2013-03-18 16:04:33

പേപ്പല്‍ സ്ഥാനാരോഹണത്തിന് വത്തിക്കാന്‍ ഒരുങ്ങുന്നു


18 മാര്‍ച്ച് 2013, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്ഥാനാരോഹണ ദിവ്യബലിക്കായുള്ള ഒരുക്കങ്ങള്‍ വത്തിക്കാനില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. കര്‍ദിനാള്‍ ജോര്‍ജ്ജോ മരിയ ബെര്‍ഗോളിയോ മാര്‍ച്ച് 13നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. പാപ്പായുടെ സ്ഥാനാരോഹണ ദിവ്യബലി 19ാം തിയതി ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 9.30നാണ് ദിവ്യബലി. സഹകാര്‍മ്മികരായ കര്‍ദിനാള്‍മാര്‍ക്കും പാത്രിയാര്‍ക്കീസുമാര്‍ക്കും പുറമേ ഇരുനൂറ്റി അന്‍പതോളം മെത്രാപ്പോലീത്താമാരും മെത്രാന്‍മാരും വി.കുര്‍ബ്ബാനയില്‍ സംബന്ധിക്കും. രാവിലെ ഒന്‍പതു മണിയോടെ തുറന്ന പേപ്പല്‍ വാഹനത്തില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെത്തുന്ന മാര്‍പാപ്പ വിശ്വാസസമൂഹത്തിനിടയിലൂടെ വലംവെയ്ക്കുമെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാര്‍ദി വെളിപ്പെടുത്തി. 132 രാഷ്ട്രങ്ങളുടെ ഔദ്യോഗിക പ്രതിനിധികള്‍ സ്ഥാനാരോഹണ ദിവ്യബലിയില്‍ പങ്കെടുക്കാനത്തുന്നുണ്ട്. ഞായറാഴ്ച മാര്‍പാപ്പയുടെ പ്രഥമ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം ശ്രവിക്കാന്‍ മാത്രം ഒന്നര ലക്ഷത്തിലേറെ പേര്‍ വത്തിക്കാനിലെ വി.പത്രോസിന്‍റെ ചത്വരത്തിലെത്തിയിരുന്നു.








All the contents on this site are copyrighted ©.