ആമുഖമായി പാപ്പ വിവിധ രാജ്യക്കാരും വര്‍ഗ്ഗക്കാരുമായി ജയിലിലുള്ള 12 പേരുടെ കാലുകഴുകുന്ന ശുശ്രൂഷയായിരിക്കും. കാലുകഴുകി ചുംബിച്ചശേഷം പാപ്പ വചനം പങ്കുവയ്ക്കും, അതിനെ തുടര്‍ന്ന് തിരുവത്താഴ ബലിയര്‍പ്പിക്കും.

ഇറ്റിലിയുടെ നീതിന്യായ കാര്യങ്ങള്‍ക്കായുള്ള മന്ത്രി പാവ്ളോ സെവറിനോ, യുവജന ക്ഷേമത്തിനായുള്ള മന്ത്രി, പ്രേസ് ക്യാതറീനാ ചിന്നീച്ചി, ജയില്‍ സൂപ്പരിണ്ടന്‍റും മറ്റ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 150 പേരാണ് പാപ്പായുടെ പെസഹാ ബലിയര്‍പ്പണത്തിലും ജയിലിലെ പരിപാടികളിലും പങ്കെടുക്കുന്നത്.
വചനപാരായണത്തിനും, വിശ്വാസികളുടെ പ്രാര്‍ത്ഥനയ്ക്കും അന്തേവാസികള്‍ നേതൃത്വനല്കുമെന്നും പ്രസ്താവന വ്യക്തമാക്കി.

തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം ജയിലിലെ ഉല്ലാസഹാളില്‍വച്ച് യുവജനങ്ങളുമായി പാപ്പ കൂടിക്കാഴ്ച നടത്തും. ജയിലിലെ തൊഴില്‍ശാലയില്‍ അന്തേവാസികള്‍ നിര്‍മ്മിച്ച മരത്തില്‍തീര്‍ത്ത ക്രൂശിതരൂപം, പ്രാര്‍ത്ഥനാപീഠം എന്നിവ പാപ്പായ്ക്ക് സമ്മാനിക്കും. പാപ്പ അന്തേവാസികള്‍ക്ക് ഈസ്റ്റര്‍ സമ്മാനങ്ങള്‍ നല്കുമ്പോള്‍, അവരിലൊരാള്‍ പാപ്പായ്ക്ക് നന്ദിയും അഭിവാദ്യങ്ങളും അര്‍പ്പിക്കുമെന്നും വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി. ഭദ്രാസന ദേവാലയമായ ലാറ്ററന്‍ ബസിലിക്കയില്‍ പാപ്പാ പതിവായി നടത്താറുള്ള കാലുകഴുകല്‍ ശുശ്രൂഷ, വചനപ്രഘോഷണം, തിരുവത്താഴപൂജ, ദിവ്യകാരുണ്യപ്രദക്ഷിണം, ആരാധന, ദിവ്യാകാരുണ്യാശിര്‍വ്വാദം എന്നിവയുടെ പതിവും പാരമ്പര്യവും തെറ്റിച്ചാണ് പാപ്പാ ജയിലിലെ അന്തേവാസികള്‍ക്കൊപ്പം പെസഹാ വ്യാഴം ചിലവഴിക്കുന്നത്.









All the contents on this site are copyrighted ©.