2013-03-25 15:36:24

ഫ്രാന്‍സിസ് മാര്‍പാപ്പ നയിക്കുന്ന വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍


25 മാര്‍ച്ച് 2013, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന വിശുദ്ധവാര പരിപാടികളുടെ കാര്യക്രമം ആരാധനക്രമങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയം പ്രസിദ്ധീകരിച്ചു.
ക്രിസ്തുവിന്‍റെ ജരൂസലേം പ്രവേശനം അനുസ്മരിച്ചുകൊണ്ട് ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 9.30-ന് പാപ്പാ ഫ്രാന്‍സ്സിസ് നയിച്ച ഒലിവുചില്ലകളും കുരുത്തോലകളും ഏന്തിക്കൊണ്ടുള്ള പ്രദിക്ഷിണത്തോടെയാണ് വത്തിക്കാനില്‍ വിശുദ്ധ വാരാഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച സമൂഹദിവ്യബലിയില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ക്കൊപ്പം നിരവധി കര്‍ദിനാള്‍മാരും മെത്രാന്മാരും വൈദികരും സന്ന്യസ്തരും പങ്കുകൊണ്ടു.

മാര്‍ച്ച് 28ന് പെസഹാവ്യാഴാഴ്ച രാവിലെ 9.30-ന് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ മാര്‍പാപ്പ തൈലാശീര്‍വ്വാദ ബലിയര്‍പ്പിക്കും പൗരോഹിത്യ കൂട്ടായ്മയുടെ പ്രതീകമായി അന്ന് റോമാ രൂപതയിലെ
എല്ലാ കര്‍ദ്ദിനാളന്മാരും, മെത്രാന്മാരും, വൈദികരും സന്യാസവൈദികരും മാര്‍പാപ്പായോടൊപ്പം ബലിയര്‍പ്പിക്കും.
പെസഹാ വ്യാഴാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ തിരുവത്താഴപൂജ അര്‍പ്പിക്കുന്നത് റോമിലെ ഒരു ദുര്‍ഗുണപരിഹാരപാഠശാലയിലാണ്. വത്തിക്കാനില്‍നിന്നും ഏകദേശം 10 കിലോമീറ്റര്‍ അകലെയുള്ള ‘മാര്‍ബിള്‍ മന്ദിരം’ (casa del marmo) എന്ന ജയിലിനോടു ചേര്‍ന്നുള്ള ‘ദൈവം കാരുണ്യവാനായ പിതാവ്’ എന്ന കപ്പേളയില്‍ പെസഹാ വ്യാഴാഴ്ച, വൈകുന്നേരം 5.30-ന് (പ്രാദേശിക സമയം) പാപ്പ കാലുകഴുകല്‍ ശുശ്രൂഷ നടത്തിയശേഷം ബലിയര്‍പ്പിക്കുകയും വചനം പങ്കുവയ്ക്കുകയും ചെയ്യും.
മാര്‍ച്ച് 29ന് ദുഃഖവെള്ളിയാഴ്ച ആരാധനക്രമങ്ങള്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലാണ്. തിരുക്കര്‍മ്മങ്ങള്‍ വൈകുന്നേരം 5 മണിക്ക് വചനപ്രഘോഷണത്തോടെ ആരംഭിച്ച്, കുരിശാരാധന, ദിവ്യകാരുണ്യ സ്വീകരണം എന്നിവയോടെ സമാപിക്കും.

വെള്ളിയാഴ്ച രാത്രി 9.15-ന് ചരിത്രപുരാതനമായ കൊളോസിയത്തില്‍ മാര്‍പാപ്പ കുരിശിന്‍റെ വഴി നയിക്കും. കുരിശിന്‍റെ വഴിയുടെ സമാപനത്തില്‍ പാപ്പ പീഡാനുഭവ പ്രഭാഷണം നടത്തുകയും അപ്പസ്തോലികാശിര്‍വ്വാദം നല്കുകയും ചെയ്യും.

മാര്‍ച്ച് 30ന് , വലിയ ശനിയാഴ്ചയിലെ പെസഹാ ജാഗരകര്‍മ്മങ്ങള്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ രാത്രി 8.30ന് മണിക്ക് ആരംഭിക്കും. പുത്തന്‍ തീയും പെസഹാത്തിരിയും മാര്‍പാപ്പ ആശിര്‍വ്വദിച്ചു കഴിയുമ്പോള്‍ പെസഹാ പ്രഘോഷണമാണ്, തുര്‍ന്ന് വചനപ്രഘോഷണം, ജ്ഞാനസ്നാന വ്രതവാഗ്ദാനം, ദിവ്യബലിയര്‍പ്പണം.

ഈസ്റ്റര്‍ ഞായര്‍ പ്രഭാതപൂജ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ രാവിലെ 10.15-ന് ആരംഭിക്കും. ദിവ്യബലിയെത്തുടര്‍ന്ന് ഉച്ചയ്ക്ക് 12.00ന് ബസിലിക്കായുടെ പ്രധാന മട്ടുപ്പാവില്‍ എത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ പരമ്പരാഗതമായ Urbi et orbi, ‘റോമാ പട്ടണത്തിനും ലോകം മുഴുവനും’ എന്ന പ്രത്യേക സന്ദേശം നല്കുന്നതോടെ പെസഹാമഹോത്സവ പരിപാടികള്‍ സമാപിക്കും.








All the contents on this site are copyrighted ©.