2013-03-17 19:19:46

സഭാസ്ഥാപനം രാഷ്ട്രീയമല്ല
സുവിശേഷാത്മകമായ ആത്മീയ കൂട്ടായ്മയെന്ന്


17 മാര്‍ച്ച് 2013, വത്തിക്കാന്‍
(മാധ്യമ ലോകത്തിനു നല്കിയ സന്ദേശത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍)
എന്‍റെ സഭാ ശുശ്രൂഷയുടെ ആരംഭത്തില്‍ ലോക മാധ്യമപ്രവര്‍ത്തരെ, വിശിഷ്യാ ഈ ദിവസങ്ങളില്‍ റോമില്‍ പ്രവര്‍ത്തിച്ച മാധ്യമ പ്രവര്‍ത്തരെ അഭിസംബോധന ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ട്. എന്‍റെ മുന്‍ഗാമി, ആദരണീയനായ ബനഡ്ക്ട് 16-ാമന്‍ പാപ്പായുടെ സ്ഥാനത്യഗ പ്രഖ്യാപനം മുതല്‍ ഈ ദിവസങ്ങളിലെല്ലാം നിങ്ങള്‍ കഠിനാദ്ധ്വാനംചെയ്യുകയായിരുന്നു. നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും എന്‍റെ ആഭിവാദ്യങ്ങള്‍, അനുമോദനങ്ങള്‍.

മാധ്യമങ്ങളുടെ പ്രാധാന്യം ഏറെ വര്‍ദ്ധിച്ച കാലമാണിത്. ആനുകാലിക സംഭവങ്ങള്‍ ലോകത്തെ അറിയിക്കാന്‍ മാധ്യമങ്ങള്‍ അനിവാര്യമാണ്. നിങ്ങള്‍ ഈ ദിവസങ്ങളില്‍ സഭയെയും പാപ്പായെയുംകുറിച്ചും ലോകത്തിനു നല്കിയ അനുസ്യൂത വിനിമയത്തിന്‍റെ കഠിനാദ്ധ്വാനത്തിന് നന്ദിപറയുന്നു. അങ്ങനെ നിത്യനഗരമായ വത്തിക്കാനിലേയ്ക്ക് നിങ്ങള്‍ ലോകശ്രദ്ധ ആകര്‍ഷിച്ചു. അപ്പസ്തോല പ്രമുഖനായ പത്രോസിന്‍റെ സ്മൃതിമണ്ഡപത്തെ നിങ്ങള്‍ ദൃശൃ-ശ്രാവ്യ മാധ്യമങ്ങളിലൂടെ ലോകത്തിന്‍റെ ആകര്‍ഷണ കേന്ദ്രമാക്കി മാറ്റി. ഇനിയുള്ള ദിവസങ്ങളിലും നിങ്ങള്‍ പരിശുദ്ധ സിംഹാസനത്തെക്കുറിച്ചും സഭയെക്കുറിച്ചും അതിന്‍റെ ഘടനയെക്കുറിച്ചും, വിശ്വാസ പാരമ്പര്യങ്ങളെക്കുറിച്ചും, വിശിഷ്യാ സഭാതലവനായ പാപ്പായെക്കുറിച്ചും, ശുശ്രൂഷാ ദൗത്യത്തെക്കുറിച്ചും വ്യാപകമായി കര്‍മ്മക്ഷമമാകുമെന്നും എനിക്കറിയാം.

