2013-03-19 16:29:14

അര്‍ജ്ജന്‍റീനയിലേക്ക് മാര്‍പാപ്പയുടെ അപ്രതീക്ഷിത ടെലിഫോണ്‍ സന്ദേശം


19 മാര്‍ച്ച് 2013, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്രതീക്ഷിതമായ ടെലിഫോണ്‍ സന്ദേശത്തില്‍ അര്‍ജ്ജന്‍റീനക്കാര്‍ സ്തംബ്ധരായി . 19ാം തിയതി ചൊവ്വാഴ്ച വി.യൗസേപ്പിതാവിന്‍റെ തിരുന്നാള്‍ ദിനത്തില്‍ സ്ഥാനാരോഹണ ദിവ്യബലിക്കുമുന്‍പാണ് മാര്‍പാപ്പ തന്‍റെ മുന്‍ അതിരൂപതായായ ബ്യൂനൊസ് എയിരെസിലെ വിശ്വാസസമൂഹത്തോട് ടെലഫോണ്‍ വഴി സംസാരിച്ചത്.
“നിങ്ങളെല്ലാവരും (കത്തീഡ്രല്‍) മൈതാനത്ത് നിന്ന് പ്രാര്‍ത്ഥിക്കുകയാണെന്ന് എനിക്കറിയാം. നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്കു നന്ദി” എന്ന വാക്കുകളോടെ സംസാരം ആരംഭിച്ച മാര്‍പാപ്പ അവരോട് ഒരഭ്യര്‍ത്ഥനയും നടത്തി. പരസ്പരം സഹായിച്ചുകൊണ്ട് ഒത്തൊരുമയോടെ മുന്നോട്ടു പോകണമെന്നായിരുന്നു പാപ്പായുടെ അഭ്യര്‍ത്ഥന. പരസ്പരം വേദനിപ്പിക്കാതെ ജീവിക്കണം. കുടുംബത്തെ സംരക്ഷിക്കണം. പ്രകൃതിയെ പരിപാലിക്കണം, കുഞ്ഞുങ്ങളേയും വയോധികരേയും ശുശ്രൂഷിക്കണം. വിദ്വേഷവും വൈരാഗ്യവും വഴക്കും കൂടാതെ ജീവിക്കണമെന്നും പരസ്പരം വേദനിപ്പിക്കരുതെന്നും പാപ്പ അവരെ ഉത്ബോധിപ്പിച്ചു. കരുണാനിധിയായ ദൈവത്തിന്‍റെ പക്കലണയുവാന്‍ അവരെ ക്ഷണിച്ച മാര്‍പാപ്പ പരിശുദ്ധ കന്യകാമറിയത്തിന്‍റെ അനുഗ്രഹാശിസുകളും അവര്‍ക്കു നേര്‍ന്നു. “നിങ്ങളില്‍ നിന്ന് ഏറെ അകലെയാണെങ്കിലും നിങ്ങളെ അത്രമേല്‍ സ്നേഹിക്കുന്ന നിങ്ങളുടെ ഈ മെത്രാനെ മറക്കരുതേ. എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍” എന്ന് പറഞ്ഞുകൊണ്ടാണ് മാര്‍പാപ്പ തന്‍റെ വാക്കുകള്‍ അവസാനിപ്പിച്ചത്.

ഇറ്റാലിയന്‍ സമയത്തേക്കാള്‍ നാല് മണിക്കൂര്‍ പിന്നിലാണ് അര്‍ജ്ജന്‍റീനയിലെ സമയം. ഇറ്റാലിയന്‍ സമയം രാവിലെ 7.30ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിളിക്കുമ്പോള്‍ ബ്യൂനെസ് എയിരെസില്‍ സമയം പുലര്‍ച്ചെ 3.30 ആയിരുന്നെങ്കിലും മാര്‍പാപ്പയുടെ സ്ഥാനാരോഹണ ദിവ്യബലിക്കായി പ്രാര്‍ത്ഥിച്ചൊരുങ്ങാനും തല്‍സമയ സംപ്രക്ഷണം കാണാനും തയ്യാറെടുത്ത് ഒരു വന്‍ ജനാവലി അതിരൂപതയുടെ കത്തീഡ്രല്‍ അങ്കണത്തില്‍ സന്നിഹിതരായിരുന്നു. മാര്‍പാപ്പയോടു സംസാരിച്ച കത്തീഡ്രല്‍ റെക്ടര്‍ ഫാ.അലെഹാന്‍ഡ്രോ ഉടന്‍ തന്നെ ഫോണ്‍ ഉച്ചഭാഷണിയുമായി ബന്ധിപ്പിച്ച് വിശ്വാസസമൂഹത്തിനു മുഴുവന്‍ മാര്‍പാപ്പയെ ശ്രവിക്കാന്‍ അവസരമൊരുക്കി.








All the contents on this site are copyrighted ©.