2013-03-12 19:07:49

ഇടയസ്നേഹത്തിന്‍റെ
മൂര്‍ത്തരൂപമാണ് സഭാതലന്‍


12 മാര്‍ച്ച് 2013, വത്തിക്കാന്‍
(പാപ്പായുടെ തിരഞ്ഞെടുപ്പിന് ഒരുക്കമായുള്ള ദിവ്യബലിമദ്ധ്യേ കര്‍ദ്ദാനാള്‍ സംഘത്തലവന്‍, ആഞ്ചലോ സൊഡാനോ നല്കിയ പ്രഭാഷണത്തിന്‍റെ പ്രസക്ത ഭാഗം)
“കര്‍ത്താവിന്‍റെ കാരുണ്യം ഞാന്‍ എന്നേയ്ക്കും പാടും...” എന്ന സങ്കീര്‍ത്തന ശകലമാണ് ക്രിസ്തുവിന്‍റെ സഭയുടെ ഈ ചരിത്രമുഹൂര്‍ത്തത്തില്‍ വിശുദ്ധ പത്രോസിന്‍റെ കുടീരത്തില്‍നിന്നും ഈ ബസിലിക്കയില്‍ മുഴങ്ങുന്നത്.സ്വര്‍ഗ്ഗീയ പിതാവിനെ സ്തുതിക്കാനും അവിടുത്തേയ്ക്ക് നന്ദിയര്‍പ്പിക്കാനും ഇനിയും അനുഗ്രഹങ്ങള്‍ യാചിക്കാനും നാം സ്വാംശീകരിക്കേണ്ട തിരുവെഴുത്തിലെ 88-ാം കീര്‍ത്തനമാലികയാണിത് - “കര്‍ത്താവിന്‍റെ കാരുണ്യം ഞാന്‍ എന്നേയ്ക്കും പാടും...”.
സഭയ്ക്ക് അവിടുത്തെ അരൂപിയെ നല്കിക്കൊണ്ട് കാലാകാലങ്ങളില്‍ അതിനെ സ്നേഹത്തോടെ എന്നും കാത്തുപാലിക്കുന്ന ദൈവിക കാരുണ്യത്തിലേയ്ക്കാണ് സങ്കീര്‍ത്തകന്‍റെ വരികള്‍ നയിക്കുന്നത്.
പത്രോസിന്‍റെ 265-ാമത്തെ പിന്‍ഗാമിയും ആദരണീയനുമായ ബനഡിക്ട്
16-ാമന്‍ പാപ്പായോടുള്ള ഹൃദ്യാമായ നന്ദിയും ആദരവും ഒരിക്കല്‍ക്കൂടി ഏറ്റുപറയുന്ന മുഹൂര്‍ത്തം കൂടിയാണിത്. തന്‍റെ സഭയെ എന്നും നയിക്കുന്ന ദൈവികാരുണ്യത്തെ പ്രകീര്‍ത്തിക്കുന്ന ആന്തരീക ഭാവം സങ്കീര്‍ത്തകനോടൊപ്പം ഈ പ്രഭാത ബലിയില്‍ നമുക്ക് ഉള്‍ക്കൊള്ളാം.

ഇന്ന് പ്രത്യേകമായി ഇവിടെ കൂടിയിരിക്കുന്ന എല്ലാ കര്‍ദ്ദിനാളന്മാര്‍ക്കുമൊപ്പം ആഗോളസഭയുടെ അജപാലന ഉത്കണ്ഠ കര്‍ത്താവിന്‍റെ സന്നിധിയില്‍ സമര്‍പ്പിച്ചുകൊണ്ട് നമ്മെ നയിക്കുന്നതിന് യോഗ്യനായ നല്ലിടയനെ വേഗം തരണമേ എന്ന് ഒരുമായോടെ നമുക്ക് പ്രാര്‍ത്ഥിക്കാം. പ്രതിസന്ധിയുടെ ഈ സമയത്ത് സഭയുടെ അപ്രമേയ സ്വഭാവത്തെക്കുറിച്ചുള്ള ക്രിസ്തുവന്‍റെ വാഗ്ദാനം പ്രകടമാക്കുന്ന “പത്രോസേ, നീ പാറയാകുന്നു. നിന്‍റെ പാറമേല്‍ ഞാന്‍ പള്ളി പണിയും. നരകവാതിലുകള്‍ അതിനെതിരായി പ്രബലപ്പെടുകയില്ല.” (മത്തായി 16, 18) എന്ന വചനത്തില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് നമുക്ക് പതറാതെ മുന്നോട്ടു ചരിക്കാം.

