2013-03-13 17:37:08

ചരിത്രത്തിലെ സഭാസ്ഥാപനത്തിന്‍റെ
നുറുങ്ങാത്ത കണ്ണി - പാപ്പാസ്ഥാനം


13 മാര്‍ച്ച് 2013, വത്തിക്കാന്‍
സഭാഭരണത്തിന്‍റെ നുറുങ്ങാത്ത ചരിത്ര കണ്ണിയാണ് പാപ്പാസ്ഥാനമെന്ന്,
വത്തിക്കാന്‍ റോഡിയോ പ്രോഗ്രാം ഡയറക്ടര്‍, ഫാദര്‍ അന്ത്രയാ കൊപ്രോവിസ്ക്കി പ്രസ്താവിച്ചു.
ക്രിസ്താബ്ദത്തിന്‍റെ ആദ്യ നൂറ്റാണ്ടില്‍ യേശുവന്‍റെ 12 ശിഷ്യന്മാരില്‍ ഒരാളായ പത്രോസില്‍ ആരംഭിച്ചതും, ഇന്നുവരെയ്ക്കും ചരിത്രത്തിലൂടെ നിലയ്ക്കാതെ തുടരുന്നതുമായ ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭരണസംവിധാനമാണ് പാപ്പയുടേതും കത്തോലിക്കാ സഭയുടേതുമെന്ന്
ഫാദര്‍ കൊപ്രോവിസ്ക്കി പ്രസ്താവനയില്‍ അവകാശപ്പെട്ടു.
പാപ്പായുടെ തിരഞ്ഞെടുപ്പിന് ആദ്യ നൂറ്റാണ്ടിലെ ജരൂസലേം സഭയോളം പഴക്കമുണ്ടെന്നും, ദൈവം ആദിമുതല്‍ തനിക്കായി ജനത്തെ തിരഞ്ഞെടുക്കുകയും, അവരെ നയിക്കാന്‍ നായകന്മാരെയും പ്രവാചകരെയും രാജാക്കന്മാരെയും തിരഞ്ഞെടുത്തുവെന്ന്, അപ്പസ്തോല നടപടിപ്പുസ്തകം
15-ാം അദ്ധ്യായം ഉദ്ധരിച്ചുകൊണ്ട് ഫാദര്‍ കൊപ്രോവിസ്ക്കി വ്യക്തമാക്കി (നടപടി 15, 14-17).

“ഞാന്‍ നിങ്ങളുടെ ഇടയില്‍ സേവകനും ശുശ്രൂഷകനുമാണ്,” (ലൂക്ക 22. 24-27) എന്ന ക്രിസ്തുവിന്‍റെ വാക്കുകള്‍ സഭാഭരണത്തിന് സ്വീകരിക്കേണ്ട മാനദണ്ഡമാണെന്ന് ഫാദര്‍ കൊപ്രോവിസ്ക്കി വിവരിച്ചു.
“പത്രോസാകുന്ന പാറയില്‍ ഞാന്‍ എന്‍റെ സഭയെ പണിതുയര്‍ത്തും,” (മത്തായി 16, 18) എന്ന് പ്രഖ്യാപിച്ച ക്രിസ്തു, വലിയ മുക്കുവനായിരുന്ന പത്രോസിനെ തന്‍റെ സഭയുടെ പ്രഥമ നേതാവായി പ്രതിഷ്ഠിക്കുമ്പോഴും അത് അപ്പസ്തോല കൂട്ടായ്മയില്‍ അധിഷ്ഠിതമായിരുന്നെന്നും,
ക്രിസ്തുവില്‍ കേന്ദ്രീകൃതമായ സ്നേഹക്കൂട്ടായ്മയാണ് അതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആകയാല്‍ ഘടനാപരമായി പത്രോസിന്‍റെ പരമാധികാരത്തിലേയ്ക്ക് കര്‍ദ്ദിനാള്‍ സംഘത്താല്‍ തിരഞ്ഞെടുക്കപ്പെടുന്ന പാപ്പ അജഗണങ്ങളെ നയിക്കുന്ന സ്നേഹത്തിന്‍റെയും ശുശ്രൂഷയുടെയും ഉത്തരവാദിത്തമാണ് ഏറ്റെടുക്കുന്നതെന്നും, പുതിയ പാപ്പായെ തിരഞ്ഞെടുക്കുന്നതിനായി മാര്‍ച്ച് 12-ാം തിയതി വത്തിക്കാനില്‍ സമ്മേളിച്ചിരിക്കുന്ന കോണ്‍ക്ലേവിന്‍റെ പശ്ചാത്തലത്തില്‍ ഫാദര്‍ കൊപ്രോവിസ്ക്കി പ്രസ്താവിച്ചു.








All the contents on this site are copyrighted ©.