2013-03-19 16:30:28

‘കാരുണ്യത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവന്‍’ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആപ്തവാക്യം


19 മാര്‍ച്ച് 2013, വത്തിക്കാന്‍
മെത്രാനായപ്പോള്‍ സ്വീകരിച്ച സ്ഥാനിക ചിഹ്നവും ആപ്തവാക്യവും തന്നെയാണ് പേപ്പല്‍ സ്ഥാനിക ചിഹ്നങ്ങളായി ഫ്രാന്‍സിസ് മാര്‍പാപ്പ ഉപയോഗിക്കുന്നത്. മാര്‍പാപ്പമാരുടെ പരമ്പരാഗത സ്ഥാനിക ചിഹ്നനങ്ങളായ കിരീടം, പാലിയം, സ്വര്‍ണ്ണത്തിലും വെള്ളിയിലുമുള്ള താക്കോലുകള്‍ എന്നിവയ്ക്ക് ഉള്ളിലായാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്ഥാനിക ചിഹ്നം ആലേഖനം ചെയ്തിരിക്കുന്നത്. ഈശോസഭക്കാരുടെ ചിഹ്നമായ ജ്വലിക്കുന്ന സൂര്യനുള്ളില്‍ കുരിശും യേശുവിന്‍റെ രക്ഷാകര ദൗത്യം ദ്യോതിപ്പിക്കുന്ന IHS എന്ന അക്ഷരങ്ങളുമാണ് ആലേഖനം ചെയ്തിരിക്കുന്നത്. അതിന് താഴെയായി പരിശുദ്ധ കന്യകാമറിയത്തേയും വി.യൗസേപ്പിനേയും പ്രതിനിധാനം ചെയ്ത് ഒരു നക്ഷത്രവും ജഡാമഞ്ചി പുഷ്പവും ഉല്ലേഖനം ചെയ്തിരിക്കുന്നു.

"Miserando atque eligendo" ‘കാരുണ്യത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവന്‍’ എന്ന ആപ്തവാക്യമാണ് ഏറ്റവും താഴെ രേഖപ്പെടുത്തിയിരിക്കുന്നത്. ചുങ്കക്കാരനായ മത്തായിയെ തന്‍റെ ശിഷ്യാനാകാന്‍ ക്രിസ്തു വിളിക്കുന്ന സംഭവത്തെക്കുറിച്ച് വിശുദ്ധ ബീഡ് നല്‍കിയ ഒരു വിചിന്തനത്തില്‍ നിന്നാണ് ബെര്‍ഗോളിയോ മെത്രാന്‍ തന്‍റെ ആപ്തവാക്യം സ്വീകരിച്ചത്. പ്രസ്തുത പ്രഭാഷണത്തില്‍ “യേശു ആ ചുങ്കക്കാരനെ കണ്ടു, കരുണയോടെ അയാളെ തന്‍റെ അപ്പസ്തോലനായി തിരഞ്ഞെടുത്തുകൊണ്ട് പറഞ്ഞു: എന്നെ അനുഗമിക്കുക” എന്ന് സംപൂജ്യനായ ബീഡ് രേഖപ്പെടുത്തിയിരിക്കുന്നു.








All the contents on this site are copyrighted ©.