ഈ ദിവസങ്ങിളിലെ സംഭവങ്ങളെ നിരീക്ഷിച്ച് വിശിഷ്യാ, അതിന്‍റെ സത്യസന്ധവും വിശ്വാസപരവുമായ വശങ്ങളെ വ്യാപനംചെയ്ത മാധ്യമ ലോകത്തിന് പ്രത്യേകം നന്ദിപറയുന്നു.
ഇന്നിന്‍റെ ചരിത്ര സംഭവങ്ങള്‍ എല്ലാം സങ്കീര്‍ണ്ണങ്ങളാണ്, എല്ലാറ്റിനും അവയുടെ ആത്മീയവും വിശ്വാസപരവുമായ വശവും ഉണ്ട്. സഭാ സംഭവങ്ങള്‍ തീര്‍ച്ചയായും രാഷ്ട്രീയ സാമ്പത്തിക കാര്യങ്ങളെക്കാള്‍ ബഹുലമാണ്. ഭൗതികമായ യുക്തിയിലല്ല സഭാകാര്യങ്ങള്‍ നീങ്ങുന്നത് എന്ന വസ്തുതയും ശ്രദ്ധിക്കേണ്ടതും, അക്കാരണത്താല്‍ വൈവിധ്യാമാര്‍ന്ന ലോകഗതിയിലേയ്ക്ക് അവ വ്യാഖ്യാനിക്കാനും വിനിമയംചെയ്യാനും അത്ര എളുപ്പമല്ല എന്ന വസ്തുത മനസ്സിലാക്കിയിരിക്കേണ്ടതാണ്. സഭ മാനുഷികവും ചരിത്രപരവുമായ സ്ഥാപനമാണെങ്കിലും, വിശദമായി പരിശോധിച്ചാല്‍ നിങ്ങള്‍ക്കു മനസ്സിലാകും അത് അടിസ്ഥാനപരമായും ആത്മീയ സ്ഥാപനമാണ്, രാഷ്ട്രീയമല്ല. ക്രിസ്തുവിന്‍റെ പ്രബോധനങ്ങള്‍ക്കനുസൃതമായി ചരിക്കുന്ന ദൈവജനമാണ് സഭ. ഈ പ്രവര്‍ത്തനശൈലിയും കാഴ്ചപ്പാടും മനസ്സിലാക്കിയെങ്കില്‍ മാത്രമേ, സഭയെക്കുറിച്ചുള്ള വിവിരങ്ങള്‍ കാര്യമാത്ര പ്രസക്തമായി ജനങ്ങളെ അറിയിക്കാന്‍ ആധുനിക സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കു സാധിക്കൂ.

ക്രിസ്തുവാണ് സഭയുടെ ഇടയനും നായകനും. മനുഷ്യസ്വാതന്ത്ര്യത്തിന്‍റെയും ആത്മീയതയുടെയും കൂട്ടായ മേഖലയിലാണ് സഭ നിലനില്ക്കുന്നത്. ഇന്നും സഭാ ശുശ്രൂഷയിലേയ്ക്ക് അവരില്‍ ഒരാളെയാണ് പത്രോസിന്‍റെ പിന്‍ഗാമിയായി വിളിക്കുന്നതെങ്കിലും, സഭയുടെ കേന്ദ്രം ക്രിസ്തുതന്നെയാണ്. അതിന്‍റെ സ്പന്ദിക്കുന്ന ഹൃദയവും സിരാകേന്ദ്രവും ക്രിസ്തുവാണ്. അവിടുന്നില്ലാതെ പത്രോസിനോ, സഭാ സ്ഥാപനത്തിനോ സഭാതലവനോ നിലനില്പില്ല. മുന്‍പാപ്പ ബനഡിക്ട് 16-ാമന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളതുപോലെ, ക്രിസ്തു സഭയില്‍ ഇന്നും സന്നിഹിതനാണ്. അവിടുന്നാണ് അതിനെ നയിക്കുന്നത്. സഭയിലുണ്ടായ സംഭവ വികാസങ്ങളുടെ പ്രായോക്താവും സൂത്രധാരനും ദൈവാരൂപിയാണ്. എന്‍റെ മുന്‍ഗാമിയായ പാപ്പായുടെ സ്ഥാനത്യാഗവും, തുടര്‍ന്ന് കര്‍ദ്ദിനാളന്മാര്‍ നടത്തിയ തിരഞ്ഞെടുപ്പും ദൈവാത്മാവിന്‍റെ പ്രവര്‍ത്തനം തന്നെയാണ്.

