2013-03-20 19:39:12

പാപ്പായോടു കൈകോര്‍ത്തു
ചരിക്കുമെന്ന് ഫാദര്‍ നിക്കോളെ


20 മാര്‍ച്ച് 2013, വത്തിക്കാന്‍
സുവിശേഷത്തെപ്രതി സഭാ ശുശ്രൂഷയില്‍ ഊന്നലോടെ പാപ്പാ ഫ്രാന്‍സിസ്സിനോടു കൈകോര്‍ത്തു നില്ക്കുമെന്ന് ഈശോ സഭയുടെ സുപ്പീരിയര്‍ ജനറല്‍, അഡോള്‍ഫ് നിക്കോളെ പ്രസ്താവിച്ചു.
പാപ്പാ ഫ്രാന്‍സ്സിസുമായി വത്തിക്കാനില്‍ നടത്തിയ അനൗപചാരികമായ കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തിറക്കിയ ഹ്രസ്വപ്രസ്താവനയിലാണ് ഫാദര്‍ നിക്കോളെ ഇങ്ങനെ പ്രസ്താവിച്ചത്.

പാപ്പായുടെ ടെലിഫണിലൂടെയുള്ള ക്ഷണം സ്വീകരിച്ചുകൊണ്ടാണ് താല്ക്കാലിക വസതിയായ വിശുദ്ധ മാര്‍ത്തയുടെ മന്ദിരത്തില്‍ താന്‍ ചെന്നതെന്നും, തികച്ചും അനൗപചാരികവും വ്യക്തിപരവുമായിരുന്നു കൂടിക്കാഴ്ചയെന്നും ഫാദര്‍ നിക്കോളെ വെളിപ്പെടുത്തി.

വിശുദ്ധ മാര്‍ത്താ മന്ദിരത്തിന്‍റെ സ്വീകരണമുറിയില്‍വന്ന് പാപ്പാ ഫ്രാന്‍സ്സിസ് തന്നെ സ്വീകരിച്ചെന്നും അദ്ദേഹത്തിന്‍റെ ഹൃദ്യവും സാഹോദര്യപൂര്‍ണ്ണവുമായ പെരുമാറ്റത്തില്‍ ഔപചാരികതയും നടപടിക്രമങ്ങളും തെറ്റിച്ച് പരിശുദ്ധ പിതാവെന്നോ, പാപ്പയെന്നോ വിളിക്കാന്‍ മറന്നുപോയെന്നും ഫാദര്‍ നിക്കോളെ പറഞ്ഞു.
സഭാകാര്യങ്ങളെക്കുറിച്ച് പാപ്പായോട് ആരാഞ്ഞ വിഷയങ്ങളിലെല്ലാം
ഏറെ പരസ്പര ധാരണയും ഐകരൂപ്യവും ഉണ്ടയിരുന്നുവെന്നും, ഈശോസഭാ സഹോദരനെന്ന നിലയിലും ആഗോള സഭയുടെ തലവനായ പാപ്പാ എന്ന നിലയിലും കൂട്ടായി പ്രവര്‍ത്തിക്കാന്‍ ഈശോസഭയ്ക്കും തനിക്കു വ്യാക്തിപരമായും സാധിക്കുമെന്നും ഉറച്ചാണ് താന്‍ മാര്‍ത്താ മന്ദിരത്തില്‍നിന്നും മടങ്ങിയതെന്ന് ഫാദര്‍ നിക്കോളെ പ്രസ്താവനയിലൂടെ അറിയിച്ചു.

ഈശോ സഭയുടെ സ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയുടെ 30-ാമത്തെ പിന്‍ഗാമിയാണ് സ്പെയിന്‍കാരനായ ഫാദര്‍ അഡോള്‍ഫ് നിക്കോളെ. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഈശോ സഭാംഗം ആഗോളസഭാ തലവനായി ഉയര്‍ത്തപ്പെടുന്നത്.










All the contents on this site are copyrighted ©.