2013-03-20 19:22:56

സ്വാഭാവികതയും ലാളിത്യവുംകൊണ്ട്
മനംകവരുന്ന പാപ്പായുടെ വ്യക്തിത്വം


20 മാര്‍ച്ച് 2013, വത്തിക്കാന്‍
സ്വാഭാവികതയുടെ മികവും ലാളിത്യവുംകൊണ്ട് ലോകത്തിന്‍റെ മനംകവര്‍ന്ന വ്യക്തിത്വമാണ് പാപ്പ ഫ്രാന്‍സ്സിസിന്‍റേതെന്ന്, മുമ്പൈ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രസ്താവിച്ചു.
പാപ്പാ ഫ്രാന്‍സ്സിസിന്‍റെ സ്ഥാനാരോഹണ കര്‍മ്മങ്ങള്‍ക്കുശേഷം റോമില്‍ മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് പാപ്പായുടെ വ്യക്തിത്വത്തെക്കുറിച്ച് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

തിരഞ്ഞെടുപ്പുദിനത്തില്‍ മാത്രമല്ല, സ്ഥാനരോഹണ കര്‍മ്മത്തിലും പ്രകടമായ പാപ്പായുടെ സ്വാഭാവിക ശൈലിയും ജനാഭിമുഖ്യമുള്ള താല്പര്യ ഭേദങ്ങളും വ്യതിരക്തമായ വിധത്തില്‍ ലോകത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വിലയിരുത്തി.

അര്‍ജന്‍റീനായിലെ ബുവനസ് ആയിരസ് അതിരൂപതയ്ക്കു പുറത്ത് അജ്ഞാതമായിരുന്ന പാപ്പാ ബര്‍ഗോളിയുടെ വ്യക്തിത്വവും ശൈലിയും ലോകം ശ്രദ്ധിച്ചു കഴിഞ്ഞുവെന്നും, അദ്ദേഹത്തില്‍ തിളങ്ങി നില്ക്കുന്ന അനിതരസാധാരണമായ ലാളിത്യവും എളിമയും പാപ്പാ സ്ഥാനത്തിന്‍റെ യാഥാത്ഥിതികതയെ കവച്ചുവയ്ക്കുന്നതാണെന്നും കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് കൂട്ടിച്ചേര്‍ത്തു.

പുതിയ ലോകമായ ലാറ്റിനമേരിക്കയിലെ അര്‍ജന്‍റീനായുടെ അജപാലന മേഖലയില്‍നിന്നും വരുന്ന പാപ്പാ ബര്‍ഗോലിയുടെ ഇറ്റാലിയന്‍ മൂലവും ഉത്ഭവവും റോമന്‍ കൂരിയയുടെ ഭരണസംവിധാനങ്ങളെ മനസ്സിലാക്കുവാനും ക്രമീകരിക്കുവാനും തന്‍റെ രണ്ടു മുന്‍ഗാമികളെക്കാള്‍ കൂടുതല്‍ സഹായകമാകുമെന്നും കര്‍ദ്ദിനാല്‍ ഗ്രേഷ്യസ് പ്രത്യാശിച്ചു.

ആര്‍ജന്‍റീനിയയിലേയ്ക്ക് ഒരു നൂറ്റാണ്ടു മുന്‍പു കുടിയേറിയ വടക്കെ ഇറ്റയിലിയിലെ പീഡ്മോണ്ടിലെ ബര്‍ഗോളി കര്‍ഷക കുടുംബാംഗമാണ്
പാപ്പാ ഫാര്‍സ്സിസ്.








All the contents on this site are copyrighted ©.