പ്രിയ സുഹൃത്തുക്കളേ, ഇനിയും നിങ്ങള്‍ പങ്കുചേരുവാന്‍ പോകുന്ന സംഭവങ്ങള്‍ മാധ്യമ ലോകത്തിന്‍റെ വ്യാഖ്യാന ചക്രവാളത്തില്‍ കാണുകയും, അവയുടെ ഊറ്റവും ഉള്‍ക്കട്ടിയും മനസ്സിലാക്കി വിവരിക്കുവാനും സംവേദനംചെയ്യുവാനും നിങ്ങള്‍ക്കു സാധിക്കട്ടെ. സഭ ഏറെ വെല്ലുവിളികള്‍ നേരിടുന്ന ഈ ചരിത്രഘട്ടത്തില്‍ നിങ്ങള്‍ നല്കിയ പിന്‍തുണയ്ക്ക് ആത്മാര്‍ത്ഥമായി നന്ദിയര്‍പ്പിക്കുന്നു. ഒപ്പം സഭയുടെ യഥാര്‍ത്ഥ സ്വഭാവവും ഘടനയും മനസ്സിലാന്‍ പരിശ്രമിക്കണമെന്നും നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

ഈ ലോകഗതിയില്‍ സഭയുടെ പുണ്യവും പാപവും ആത്മീയ ലക്ഷൃങ്ങളും മനസ്സിലാക്കിയാല്‍ സഭയെക്കുറിച്ച് കൂടുതല്‍ സത്യസന്ധമായി സമൂഹമനസ്സില്‍ സുഖകരവും പരസ്പര സഹായകരവുമായ വിധത്തില്‍ ആശയവിനിമയം ചെയ്യാന്‍ നിങ്ങള്‍ക്കു സാധിക്കും. നിങ്ങളുടെ സേവനങ്ങള്‍ ഏറെ വിലമതിക്കുകയും മാനിക്കുകയും ചെയ്യുന്നു. കാലഘട്ടത്തിന്‍റെ ആശകളും പ്രത്യാശകളും പരക്കെയും ഫലപ്രദമായും ആവിഷ്ക്കരിക്കുവാനും പ്രതിഫലിപ്പിക്കുവാനും കരുത്തും സ്വാതന്ത്ര്യവുമുള്ള മാധ്യമങ്ങള്‍ സമൂഹത്തിന്‍റെ കണ്ണും കാതുമായിരിക്കട്ടെ.

