2013-03-18 16:04:21

പോപ്പ് ഫ്രാന്‍സിസ് അര്‍ജ്ജന്‍റീനയുടെ പ്രസിഡന്‍റുമായി കൂടിക്കാഴ്ച്ച നടത്തി


18 മാര്‍ച്ച് 2013, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍ജ്ജന്‍റീനയുടെ പ്രസിഡന്‍റ് ക്രിസ്റ്റീന ഫെര്‍ണാണ്ടസുമായി കൂടിക്കാഴ്ച്ച നടത്തി. അര്‍ജ്ജന്‍റീന സ്വദേശിയായ പ്രഥമ മാര്‍പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ വത്തിക്കാനിലെത്തിയ പ്രസിഡന്‍റുമായി തിങ്കളാഴ്ച രാവിലെയാണ് മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തിയത്‍. വത്തിക്കാനിലെ സാന്താമാര്‍ത്താ മന്ദിരത്തില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച. മാര്‍പാപ്പയുടെ ഔദ്യോഗിക വസതിയായ അപ്പസ്തോലിക അരമനയില്‍ ചില അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഏകദേശം രണ്ടാഴ്ച്ചക്കാലം സാന്താമാര്‍ത്താ മന്ദിരത്തില്‍ താമസിക്കുമെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാര്‍ദി അറിയിച്ചിരുന്നു.
മാര്‍പാപ്പയുടെ ക്ഷണം സ്വീകരിച്ച് പാപ്പായോടൊപ്പം ഉച്ചഭക്ഷണം കഴിച്ചതിനു ശേഷമാണ് പ്രസിഡന്‍റ് ക്രിസ്റ്റീന മടങ്ങിയത്. 19ാം തിയതി ചൊവ്വാഴ്ച പേപ്പല്‍ വത്തിക്കാന്‍ ചത്വരത്തില്‍ നടക്കുന്ന പേപ്പല്‍ സ്ഥാനാരോഹണ ചടങ്ങിലെ മുഖ്യ അതിഥികളിലൊരാളാണ് ക്രിസ്റ്റീന ഫെര്‍ണാണ്ടസ്.

തിങ്കളാഴ്ച രാവിലെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെയുമായും മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തി.
ഞായറാഴ്ച വൈകീട്ട് ഈശോ സഭയുടെ സുപ്പീരിയര്‍ ജനറല്‍ ഫാ.അഡോള്‍ഫ് നിക്കോള്‍സുമായും കാസില്‍ ഗണ്‍ഡോള്‍ഫോ ഉള്‍പ്പെടുന്ന അല്‍ബാനം രൂപതയുടെ അദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ച്ചെല്ലോ സെമരേരോ എന്നിവരുമായും മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.








All the contents on this site are copyrighted ©.