പത്രോസിന്‍റെ പിന്‍ഗാമിയെ ഭരമേല്പിച്ചിരിക്കുന്ന ദൗത്യം വ്യക്തമാക്കുന്നതാണ് ഇന്നു നാം ശ്രവിച്ച തിരുവെഴുത്തുകള്‍.
1. സ്നേഹ സന്ദേശം
ഏശയാ പ്രവാചകന്‍റെ ഗ്രന്ഥത്തിലെ സാന്ത്വനകേന്ദ്രം എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഭാഗമാണ് ആദ്യ വായന. പ്രവാചക ഗ്രന്ഥത്തിന്‍റെ രണ്ടാം ഭാഗത്ത് ലോകരക്ഷകനെക്കുറിച്ചുള്ള പ്രവചന വാക്യങ്ങളാണ്. ഈ വാക്കുകളില്‍ ബാബിലോണ്‍ വിപ്രവാസത്തില്‍ കഴിയുന്ന ഇസ്രായേല്യരെ പ്രവാചകന്‍ അഭിസംബോധനചെയ്യുകയാണ്. “കര്‍ത്താവിന്‍റെ അരൂപി എന്നിലുണ്ട്.

ദരിദ്രരോട് സുവിശേഷം അറിയിക്കുന്നതിനും, തകര്‍ന്ന ഹൃദയങ്ങളെ സുഖപ്പെടുത്തുന്നതിനും, ബന്ധിതര്‍ക്ക് മോചനവും തടവുകാര്‍ക്ക് സ്വാതന്ത്ര്യവും പ്രഖ്യാപിക്കുന്നതിനും, കര്‍ത്താവിന്‍റെ കാരുണ്യവര്‍ഷം പ്രഘോഷിക്കുന്നതിനും അവിടുന്ന് എന്നെ അയച്ചിരിക്കുന്നു,” (ഏശയ്യാ 61, 1-3) എന്ന ഏശയ്യായുടെ പ്രവചന വാക്യമാണ്, ദൈവം രക്ഷകനെ അയക്കും എന്ന വാഗ്ദാനം ചരിത്രത്തിലും മനുഷ്യമനസ്സുകളിലും പൂവണിയിച്ചത്.

ഏശയ്യായുടെ പ്രവചനം ക്രിസ്തുവില്‍ വിരിഞ്ഞു നില്ക്കുകയാണ്.
പീഡിതരുടെയും, പാവങ്ങളുടെയും, ദുര്‍ബലരുടെയും പക്ഷംചേരുന്നതും,
അവര്‍ക്ക് ശാരീരികവും ധാര്‍മ്മകവുമായ സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതുമാണ് ക്രിസ്തുവിന്‍റെ ഈ രക്ഷാകര സ്നേഹം. അങ്ങനെ സ്നേഹം പ്രകടമാക്കപ്പെടുന്ന പ്രത്യേക സാഹചര്യവും ശൈലിയുമാണ് കാരുണ്യത്തിന്‍റെ ബൈബിള്‍ ഭാഷ്യത്തിന് അന്യൂനത നല്കുന്നതെന്ന്, ‘ദൈവികകാരുണ്യത്തിന്‍റെ സമൃദ്ധി,’ Dives in Mesericordia എന്ന ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ചാക്രികലേഖനം വ്യക്തമാക്കുന്നുണ്ട്.

സഭയിലെ അജപാലകരില്‍ നിക്ഷിപ്തമായിരിക്കുന്നത് ഈ കാരുണ്യത്തിന്‍റെ പ്രേഷിത ദൗത്യമാണ്. എല്ലാ മെത്രാന്മാരും വൈദികരും സന്നസ്ത്യരും വിശിഷ്യ റോമിന്‍റെ മെത്രാനും ആഗോളസഭയുടെ മുഖ്യഇടയനുമായ പാപ്പാ ആശ്ലേഷിക്കേണ്തും ഉള്‍ക്കൊള്ളേണ്ടതുമായ ഈ അജപാലന ദൗത്യം കാരുണ്യത്തിന്‍റെതാണെന്ന് വ്യക്തമാണ്. “ജോനായുടെ പുത്രനായ ശീമോനേ, നീ മറ്റെല്ലാറ്റിനെക്കാളും എന്നെ സ്നേഹിക്കുന്നോ... എങ്കില്‍ നീ എന്‍റെ ആടുകളെ മേയ്ക്കുക,” (യോഹ. 21, 15). എന്ന് തന്‍റെ പ്രിയ ശിഷ്യന്‍ പത്രോസിനോടു ക്രിസ്തു പറഞ്ഞ വാക്കുകള്‍ ഇത്തരുണത്തില്‍ സ്മരണീയമാണ്.
സഭാ പണ്ഡിതനായ വിശുദ്ധ അഗസ്റ്റിന്‍റെ വാക്കുകളില്‍, “ആടുകളെ മേയ്‍ക്കുവാന്‍ ആവശ്യമായിരിക്കുന്നത് സ്നേഹത്തിന്‍റെ ഉത്തരവാദിത്വമാണ്.” (വി. യോഹന്നന്‍റെ സുവിശേഷ വ്യാഖ്യാനം 123, 5, 35).

