2013-03-21 19:24:51

പുതിയ ആംഗ്ലിക്കന്‍ സഭാദ്ധ്യക്ഷന്
പാപ്പായുടെ അനുമോദനസന്ദേശം


21 മാര്‍ച്ച് 2013, വത്തിക്കാന്‍
ക്രിസ്തുവിനോടും അവിടുത്തെ സുവിശേഷത്തോടുമുള്ള വിശ്വസ്തയുടെ വിളിയാണ് അജപാലനശുശ്രൂഷയെന്ന് പാപ്പാ ഫ്രാന്‍സ്സിസ് പ്രസ്താവിച്ചു. മാര്‍ച്ച് 21-ാം വ്യാഴാഴ്ച ലണ്ടിലെ സെന്‍റ് പോള്‍ വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രലില്‍ അരങ്ങേറിയ ആംഗ്ലിക്കന്‍ സഭാദ്ധ്യക്ഷന്‍ ജസ്റ്റിന്‍ വെല്‍ബിയുടെ സ്ഥാനാരോഹണ കര്‍മ്മത്തോടനുബന്ധിച്ച് വത്തിക്കാനില്‍നിന്നും അയച്ച സന്ദേശത്തിലാണ് പാപ്പ ഫ്രാന്‍സ്സിസ് ഇങ്ങനെ പ്രസ്താവിച്ചത്.

“കൃപയും സമാധാനവും സമൃദ്ധമായി വര്‍ഷിക്കപ്പെടട്ടെ,” (1 പത്രോസ് 1, 2) എന്ന് പുതിയ ആംഗ്ലിക്കന്‍ സഭാദ്ധ്യക്ഷനുവേണ്ടി ആശംസിച്ച പാപ്പ, പ്രാര്‍ത്ഥന വാഗ്ദാനംചെയ്യുകയും, പുതുതായി ദൈവം തന്നെ ഭരമേല്പിച്ച അജപാലദൗത്യം നിര്‍വ്വഹിക്കുന്നതിനുവേണ്ട അനുഗ്രഹത്തിനായി തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചു.

ആസന്നഭാവില്‍ പരസ്പരം കാണാമെന്നും റോമിലെ സഭയുമായി ഇംഗ്ലണ്ടിലെ സഭയുടെ മുന്‍അദ്ധ്യക്ഷന്മാര്‍ കാണിച്ചിട്ടുള്ള സൗഹൃദവും ആത്മബന്ധവും തുടരണമെന്നും പാപ്പ അഭ്യര്‍ത്ഥിച്ചു.
ആംഗ്ലിക്കന്‍ സഭയുടെ പരമാധ്യക്ഷനായിരുന്ന കവിയും പണ്ഡിതനുമായ ആര്‍ച്ചുബിഷപ്പ് റോവന്‍ വില്യംസ് 2013 ഫെബ്രുവരിയില്‍ വിരമിച്ചതിനെ തുടര്‍ന്ന് സഭാ സമിതി വോട്ടെടുപ്പിലൂടെയാണ് റവറെന്‍റ് ജസ്റ്റിന്‍ വെല്‍ബിയെ സഭയുടെ പുതിയ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തത്.
കാന്‍റെര്‍ബറിയുടെ 105-ാമത്തെ മെത്രാപ്പോലീത്ത ലോകത്തുള്ള ഏഴുകോടിയിലേറെ ആംഗ്ലിക്കന്‍ വിശ്വസികളുടെ ആത്മീയാചാര്യനാണ്.








All the contents on this site are copyrighted ©.