ചരിത്രത്തില്‍ ആദ്യമായിട്ടാണ് പാപ്പാ ഫ്രാന്‍സിസ്സ് എന്ന പേരു വരുന്നത്. ഞാന്‍ സ്വീകരിച്ച ഫ്രാന്‍സ്സിസ് എന്ന നാമത്തില്‍ ധാരാളം പേര്‍ കൗതുകമുണര്‍ത്തുന്നുണ്ട്. ചിലര്‍ അത് വിശുദ്ധ ഫ്രാന്‍സ്സിസ് സേവ്യറാണെന്നും, മറ്റുചിലര്‍ ഫ്രാന്‍സ്സിസ് സാലെസ്സാണെന്നും, കുറച്ചുപേര്‍ ഫ്രാന്‍സ്സിസ് അസ്സീസിയെന്നും പറയുന്നു. പേരിന്‍റെ കഥ ഞാന്‍തന്നെ പറയാം. സിസ്റ്റൈന്‍ കപ്പേളിയില്‍ വോട്ടെടുപ്പിന്‍റെ സമയത്ത് ഞാന്‍ ബ്രസ്സീലിലെ സോവോ പാവ്ളോ മുന്‍അതിരൂപതാദ്ധ്യക്ഷനും, വൈദികരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ മുന്‍പ്രീഫെക്ടുമായ കര്‍ദ്ദിനാള്‍ ക്ലാവ്ദിയോ ഹ്യൂമിന്‍റെ അടുത്താണിരുന്നത്. വോട്ടെടുപ്പുകഴിഞ്ഞ് മൂന്നില്‍ രണ്ട് ഭൂരിപക്ഷമെത്തിയപ്പോള്‍, കര്‍ദ്ദിനാള്‍ ഹ്യൂം എന്നെ ആശ്ലേഷിച്ചു. എന്നിട്ടു പറഞ്ഞു. “പാവങ്ങളെ മറക്കരുതേ...” ആ വാക്കുകള്‍ എന്‍റെ മനസ്സില്‍ പതിഞ്ഞു. അത് ഉള്ളില്‍ പ്രതിധ്വനിക്കുന്നുണ്ടായിരുന്നു. ഞാന്‍ അസ്സീസിയിലെ സിദ്ധനെ അനുസ്മരിച്ചു. വോട്ടെണ്ണല്‍ നടക്കുന്നതിനിടെ എന്‍റെ ചിന്തകള്‍ ഫ്രാന്‍സ്സിസിനെക്കുറിച്ചായിരുന്നു. ചുറ്റും നടന്ന യുദ്ധങ്ങള്‍ക്കിടേ ഫ്രാന്‍സ്സിസ് സമാധാനദൂതനായിരുന്നു. തന്‍റെ സമ്പന്നതയിലും ഫ്രാന്‍സ്സിസ് പാവളങ്ങളുടെ സ്നേഹിതനും സ്വയം ദരിദ്ര്യമേറ്റെടുത്ത നിസ്വനുമായിരുന്നു. പാവങ്ങള്‍ക്കായുള്ള പാവപ്പെട്ടൊരു സഭ വളര്‍ന്നിരുന്നെങ്കില്‍ എന്നു ഞാന്‍ ആത്മനാ ആശിച്ചു. ഫ്രാന്‍സ്സിസ് സമാധാന ദൂതനും, സ്വന്തമൊക്കെ സംത്യജിച്ച് വിശ്വഭിക്ഷുവായിത്തീര്‍ന്ന മഹാവിശുദ്ധനാണ്. ഇങ്ങനെയാണ് ഞാന്‍ പാപ്പാ ഫ്രാന്‍സ്സിസായത്....!

നിങ്ങളുടെ നിറസാന്നിദ്ധ്യത്തിനും സഹകരണത്തിനും നന്ദി.
നിങ്ങള്‍ക്ക് ഒരോരുത്തര്‍ക്കും എന്‍റെ സ്നേഹാദരങ്ങള്‍ നേരുന്നു

സമൂഹമനസ്സിന്‍റെ ഊര്‍ജ്ജസ്വലതയുള്ള ചാലകശക്തിയായ മാധ്യമങ്ങളിലൂടെ
ലോകത്തെമ്പാടും പരപ്പിലും ആഴത്തിലും നന്മയുടെ സന്ദേശമെത്തിക്കാന്‍ സുവിശേഷതാരമായ
പരിശുദ്ധ കന്യാകമറിയം നിങ്ങളെ സഹായിക്കട്ടെ. നിങ്ങളില്‍ ധാരാളം പേര്‍ ക്രൈസ്തവരല്ലാത്തവരും, വിശ്വാസമില്ലാത്തവരും ഉണ്ടെന്നു ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍ എല്ലാവരും ദൈവമക്കളാണ്. ഓരോരുത്തരുടെയും മനസ്സാക്ഷിയെ ഞാന്‍ മാനിക്കുന്നു. അതിനാല്‍ ഹൃദയപൂര്‍വ്വം നിങ്ങളെ ഞാന്‍ നിശ്ശബ്ദമായി ആശിര്‍വ്വദിക്കുന്നു. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ!








All the contents on this site are copyrighted ©.