2013-03-18 15:53:46

ഫ്രാന്‍സിസ്സ് അസ്സീസിയുടെ പേര് സ്വീകരിച്ച മാര്‍പാപ്പ


“ഹബേമൂസ് പാപ്പാം! നമുക്കൊരു മാര്‍പാപ്പയെ ലഭിച്ചിരിക്കുന്നു. അര്‍ജ്ജന്‍റീനാക്കാരനായ കര്‍ദിനാള്‍ ജോര്‍ജ്ജോ മരിയ ബെര്‍ഗോളിയോ, ഫ്രാന്‍സിസ് മാര്‍പാപ്പ എന്ന പേരില്‍ അറിയപ്പെടും” 13ാം തിയതി ബുധനാഴ്ച സാര്‍വ്വത്രിക സഭയുടെ 266ാമത് മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുതല്‍ ആരംഭിച്ച ഊഹാപോഹങ്ങളിലൊന്നാണ് “ഏത് ഫ്രാന്‍സിസ്?” കത്തോലിക്കാ സഭയില്‍ വിശുദ്ധരായ നിരവധി ഫ്രാന്‍സിസ്സുമാരുണ്ട്, അസ്സീസിയിലെ വി.ഫ്രാന്‍സിസ്, ഇശോസഭാംഗമായ ഫ്രാന്‍സീസ് സേവ്യര്‍, മാധ്യമപ്രവര്‍ത്തകരുടെ മധ്യസ്ഥനായ ഫ്രാന്‍സിസ് സാലെസ് അങ്ങനെ പോകുന്നു ആ നിര....അതിലേതു ഫ്രാന്‍സിസാണെന്ന് വ്യക്തമാകാതെ മാധ്യമപ്രവര്‍ത്തകര്‍ ആശയക്കുഴപ്പത്തിലായി. വി.പത്രോസിന്‍റെ ബസിലിക്കയിലെ ബാല്‍ക്കണയില്‍ വിശ്വാസസമൂഹത്തിന്‍റെ പ്രാര്‍ത്ഥന യാചിച്ചുകൊണ്ട് നമ്രശിരസ്ക്കനായി നിന്ന മാര്‍പാപ്പ ലാളിത്യത്തിന്‍റെ ആള്‍രൂപമാണെന്ന് വ്യക്തമായെങ്കിലും അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് ഒന്നും വ്യക്തമായി പറഞ്ഞില്ല.
ഒടുവില്‍ അദ്ദേഹം ആ വെളിപ്പെടുത്തല്‍ നടത്തിയതോ എല്ലാ ഊഹാപോഹങ്ങളും ഊതിക്കത്തിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലും. 16ാം തിയതി ശനിയാഴ്ച രാവിലെ വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലായിരുന്നു ലോകം കാതോര്‍ത്തിരുന്ന ആ വെളിപ്പെടുത്തല്‍. പതിവുപോലെ ലളിതമായ വസ്ത്രങ്ങളും ഒരു സാധാരണ കറുത്ത ഷൂസും ധരിച്ചുകൊണ്ട് കൂടിക്കാഴ്ച്ചയ്ക്കെത്തിയ മാര്‍പാപ്പ മുന്‍കൂട്ടി തയ്യാറാക്കിയ പ്രസംഗം ആരംഭിച്ചെങ്കിലും ഇടയ്ക്ക് ആ പേപ്പറുകള്‍ മാറ്റിവച്ചുകൊണ്ട് പറഞ്ഞു:
“റോമാ രൂപതയുടെ മെത്രാന്‍ ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ചതെന്തുകൊണ്ടാണെന്ന് അറിയാത്തവരുണ്ട്...അതിന്‍റെ പിന്നിലെ കഥ ഞാന്‍ നിങ്ങളോടു പറയാം. മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ എന്‍റെ തൊട്ടടുത്ത് ഇരുന്നിരുന്നത് കര്‍ദിനാള്‍ ക്ലൗദിയോ ഹ്യൂമെസാണ്. വലിയൊരു സുഹൃത്താണദ്ദേഹം. കാര്യം ഗുരുതരമാകുകയാണെന്ന് തോന്നുമ്പോള്‍ അദ്ദേഹം എന്നെ സമാധാനിപ്പിക്കും! ഒടുവില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷമെത്തിയപ്പോള്‍ പുതിയ മാര്‍പാപ്പയെ ലഭിച്ച സന്തോഷത്തില്‍ കര്‍ദിനാള്‍മാരെല്ലാവരും കയ്യടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു. അപ്പോള്‍ കര്‍ദിനാള്‍ ഹ്യൂമെസ് എന്‍റെ അടുത്തേക്ക് വന്ന് ആശ്ലേഷിച്ച് ചുംബിച്ചിട്ടു പറഞ്ഞു ‘ദരിദ്രരെ മറക്കരുത് കേട്ടോ!’ അത് എന്‍റെ തലയില്‍ ഉറച്ചു, ‘ദരിദ്രര്‍, ദരിദ്രര്‍...’ ദരിദ്രരെക്കുറിച്ച് ഓര്‍ത്തപ്പോള്‍ എന്‍റെ മനസ്സില്‍ ആദ്യം വന്നത് അസ്സീസിയിലെ ഫ്രാന്‍സീസാണ്, പിന്നെ ഞാന്‍ യുദ്ധത്തെക്കുറിച്ച് ആലോചിച്ചു...അപ്പോഴും വോട്ടെണ്ണല്‍ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. അതേ ഫ്രാന്‍സീസ്സ് സമാധാനത്തിന്‍റെ മനുഷ്യനായിരുന്നു. അങ്ങനെ ആ പേര് എന്‍റെ മനസില്‍ തെളിഞ്ഞു: ഫ്രാന്‍സീസ്സ് അസ്സീസി, ദരിദ്രനായ മനുഷ്യന്‍, സമാധാനത്തിന്‍റെ വക്താവ്, പ്രകൃതി സ്നേഹി. ദരിദ്രനായ ആ മനുഷ്യന്‍ സമാധാനത്തിന്‍റെ അരൂപി നമുക്കു നല്‍കി. ദരിദ്രയായ സഭയെ ദരിദ്രര്‍ക്കൊപ്പം കാണാന്‍ എനിക്കെത്ര ആഗ്രഹമുണ്ടെന്നോ!
പേരിന്‍റെ പേരില്‍ കര്‍ദിനാള്‍മാര്‍ പറഞ്ഞ ചില തമാശകളും ഫ്രാന്‍സിസ് മാര്‍പാപ്പ മാധ്യമ പ്രവര്‍ത്തകരോട് പങ്കുവയ്ച്ചു, “പരിശുദ്ധ പിതാവേ, അങ്ങ് വിളിക്കപ്പെടേണ്ടത് അഡ്രിയാന്‍ മാര്‍പാപ്പയെന്നാണ്, അഡ്രിയാന്‍ ആറാമന്‍ മാര്‍പാപ്പ വിഖ്യാത പരിഷ്ക്കര്‍ത്താവായിരുന്നില്ലേ? ഇന്ന് പരിഷ്ക്കരണം ആവശ്യമല്ലേ?”
അപ്പോള്‍ മറ്റൊരു കര്‍ദിനാള്‍ പറഞ്ഞു, “അല്ല, അല്ല, ക്ലമന്‍റ് എന്ന പേരായിരുന്നു അങ്ങ് സ്വീകരിക്കേണ്ടിയിരുന്നത്,” “അതെന്താ?” “അങ്ങ് ക്ലമന്‍റ് പതിനഞ്ചാമന്‍ എന്ന പേര് സ്വീകരിക്കണമായിരുന്നു, ഇശോ സഭക്കാര്‍ക്കെതിരേ നടപടി സ്വീകരിച്ച ക്ലമന്‍റ് പതിനാലാമന്‍ മാര്‍പാപ്പയോട് അങ്ങനെ പകരം വീട്ടാമല്ലോ”.......

കര്‍ക്കശമായ പരിഷ്ക്കരണമോ, പകരം വീട്ടല്ലോ അല്ല, പ്രകൃതി സ്നേഹിയും സമാധാനപ്രിയനുമായ ആ ദരിദ്രമനുഷ്യന്‍റെ മാതൃകയാണ് താന്‍ തിരഞ്ഞെടുത്തതെന്ന് എന്ന് പ്രവര്‍ത്തികളിലൂടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ തെളിയിക്കുന്നത്....... സ്വജീവിതത്തിലൂടെ സഭാ ചരിത്രത്തില്‍ അദ്ദേഹം കുറിക്കുന്ന മാറ്റത്തിന്‍റെ പുതിയ അദ്ധ്യായങ്ങള്‍ക്കായി നമുക്ക് കാത്തിരിക്കാം.








All the contents on this site are copyrighted ©.