2013-03-11 17:23:15

മാധ്യമ പ്രവര്‍ത്തകര്‍ സിസ്റ്റൈന്‍ കപ്പേള സന്ദര്‍ശിച്ചു


11മാര്‍ച്ച്2013, വത്തിക്കാന്‍
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന സിസ്റ്റൈന്‍ കപ്പേളയിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേക സന്ദര്‍ശനം അനുവദിച്ചു. കോണ്‍ക്ലേവിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി മാര്‍ച്ച് 5 മുതല്‍ സിസ്റ്റൈന്‍ കപ്പേളയിലേക്ക് സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല. എന്നാല്‍ കോണ്‍ക്ലേവ് സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുവേണ്ടി ഒരു പ്രത്യേക സന്ദര്‍ശനം അനുവദിക്കുമെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാര്‍ദി അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെയും വൈകീട്ടുമായി മാധ്യമ പ്രവര്‍ത്തകരുടെ വലിയൊരു സംഘമാണ് സിസ്റ്റൈന്‍ കപ്പേള സന്ദര്‍ശിച്ചത്.

ബെഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സ്ഥാനത്യാഗ പ്രഖ്യാപനം മുതല്‍ മാധ്യമപ്രവര്‍ത്തകര്‍ വത്തിക്കാനിലേക്ക് ഒഴുകിയെത്താന്‍ തുടങ്ങിയിരുന്നു. അയ്യായിരത്തിലേറെ അംഗീകൃത മാധ്യമപ്രവര്‍ത്തകര്‍ വത്തിക്കാനില്‍ നിന്നും രേഖാമൂലമുള്ള അനുവാദം വാങ്ങിയിട്ടുണ്ട്. ലോകം മുഴുവനും ആകാംക്ഷയോടെ കാത്തോര്‍ക്കുന്ന വാര്‍ത്തകള്‍ക്കായി കത്തോലിക്കാ, അകത്തോലിക്കാ മാധ്യമങ്ങള്‍ ഒരുപോലെ മത്സരിക്കുകയാണ്.








All the contents on this site are copyrighted ©.