2013-03-11 17:23:53

കോണ്‍ക്ലേവ്, വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍


11മാര്‍ച്ച്2013, വത്തിക്കാന്‍
കോണ്‍ക്ലേവ് എന്താണെന്ന് ശരിയായി മനസിലാക്കാനും പ്രശാന്തമായി അതു ജീവിക്കാനും വിശ്വാസത്തിന്‍റെ വെളിച്ചം കൂടിയേ തീരുവെന്ന് ഫാ.ഫെദറിക്കോ ലൊംബാര്‍ദി. വത്തിക്കാന്‍ വാര്‍ത്താകാര്യാലയത്തിന്‍റേയും വത്തിക്കാന്‍ റേഡിയോയുടേയും മേധാവിയായ ഫാ.ലൊംബാര്‍ദി നല്‍കിയ വാരാന്ത്യ വിചിന്തനത്തിലാണ് ഇപ്രകാരം അഭിപ്രായപ്പെട്ടത്. മനുഷ്യവ്യക്തികളില്‍ ഭരമേല്‍ക്കപ്പെട്ടിരിക്കുന്ന അതിമാനുഷികമായ ഉത്തരവാദിത്വമെന്നാണ് കോണ്‍ക്ലേവിനെ അദ്ദേഹം വിശേഷിപ്പിച്ചത്. സങ്കീര്‍ണ്ണമായ ഒരു സ്ഥാപനം നടത്തിക്കൊണ്ടു പോകുന്നതുപോലെയല്ല സഭാ ഭരണം. പ്രതീക്ഷയോടെയും ചിലപ്പോഴൊക്കെ നിഷേധാത്മക മനോഭാവത്തോടെയും ലോകം മുഴുവനും ഉറ്റു നോക്കുന്ന സമൂഹമാണ് കത്തോലിക്കര്‍. ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന കത്തോലിക്കരുടെ ആത്മീയവും മതപരവും ധാര്‍മികവുമായ യാത്രയ്‍ക്ക് നേതൃത്വം നല്‍കാനുള്ള ഉത്തരവാദിത്വമാണ് സഭയുടെ പരമാധ്യക്ഷനില്‍ നിക്ഷിപ്തമാകുന്നത്. കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് തിരഞ്ഞെടുത്ത കഴിഞ്ഞ രണ്ട് മാര്‍പാപ്പമാര്‍, ജോണ്‍പോള്‍ രണ്ടാമനും, ബെനഡിക്ട് പതിനാറാമനും ലോകത്തിനു നല്‍കിയ അവിസ്മരണീയമായ ജീവിതസാക്ഷൃവും ഫാ. ലൊംബാര്‍ദി തദവസരത്തില്‍ അനുസ്മരിച്ചു. അസാധാരണമാംവിധം സ്ഥാനത്യാഗം നടത്തിക്കൊണ്ട് മറ്റൊരു കോണ്‍ക്ലേവിലേക്ക് കര്‍ദിനാള്‍മാരെ ആനയിച്ച ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും പുതിയ മാര്‍പാപ്പയ്ക്കായി സഭാംഗങ്ങളോടൊത്ത് പരിശുദ്ധാത്‍മാവിനോട് പ്രാര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. “എല്ലാം കാണുന്ന ദൈവാത്മാവേ...അദ്ദേഹം ആരാണെന്ന് ഞങ്ങള്‍ക്കു കാണിച്ചു തരണമേ...”








All the contents on this site are copyrighted ©.