അങ്ങനെ, ചെറിയ ഉപവി പ്രവര്‍ത്തനങ്ങളില്‍ തുടങ്ങി, സേവനത്തിന്‍റെ സമുന്നത മേഖലകളിലും പദ്ധതികളിലും ക്രിസ്തുവന്‍റെ സുവിശേഷ പ്രഭയും കൃപാസ്പര്‍ശവും പങ്കുവയ്ക്കുന്ന സഭയിലെ അജപാലന ദൗത്യത്തിന് അധാരം സ്നേഹമാണ്. സ്നേഹത്തെ സഹാനുഭാവത്തിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളായിട്ട് വെട്ടിച്ചുരുക്കുന്ന പ്രവണത ഇന്ന സഭയില്‍ കടന്നുകൂടിയിട്ടുണ്ടെന്ന്, മുന്‍പാപ്പാ ബനഡിക്ട് 16-ാന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട് (തപസ്സുകാല സന്ദേശം 2012).

എന്നാല്‍ സഭയിലെ സമുന്നതമായ ഉപവി പ്രവര്‍ത്തനം സുവിശേഷപ്രഘോഷണമാണെന്നും, വചനശുശ്രൂഷയാണെന്നും സ്ഥാനത്യാഗിയായ പാപ്പ സന്ദേശത്തില്‍ സമര്‍ത്ഥിക്കുന്നു. അതിനാല്‍ വചനശുശ്രൂഷിയിലൂടെ മനുഷ്യരെ ദൈവികബന്ധത്തില്‍ ഊട്ടിയുറപ്പിക്കുന്ന വചനപ്രഘോഷണത്തിലൂടെയാണ് സമഗ്രമായും ശ്രേഷ്ഠമായും ലോകത്തിന്, മാനവരാശിക്ക് സ്നേഹം അനുഭവേദ്യമാക്കേണ്ടതെന്നും മുന്‍പാപ്പാ സന്ദേശത്തിലൂടെ വ്യക്തമാക്കുന്നു.
മാനവ പുരോഗതിക്ക് ആധാരം ക്രിസ്തുവിനെയും അവിടുത്തെ സുവിശേഷത്തെയും പ്രഘോഷിക്കുന്നതാണെന്ന് പോള്‍ ആറാന്‍ പാപ്പ ജനതകളുടെ പുരോഗതി, Populorum Progressio എന്ന ചാക്രിക ലേഖനത്തില്‍ വിവിരിക്കുന്നതും ഇതേ കാഴ്ചപ്പാടു തന്നെയാണ്.

2. ഐക്യത്തിന്‍റെ സന്ദേശം
ക്രിസ്തു-സഭാ രഹസ്യങ്ങളെ വ്യാഖ്യാനിക്കുന്ന വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ എഫേസിയര്‍ക്കുള്ള ലേഖനത്തില്‍നിന്നുമാണ് ദിവ്യബലിയിലെ രണ്ടാമത്തെ വായന. സൈദ്ധാന്തികമായ ക്രിസ്തു-സഭാ ബന്ധത്തിനുമപ്പുറമുള്ള അജപാലന സ്വഭാവമാണ് പൗലോസ് അപ്പസ്തോലന്‍ ലേഖനത്തിന്‍റെ 4-ാം അദ്ധ്യായത്തില്‍ വിവരിക്കുന്നത്. സഭയും ക്രിസ്തും തമ്മിലുള്ള ആത്മീയ ബന്ധം ആദ്യഭാഗത്ത് സ്ഥിരീകരിക്കുന്ന അപ്പസ്തോലന്‍ അതിന്‍റെ പ്രായോഗിക പ്രതിഫലനമായി സഭയിലുണ്ടായിരിക്കേണ്ട മാനുഷിക ഐക്യത്തെക്കുറിച്ചും പരാമര്‍ശിക്കുന്നു.
“കര്‍ത്താവിനുവേണ്ടി തടവുകാരനായിത്തീര്‍ന്നിരിക്കുന്ന ഞാന്‍ നിങ്ങളോടപേക്ഷിക്കുന്നു. നിങ്ങള്‍ക്കു ലഭിച്ച വിളിക്കു യോഗ്യമായ ജീവിതം നയിക്കുവിന്‍, പൂര്‍ണ്ണമായ വിനയത്തോടും ശാന്തതയോടും ദീര്‍ഘക്ഷമയോടുംകൂടെ നിങ്ങള്‍ സ്നേഹപൂര്‍വ്വം അന്യോന്യം സഹിഷ്ണുതയോടെ വര്‍ത്തിക്കുവിന്‍. സമാധാനത്തിന്‍റെ ബന്ധത്തില്‍ ആത്മാവിന്‍റെ ഐക്യം നിലനിര്‍ത്താന്‍ ജാഗരൂകരായിരിക്കുവിന്‍.
ഒരേ പ്രത്യാശയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടതുപോലെ ഒരേ ശരീരവും
ആത്മാവുമാണുള്ളത്” (എഫേസിയര്‍ 4, 1-3).

