2013-03-12 15:49:58

പുതിയ മാര്‍പ്പയുടെ സമ്മതവും പേരും ആരായുന്നത് കര്‍ദിനാള്‍ റേ


12 മാര്‍ച്ച് 2013, വത്തിക്കാന്‍
സിസ്റ്റെന്‍ കപ്പേളയിലെ താല്‍ക്കാലിക ചിമ്മിനിയിലേക്ക് മിഴിചിമ്മാതെ നോക്കിയിരിക്കുകയാണ് ലോകം. 12ാം തിയതി ചൊവ്വാഴ്ച വൈകീട്ട് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആരംഭിക്കും. ഇത്തവണ കര്‍ദിനാള്‍ സംഘം തിരഞ്ഞെടുക്കുന്ന മാര്‍പാപ്പയോട് സമ്മതം ആരായുന്നത് കര്‍ദിനാള്‍ ജോണ്‍ ബാപ്റ്റിസ്റ്റ് റേയായിരിക്കുമെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാര്‍ദി അറിയിച്ചു. സ്ഥാനിക ദേവാലയത്തിന്‍റെ അടിസ്ഥാനത്തില്‍ കര്‍ദിനാള്‍ മെത്രാന്‍, കര്‍ദിനാള്‍ പുരോഹിതന്‍, കര്‍ദിനാള്‍ ഡീക്കന്‍ എന്നിങ്ങനെ വേര്‍തിരിക്കപ്പെട്ടിരിക്കുന്ന കര്‍ദിനാള്‍ സംഘത്തിലെ മെത്രാന്‍ സ്ഥാനത്തുള്ള ഏറ്റവും മുതിര്‍ന്ന അംഗം എന്ന നിലയിലാണ് അദ്ദേഹം ഈ ദൗത്യം നിറവേറ്റുന്നതെന്നും ഫാ.ലൊംബാര്‍ദി വിശദീകിരിച്ചു.

മൂന്നില്‍ രണ്ട് ഭൂരിപക്ഷം അതായത് 115 കര്‍ദിനാള്‍മാരില്‍ 77 പേരുടെയെങ്കിലും വോട്ടുകിട്ടുന്ന കര്‍ദിനാളാണ് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നത്. തുടര്‍ന്ന് കര്‍ദിനാള്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ അദ്ദേഹം പേപ്പല്‍ സ്ഥാനം സ്വീകരിക്കുന്നുവോ, ഏത് പേരില്‍ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന് ചോദിക്കും. കര്‍ദിനാള്‍ സംഘത്തിന്‍റെ അദ്ധ്യക്ഷനാണ് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതെങ്കില്‍ ഉപാദ്ധ്യക്ഷനാണ് ഈ കര്‍ത്തവ്യം നിറവേറ്റേണ്ടത്. കര്‍ദിനാള്‍ റാറ്റ്സിംങ്ങറുടെ കാര്യത്തില്‍ അങ്ങനെയാണ് സംഭവിച്ചത്. 2002 മുതല്‍ കര്‍ദിനാള്‍ സംഘത്തിന്‍റെ തലവനായി ശുശ്രൂഷ ചെയ്യുകയായിരുന്ന കര്‍ദിനാള്‍ റാറ്റ്സിംങ്ങറെയാണ് 2005ലെ കോണ്‍ക്ലേവ് സഭയുടെ പരമാധ്യക്ഷനായി തിരഞ്ഞെടുത്തത്. അതിനാല്‍ അന്ന് കര്‍ദിനാള്‍ സംഘത്തിന്‍റെ ഉപാദ്ധ്യക്ഷനായിരുന്ന കര്‍ദിനാള്‍ ആഞ്ചലോ സൊഡാനോയാണ് അദ്ദേഹത്തിന്‍റെ സമ്മതം തേടിയത്.
പിന്നീട് കര്‍ദിനാള്‍ സംഘത്തിന്‍റെ അദ്ധ്യക്ഷനായി സ്ഥാനമേറ്റ കര്‍ദിനാള്‍ സൊഡാനോയ്ക്ക്(85) 80 വയസ് പിന്നിട്ടതിനാല്‍ അദ്ദേഹത്തിന് 2013ലെ കോണ്‍ക്ലേവില്‍ വോട്ടവകാശമില്ല. കര്‍ദിനാള്‍ സംഘത്തിന്‍റെ ഉപാദ്ധ്യക്ഷനായ കര്‍ദിനാള്‍ റോജര്‍ ചെഗറായിയ്ക്കും(90) കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. ഇക്കാരണത്താലാണ് കര്‍ദിനാള്‍ മെത്രാന്‍മാരില്‍ ഏറ്റവും മുതിര്‍ന്ന അംഗമായ കര്‍ദിനാള്‍ ജോണ്‍ ബാപ്റ്റിസ്റ്റ് റേ(79) ഈ ദൗത്യത്തിന് നിയുക്തനായിരിക്കുന്നത്.
2005ലെ കോണ്‍ക്ലേവില്‍ വോട്ടിംങ്ങ് തുടങ്ങി ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കര്‍ദിനാള്‍ ജോസഫ് റാറ്റ്സിങ്ങര്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ ഇത്തവണയും തിരഞ്ഞെടുപ്പ് എത്രയും വേഗം നടക്കുമെന്നു തന്നെയാണ് പ്രതീക്ഷ. പുതിയ മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെട്ടതിന്‍റെ അടയാളമായി സിസ്റ്റൈന്‍ കപ്പേളയില്‍ തയ്യാറാക്കിയിരിക്കുന്ന താല്‍കാലിക ചിമ്മിനിയില്‍ നിന്ന് വെളുത്ത പുക ഉയര്‍ന്ന് 45 – 55 മിനിറ്റുകള്‍ക്കു ശേഷമായിരിക്കും പുതിയ മാര്‍പാപ്പയെ ലോകം ദര്‍ശിക്കുകയെന്നും ഫാ. ഫെദറിക്കോ ലൊംബാര്‍ദി അറിയിച്ചു. പ്രോട്ടോഡീക്കന്‍ കര്‍ദിനാള്‍ ഷീന്‍ ലൂയി തൗറാനാണ് 'ഹബെമൂസ് പാപ്പാം' പ്രഖ്യാപനം നടത്തുക. തദനന്തരം പുതിയ മാര്‍പാപ്പ ജനങ്ങളെ അഭിവാദ്യം ചെയ്യുകയും, ‘ഊര്‍ബ്ബി എത് ഓര്‍ബ്ബി’ (റോമാ നഗരത്തിനും ലോകം മുഴുവനും എന്നര്‍ത്ഥം) ആശീര്‍വാദം നല്‍കുകയും ചെയ്യും








All the contents on this site are copyrighted ©.