2013-03-11 17:22:52

കോണ്‍ക്ലേവ്: പുക ഉയരുന്നതെപ്പോള്‍?


11മാര്‍ച്ച്2013, വത്തിക്കാന്‍
വത്തിക്കാനിലെ സിസ്റ്റെന്‍ കപ്പേളയില്‍ സ്ഥാപിച്ചിരിക്കുന്ന താല്‍ക്കാലിക ചിമ്മിനിയിലേക്കാണ് ഇപ്പോള്‍ ലോകം മുഴുവന്‍ ആകാംക്ഷയോടെ കണ്ണുകള്‍ ഉയര്‍ത്തുന്നത്. സാര്‍വ്വത്രിക കത്തോലിക്കാ സഭയുടെ 266ാമത് മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് 12ാം തിയതി ചൊവ്വാഴ്ച ആരംഭിക്കും. ലോകമെമ്പാടും നിന്നുള്ള 115 കര്‍ദിനാള്‍മാരാണ് പത്രോസിന്‍റെ പിന്‍ഗാമിയെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് ആദ്യവോട്ടെടുപ്പ്. ചൊവ്വാഴ്ച രാവിലെ കോണ്‍ക്ലേവ് ഔപചാരികമായി ആരംഭിക്കുമെങ്കിലും സമൂഹ ദിവ്യബലിയും, സത്യപ്രതിജ്ഞയും, ധ്യാനപ്രസംഗവു കഴിഞ്ഞ ശേഷം ഒരു വോട്ടെടുപ്പ് മാത്രമേ നടത്തുകയുള്ളൂ. വൊട്ടെണ്ണലിനു ശേഷം കര്‍ദ്ദിനാള്‍മാര്‍ സിസ്റ്റൈന്‍ ചാപ്പലില്‍ നിന്നും പുറത്തു വരുന്നതിനു മുന്‍പേ രേഖപ്പെടുത്തിയ വോട്ടുകള്‍ കത്തിച്ചു കളയണം എന്നാണു നിയമം. വോട്ടെടുപ്പിന്‍റെ ഫലം ചിമ്മിനിയില്‍ നിന്നുയരുന്ന പുകയുടെ നിറത്തില്‍ നിന്നാണ് ലോകം മനസിലാക്കുന്നത്. പുക വെളുത്തതാണെങ്കില്‍ 'പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്തിരിക്കുന്നു', കറുത്തതാണെങ്കില്‍ ‘പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്തിട്ടില്ല.’

ബുധനാഴ്ച മുതല്‍ രാവിലെ രണ്ടു തവണയും വൈകീട്ട് രണ്ടു തവണയും വോട്ടെടുപ്പ് നടക്കും. അതിനാല്‍ ഓരോ വോട്ടെടുപ്പിനും ശേഷമല്ല, രണ്ടു വോട്ടെടുപ്പകള്‍ വീതമുള്ള ഓരോ സെക്ഷനും ശേഷമാണ് വോട്ടുകള്‍ കത്തിക്കുക. തിരഞ്ഞെടുക്കപെടുവാന്‍ ആവശ്യമായ 77 വോട്ട് ആദ്യത്തെ വോട്ടിങ്ങില്‍ ആര്‍ക്കും കിട്ടാതെ വരുകയും ഉടനെ തന്നെ അടുത്ത വോട്ടിങ്ങ് നടക്കുകയുമാണെങ്കിലാണ് ഇപ്രകാരം ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ രാവിലെ 12 മണിയോടെയോ വൈകുന്നേരം 7 മണിയോടെയോ തെരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്ന ‘പുക’ സിസ്റ്റൈന്‍ ചാപ്പലിന്‍റെ ചിമ്മിനിയിലൂടെ പുറത്തുവരും. എന്നാല്‍ രാവിലെത്തെയോ വൈകുന്നേരത്തെയോ ആദ്യ വോട്ടിങ്ങില്‍ തന്നെ പുതിയ പാപ്പയെ തെരഞ്ഞെടുക്കുകയാണെങ്കില്‍ രാവിലെ സമയം 10. 30 നും 11 നും ഇടയ്ക്കോ അഥവാ വൈകുന്നേരം 5. 30 നും 6 നും ഇടയ്ക്കോ വെളുത്ത പുക പ്രതീക്ഷിക്കാമെന്ന് വത്തിക്കാന്‍ വക്താവ് ഫാദര്‍ ലോമ്പാര്‍ദി വിശദീകരിച്ചു.
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നത് കോണ്‍ക്ലെവിന്‍റെ രണ്ടാം ദിവസം ഉച്ചകഴിഞ്ഞുള്ള ആദ്യത്തെ വോട്ടിങ്ങിലായിരുന്നു. അതിനാല്‍ത്തന്നെ ഏകദേശം 5 മണിക്കാണ് വെളുത്ത പുക സിസ്റ്റൈന്‍ ചാപ്പലിന്‍റെ ചിമ്മിനിയിലൂടെ പുറത്തുവന്നത്.
പുതിയമാര്‍പാപ്പ തിരഞ്ഞെടുക്കപ്പെട്ടതിന്‍റെ അടയാളമായി വെളുത്ത പുക ഉയരുന്നതോടെ ദേവാലയ മണികളും മുഴങ്ങും. സിസ്റ്റൈന്‍ കപ്പേളയില്‍ തയ്യാറാക്കിയിരിക്കുന്ന താല്‍കാലിക ചിമ്മിനിയില്‍ നിന്ന് വെളുത്ത പുക ഉയര്‍ന്ന് 45 – 55 മിനിറ്റുകള്‍ക്കു ശേഷമായിരിക്കും പുതിയ മാര്‍പാപ്പയെ ലോകം ദര്‍ശിക്കുകയെന്നും ഫാ. ഫെദറിക്കോ ലൊംബാര്‍ദി അറിയിച്ചു. പ്രോട്ടോഡീക്കന്‍ കര്‍ദിനാള്‍ ഷീന്‍ ലൂയി തൗറാനാണ് 'ഹബെമൂസ് പാപ്പാം' പ്രഖ്യാപനം നടത്തുക.








All the contents on this site are copyrighted ©.