2013-03-12 15:51:16

കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന കര്‍ദിനാള്‍മാര്‍


12മാര്‍ച്ച്2013, വത്തിക്കാന്‍
കത്തോലിക്കാ സഭയുടെ സാര്‍വ്വത്രികത പ്രതിഫലിപ്പിക്കുന്നതാണ് മാര്‍ച്ച് 12ന് ആരംഭിച്ച കോണ്‍ക്ലേവ്. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ തിരഞ്ഞെടുത്ത 2005ലെ കോണ്‍ക്ലേവിന്‍റെ അംഗ സംഖ്യ, 115 തന്നെയാണ് ഇത്തവണയും ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നത്. പതിവുപോലെ യൂറോപ്പില്‍ നിന്നുള്ള കര്‍ദിനാള്‍മാരാണ് അധികവും, 60 പേര്‍. തെക്കു വടക്കന്‍ അമേരിക്കയില്‍ നിന്ന് 33 കര്‍ദിനാള്‍മാര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നുണ്ട്, 11 ആഫ്രിക്കന്‍ കര്‍ദിനാള്‍മാര്‍, ഏഷ്യയില്‍ നിന്നുള്ളവര്‍ 10, ഓഷ്യാനയില്‍ നിന്ന് ഒരു കര്‍ദിനാളും.
രാജ്യാടിസ്ഥാനത്തില്‍ നോക്കിയാല്‍ പതിവുതെറ്റിക്കാതെ ഇറ്റലി തന്നെയാണ് മുന്‍പില്‍. 2013ലെ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത് 28 ഇറ്റാലിയന്‍ കര്‍ദിനാള്‍മാരാണ്. 11 കര്‍ദിനാള്‍മാരുമായി യു.എസ്.എ യാണ് രണ്ടാമത്. ജര്‍മനിയില്‍ നിന്ന് 6 കര്‍ദിനാള്‍മാര്‍, കോണ്‍ക്ലേവില്‍ ഇന്ത്യയുടെ പ്രതിനിധികള്‍ 5 കര്‍ദിനാള്‍മാരാണ്, അവരില്‍ രണ്ടു പേര്‍ കേരളത്തില്‍ നിന്നുള്ള കര്‍ദിനാള്‍ ആലഞ്ചേരിയും കര്‍ദിനാള്‍ ക്ലീമിസുമാണ്. ഇന്ത്യയെക്കൂടാതെ ബ്രസീല്‍, സ്പെയിന്‍, എന്നീ രാജ്യങ്ങളില്‍ നിന്നും അഞ്ചു കര്‍ദിനാള്‍മാര്‍ വീതം കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ഇന്തോനേഷ്യന്‍ കര്‍ദിനാള്‍ ദര്‍മാത്മദ്ജയും ബ്രിട്ടീഷ് കര്‍ദിനാള്‍ ഒബ്രിയനും കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നില്ലെന്ന് തീരുമാനിച്ചതിനാല്‍ ഈ രണ്ടു രാജ്യങ്ങളുടേയും സാന്നിദ്ധ്യം കോണ്‍ക്ലേവില്‍ ഉണ്ടാകില്ല. അതേസമയം, 2005ലെ കോണ്‍ക്ലേവില്‍ പ്രാതിനിധ്യം ഇല്ലാതിരുന്ന ഹോങ്കോങ്ങ്, ഈജിപ്ത്, കെനിയ എന്നിവിങ്ങളില്‍ നിന്നുള്ള കര്‍ദിനാള്‍മാര്‍ ഇത്തവണ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
2013ലെ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന കര്‍ദിനാള്‍മാരില്‍ 67 പേരേയും ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ് കര്‍ദിനാള്‍ സ്ഥാനത്തേക്കുയര്‍ത്തിയത്. 115 കര്‍ദിനാള്‍മാരില്‍ 40 പേര്‍ക്കും റോമന്‍ കൂരിയായില്‍ പ്രവര്‍ത്തന പരിചയമുണ്ട്.
കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന കര്‍ദിനാളില്‍മാരില്‍ ഏറ്റവും പ്രായം കുറവ് മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും തിരുവനന്തപുരം അതിരൂപതാധ്യക്ഷനുമായ കര്‍ദിനാള്‍ ബസേലിയൂസ് മാര്‍ ക്ലീമീസാണ്(53). ജര്‍മന്‍കാരനായ കര്‍ദിനാള്‍ വാള്‍ട്ടര്‍ കാസ്പറാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കൂടിയ കര്‍ദിനാള്‍. മാര്‍ച്ച് 5ന് അദ്ദേഹത്തിന് 80 വയസ് പൂര്‍ത്തിയായി. (പത്രോസിന്‍റെ സിംഹാസനം ശൂന്യമായതിനു ശേഷം അഥവാ സേദേ വക്കാന്തേ ആരംഭിച്ചതിനു ശേഷം 80 വയസ് പൂര്‍ത്തിയാകുന്നവര്‍ക്ക് കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ അവകാശമുണ്ട്).
സന്ന്യസ്തരായ 19 കര്‍ദിനാള്‍മാരും ഈ കോണ്‍ക്ലേവില്‍ പങ്കടുക്കുന്നുണ്ട്. ഓപൂസ് ദെയി (Opus Dei Prelatura personale) അംഗമായ പെറൂവീയന്‍ കര്‍ദിനാള്‍ ഹ്വാന്‍ സിപ്രിയനു പുറമേ സലേഷ്യന്‍ സഭാംഗങ്ങളായ 4 കര്‍ദിനാള്‍മാരും, ഫ്രാന്‍സിസ്ക്കന്‍ സന്ന്യസ്ത സഭാംഗങ്ങളായ മൂന്നുപേരും, രണ്ട് ഡൊമനിക്കന്‍ സന്ന്യസ്ത സഭാംഗങ്ങളും ഈശോ സഭാംഗമായ കര്‍ദിനാള്‍ ബെര്‍ഗോലിയോയുമാണ് സന്ന്യസ്തസഭകളെ പ്രതിനിധീകരിക്കുന്നത്.








All the contents on this site are copyrighted ©.