2013-03-12 15:49:42

കര്‍ദിനാള്‍മാര്‍ കോണ്‍ക്ലേവില്‍, ദൈവജനം പ്രാര്‍ത്ഥനാനിരതം


12 മാര്‍ച്ച് 2013, വത്തിക്കാന്‍
ബെഡിക്ട് പതിനാറാമന്‍റെ പിന്‍ഗാമിയായി സാര്‍വ്വത്രിക സഭയിലെ 266ാമത് മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് ആരംഭിച്ചു. ലോകത്തില്‍ നിന്ന് പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ട് സാന്താമാര്‍ത്താ മന്ദിരത്തിലും സിസ്റ്റൈന്‍ കപ്പേളയിലുമായി വോട്ടവകാശമുള്ള കര്‍ദിനാള്‍മാര്‍ പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ലോകമെമ്പാടുമുള്ള ദൈവ ജനം പ്രാര്‍ത്ഥനാനിരതമാണ്. മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പിനായി പ്രത്യേക ദിവ്യബലികള്‍ അര്‍പ്പിച്ചും, പ്രാര്‍ത്ഥനകള്‍ ചൊല്ലിയും ദിവ്യകാരുണ്യ ആരാധന നടത്തിയുമാണ് ദൈവജനം മുഴുവനും കോണ്‍ക്ലേവില്‍ പങ്കുചേരുന്നത്. ലോകത്തിലെ എല്ലാ കത്തോലിക്കാ മെത്രാന്‍ സമിതികളും പേപ്പല്‍ തിരഞ്ഞെടുപ്പിനു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കാന്‍ വിശ്വാസസമൂഹത്തെ ആഹ്വാനം ചെയ്തിട്ടുണ്ട്. കൂടാതെ, നിരവധി സന്ന്യസ്ത സഭകളും ഇതര ക്രൈസ്തവ പ്രസ്ഥാനങ്ങളും വിവിധ പ്രാര്‍ത്ഥനാ സംഗമങ്ങള്‍ക്കും നേതൃത്വം നല്‍കുന്നുണ്ട്. കോണ്‍ക്ലേവിന് ഔപചാരികമായി തുടക്കം കുറിച്ചുകൊണ്ട് ചൊവ്വാഴ്ച രാവിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ അര്‍പ്പിച്ച ദിവ്യബലിയിലും ലോകത്തിന്‍റെ നാനാഭാഗത്തു നിന്നുള്ള അനേകര്‍ പങ്കെടുത്തു.








All the contents on this site are copyrighted ©.