വൈവിദ്ധ്യമാര്‍ന്ന ശുശ്രൂഷകളിലും പ്രവര്‍ത്തനങ്ങളിലും അടിസ്ഥാനപരമായി ക്രിസ്തുവിന്‍റെ മൗതിക ശരീരമായ സഭ വളര്‍ത്തിയെടുക്കാന്‍ പോരുന്ന ഐക്യം നിലനിര്‍ത്തണമെന്ന് അപ്പസ്തോലന്‍ നിഷ്ക്കര്‍ഷിക്കുന്നു. “അവന്‍ ചിലര്‍ക്ക് അപ്പസ്തോലന്മാരും പ്രവാചകന്മാരും സുവിശേഷ പ്രഘോഷകരും ഇടയന്മാരും പ്രബോധകന്മാരും മറ്റും ആകാന്‍ വരം നല്കി.
ഇതു വിശുദ്ധരെ പരിപൂര്‍ണരാക്കുന്നതിനും ശുശ്രൂഷയുടെ ജോലിയചെയ്യുന്നതിനും ക്രിസ്തുവിന്‍റെ ശരീരത്തെ പണിതുയര്‍ത്തുന്നതിനും വേണ്ടിയാണ്” (എഫേസിയര്‍ 4, 11-12).
സഭയിലെ എല്ലാ അംഗങ്ങളും ഏതു ജീവിതാവസ്ഥയിലായിരുന്നാലും ഐക്യത്തിനായി പരിശ്രമിക്കണമെന്ന് അപ്പസ്തോലന്‍ ഉദ്ബോധിപ്പിക്കുന്നു. “അവന്‍ വഴി ശരീരം മുഴുവനും, ഓരോ സന്ധിബന്ധവും അതിന്‍റെ ജോലി നിര‍വഹിക്കത്തക്കവിധം സമന്വയിക്കപ്പെട്ട്, വളരുകയും സ്നേഹത്തില്‍ രൂപപ്പെടുകയും ചെയ്യുന്നു” (എഫേ. 4, 16). അങ്ങനെ സഭയിലെ വിവിധ ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്നവര്‍ സഭൈക്യത്തിന്‍റെ ദൃശ്യവും യഥാര്‍ത്ഥവുമായ അടിത്തറയാകുന്ന പത്രോസിന്‍റെ സ്ഥാനത്തിരിക്കുന്ന പാപ്പായോട് സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നു.

3. പാപ്പായുടെ പ്രേഷിതദൗത്യം
Voce of Cardl. Sodano : Questo e il mio comandament : che vi amiate gli uni gli altri…
“ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍,” എന്ന ക്രിസ്തുവിന്‍റെ അന്ത്യത്താഴ വിരുന്നിലെ ശിഷ്യന്മാരോടുള്ള ആഹ്വാനം ഇത്തരുണത്തില്‍ ശ്രദ്ധേയമാണ് (യോഹ. 15, 12).
ക്രിസ്തു-സ്നേഹത്തിന്‍റെ ആഹ്വാനം ഏശയ്യാ പ്രവാചകന്‍റെ ഗ്രന്ഥത്തില്‍നിന്നുമുള്ള ആദ്യ വായനയിലേയ്ക്കും സഭയിലെ ഇടയസ്നേഹത്തിന്‍റെ അടിസ്ഥാന രൂപത്തിലേയ്ക്കും സ്വഭാവത്തിലേയ്ക്കും നമ്മെ നയിക്കുന്നു. ഈ സ്നേഹമാണ് സഹോദരങ്ങള്‍ക്കായി ആത്മസമര്‍പ്പണംചെയ്യാന്‍ സഭാ ശുശ്രൂഷകരെയും ഓരോ ക്രൈസ്തവനെയും പ്രേരിപ്പിക്കേണ്ടത്. “സ്നേഹിക്കുന്നവര്‍ക്കായ് സ്വജീവന്‍ സമര്‍പ്പിക്കുന്നതിലും വലിയ സ്നേഹമില്ല,” (യോഹ. 15, 12) എന്ന് ക്രിസ്തു പറഞ്ഞുവച്ചിരിക്കുന്നതും ഈ അര്‍ത്ഥത്തില്‍ തന്നെയാണ്.

