2013-03-18 16:03:49

ക്രിസ്തുവിന്‍റെ കരുണയില്‍ ആശ്രയം തേടാന്‍ മാര്‍പാപ്പയുടെ ആഹ്വാനം


18 മാര്‍ച്ച് 2013, വത്തിക്കാന്‍
ക്രിസ്തുവിന്‍റെ കരുണയില്‍ ആശ്രയം തേടാന്‍ ഫ്രാന്‍സ്സിസ് മാര്‍പാപ്പയുടെ ആഹ്വാനം. ഞായറാഴ്ച രാവിലെ വത്തിക്കാനിലെ വി. അന്നയുടെ നാമധേയത്തിലുള്ള ഇടവക ദേവാലയത്തില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ നല്‍കിയ വചന സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയോട് ക്രിസ്തു കരുണയോടെ പെരുമാറിയ സുവിശേഷഭാഗത്തെ കേന്ദ്രമാക്കി വിചിന്തനം നല്‍കിയ മാര്‍പാപ്പ ക്രിസ്തുവിന്‍റെ കരുണയില്‍ ആശ്രയം തേടാനും കരുണയെന്ന പുണ്യം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും വിശ്വാസസമൂഹത്തെ ആഹ്വാനം ചെയ്തു. മാര്‍പാപ്പയുടെ ലളിതവും ഹ്രസ്വവുമായിരുന്ന പ്രഭാഷണം തങ്ങളെ ആഴത്തില്‍ സ്പര്‍ശിച്ചുവെന്ന് ദിവ്യബലിയില്‍ സംബന്ധിച്ചവര്‍ പറഞ്ഞു. ദിവ്യബലിക്കുശേഷം ദേവാലയത്തിലുണ്ടായിരുന്ന ജനത്തിന്‍റെ അടുത്തെത്തി അവരോട് കുശലാന്വേഷണം നടത്തിയ മാര്‍പാപ്പയെ അമ്പരപ്പോടെയാണ് ജനം എതിരേറ്റത്. തുടര്‍ന്ന് ഇടവക പള്ളിയുടെ സമീപം വത്തിക്കാന്‍റെ കവാടത്തിനു പുറത്ത് നിന്നിരുന്ന ജനക്കൂട്ടത്തിനടുത്തേക്കും മാര്‍പാപ്പയെത്തി. അവര്‍ക്ക് ഹസ്തദാനം നല്‍കിയും ആശ്ലേഷിച്ചും തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ അഭ്യര്‍ത്ഥന നടത്തിയും കുറച്ചു നേരം അവര്‍ക്കൊപ്പം പാപ്പ ചിലവഴിച്ചു. മാര്‍പാപ്പ തന്നോട് സംസാരിക്കുന്നവരെ സശ്രദ്ധം ശ്രവിച്ച് വാത്സല്യപൂര്‍വ്വം അവര്‍ക്ക് മറുപടി നല്‍കുന്ന ദൃശ്യങ്ങള്‍ ലോകമാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് പ്രക്ഷേപണം ചെയ്തത്.








All the contents on this site are copyrighted ©.