2013-03-27 20:01:41

പെസഹാരാത്രിയുടെ പുതുവെളിച്ചം
ലോകത്തെ പ്രകാശിപ്പിക്കട്ടെ !


27 മാര്‍ച്ച് 2013, ജരൂസലേം
ക്രിസ്തുവിന്‍റെ ആദ്യശിഷ്യന്മാര്‍ സാക്ഷൃപ്പെടുത്തിയ ‘ശൂന്യമായ കല്ലറ’ ക്രൈസ്തവ വിശ്വാസത്തിന് ഐക്യദാര്‍ഢ്യം പകരുമെന്ന് ജരൂസലേമിലെ ലത്തീന്‍ പാത്രിയര്‍ക്കിസ്, ഫവത് ത്വാല്‍ ആശംസിച്ചു.
ജരൂസലേമില്‍നിന്നും അയച്ച ഈസ്റ്റര്‍ സന്ദേശത്തിലാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ മക്കളെ വിശുദ്ധ നാട്ടിലേയ്ക്കും ക്രിസ്തുവിന്‍റെ ഉത്ഥാന പ്രഭയിലേയ്ക്കും പാത്രിയര്‍ക്കിസ് ത്വാല്‍ ക്ഷണിക്കുന്നത്.

ക്രിസ്തുവിന്‍റെ പാദസ്പര്‍ശമേറ്റ വിശുദ്ധനാടു സന്ദര്‍ശിക്കുന്നവര്‍ ക്രിസ്തുവിന്‍റെ ഉത്ഥാനാനുഭവത്തില്‍ അവിടത്തെ ജീവനുള്ള ശിലകള്‍ക്കൊപ്പം ചരിക്കുമെന്നും, പുണ്യഭൂമി സന്ദര്‍ശിക്കാന്‍ സാധിക്കാത്തവര്‍ വിശുദ്ധനാട്ടിലും മദ്ധ്യപൂര്‍വ്വദേശത്ത് ആകമാനവും പീഡനങ്ങള്‍ അനുഭവിക്കുന്ന ക്രൈസ്തവര്‍ക്കും അവരുടെ സമാധാനത്തിനുംവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചു.
പെസഹാ രാത്രിയിലെ ക്രിസ്തുവെളിച്ചം നമ്മുടെ ലോകത്തെ പ്രകാശിപ്പിക്കട്ടെ, തിന്മയുടെ ഇരുട്ടു വ്യാപിച്ച ലോകത്തിന്‍റെ എല്ലാ മുക്കിലും മൂലയിലും അത് പരക്കട്ടെ, ഉത്ഥിതന്‍റെ സ്നേഹവും സമാധാനവുംകൊണ്ട് നമ്മുടെ ലോകം പ്രശാന്തമാവട്ടെ, എന്നാശംസിച്ചുകൊണ്ടാണ് പാത്രിയര്‍ക്കിസ് ത്വാല്‍ സന്ദേശം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.