ഇടയന്‍റെ അടിസ്ഥാന സ്വഭാവമാണ് ആടുകള്‍ക്കായ് ജീവന്‍ സമര്‍പ്പിക്കുക (യോഹ. 10, 15) എന്നത്. അങ്ങനെ ഇടയസ്നേഹം പത്രോസിന്‍റെ പിന്‍ഗാമിയുടെയും ആഗോള സഭാതലവനായ പാപ്പായുടെയും മൂര്‍ത്തരൂപമാണ്. “മറ്റെല്ലാറ്റിനെക്കാളും എന്നെ സ്നേഹിക്കുന്നുവെങ്കില്‍, എന്‍റെ ആടുകളെ മേയ്ക്കുക” എന്നൊരുനാള്‍ ഗലീലിയാ തീരത്തുവച്ച് മുക്കുവ പ്രമുഖനായ പത്രോസിനോട് ദിവ്യഗുരു മൊഴിഞ്ഞ വാക്കുകള്‍ ഇന്നും സഭയില്‍ പ്രതിധ്വനിക്കുന്നു (യോഹ. 21, 15-7).

ക്രിസ്തു സ്നേഹത്തിന്‍റെ പാതയിലെ ശ്രേഷ്ഠ ശുശ്രൂഷകനായിരുന്നു സ്ഥാനത്യാഗിയായ ബനഡിക്ട് 16-മാന്‍ പാപ്പ. മാനവരാശിക്ക് ഉപയുക്തമായ നീതിയുടെയും സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും നിരവധി പദ്ധതികള്‍ ഈ മഹാത്യാഗി പടുത്തുയര്‍ത്തിയിട്ടുണ്ട്. ലോകം പ്രതീക്ഷിക്കുന്ന പുതിയ പാപ്പ മാനവരാശിയുടെ നവോത്ഥാനത്തിനായി അശ്രാന്തം പരിശ്രമിക്കാന്‍ യോഗ്യനാകട്ടെ എന്ന് നമുക്കു പ്രാര്‍ത്ഥിക്കാം.
സ്നേഹ ശുശ്രൂഷയാണ് സഭയുടെ വ്യവസ്ഥാപിത ഘടകവും അനിവാര്യമായ ദൗത്യവും സ്ഥായീ ഭാവവും എന്നാണ് മുന്‍പാപ്പയുടെ വാക്കുകള്‍. വിശുദ്ധ ഇഗ്നേഷ്യസിന്‍റെ വാക്കുകളില്‍, സഭ ക്രിസ്തുവിന്‍റെ സ്നേഹഗേഹമാണ്.
നാം പ്രാര്‍ത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന ആഗോള സഭാ തലവന്‍, പുതിയ പാപ്പ, സനേഹത്തിന്‍റെ ശ്രേഷ്ഠ ശുശ്രൂഷയുടെ ദൗത്യം ഉദാരമായി ഉള്‍ക്കൊള്ളട്ടെ. അപ്പസ്തോലന്മാരുടെ രാജ്ഞിയായ പരിശുദ്ധ കന്യകാനാഥയുടെ മാദ്ധ്യസ്ഥ്യത്തില്‍ ഈ നിയോഗത്തിനായി നമുക്ക് തുടര്‍ന്നും പ്രാര്‍ത്ഥിക്കാം. റോമിലെ സഭയ്ക്കുവേണ്ടി ജീവന്‍ സമര്‍പ്പിച്ച വിശുദ്ധാത്മാക്കളും രക്തസാക്ഷിക്കളും ഇത്തരുണത്തില്‍ നമുക്ക് തുണയാവട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ സൊഡാനോ തന്‍റെ വചനപ്രഘോഷണം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.