2013-03-19 16:30:18

മുക്കുവന്‍റെ മോതിരം


19 മാര്‍ച്ച് 2013, വത്തിക്കാന്‍
പോള്‍ ആറാമന്‍ മാര്‍പാപ്പയ്ക്കുവേണ്ടി ഇറ്റാലിയന്‍ ശില്‍പി എന്‍ററിക്കോ മാന്‍ഫ്രിനി രൂപകല്‍പന ചെയ്ത മോതിരമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ‘മുക്കുവന്‍റെ മോതിരമായി’ സ്വീകരിച്ചതെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാര്‍ദി വെളിപ്പെടുത്തി. താക്കോലേന്തിയ വിശുദ്ധ പത്രോസ് അപ്പസ്തോലനെയാണ് മോതിരത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനു മുന്‍പ് ഈ മോതിരം ലോഹത്തില്‍ പണിതിട്ടില്ല. രണ്ടാം വത്തിക്കാന്‍ സൂന്നഹദോസിനോട് അനുബന്ധിച്ച് പണിതീര്‍ത്ത ഒരു മോതിരമാണ് പോള്‍ ആറാമന്‍ മാര്‍പാപ്പ അണിഞ്ഞിരുന്നതെന്ന് ഫാ.ലൊംബാര്‍ദി അനുസ്മരിച്ചു. എന്‍ററിക്കോ മാന്‍ഫ്രിനി രൂപകല്‍പന ചെയ്ത് മാര്‍പാപ്പയ്ക്ക് സമ്മാനിച്ച മോതിരത്തിന്‍റെ ഒരു പകര്‍പ്പ് പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന മോണ്‍.പാസ്ക്വല്‍ മാക്കി സൂക്ഷിച്ചിരുന്നു. മോണ്‍. മാക്കിയില്‍ നിന്നും മോതിരത്തിന്‍റെ പകര്‍പ്പ് സ്വീകരിച്ച മോണ്‍. എത്തോരെ മാല്‍നാത്തിയാണ് കര്‍ദിനാള്‍ ജൊവാന്നി ബാറ്റിസ്റ്റ റേ മുഖേന പേപ്പല്‍ ആരാധാനക്രമങ്ങളുടെ ചുമതല നിര്‍വ്വഹിക്കുന്ന മോണ്‍.ഗ്വീദോ മരീനിയ്ക്ക് നല്‍കിയത്. ഇതര മാതൃകകളും മാര്‍പാപ്പയ്ക്ക് സമര്‍പ്പിച്ചിരുന്നെങ്കിലും പാപ്പ തിരഞ്ഞെടുത്തത് ഈ മോതിരമാണ്. വെള്ളിയില്‍ സ്വര്‍ണ്ണം പൂശിയാണ് ‘മുക്കുവന്‍റെ മോതിരം’ നിര്‍മ്മിച്ചിരിക്കുന്നതെന്നും ഫാ.ലൊംബാര്‍ദി വെളിപ്പെടുത്തി.








All the contents on this site are copyrighted ©.